ചെറുപ്പത്തിൽ ഞാനേറ്റവുമധികം ആഗ്രഹിച്ചത് ഒരു ട്രൗസർ ധരിക്കണമെന്നായിരുന്നു. സ്‌കൂളിൽ പഠിക്കുന്ന കാലത്ത് മറ്റുകുട്ടികൾ ഭക്ഷണം കഴിക്കാൻ പോകുമ്പോൾ ഞാൻ വിശന്നുതളർന്ന് ഒറ്റയ്‌ക്കിരിക്കും. ഒരുദിവസം തനിച്ച് ഒരു മുറിയിലിരിക്കുമ്പോൾ ഞാൻ ക്രിസ്‌തുവിനെ കാണുന്നു. അന്ന് എന്റെ കൊച്ചുമനസ്സിൽ കടന്നുകൂടിയ ഒരു അറിവുണ്ട്; ഏറ്റവും വലിയ ദരിദ്രർ ഞാനും ക്രിസ്‌തുവുമാണെന്ന്. ഞാൻ ക്രിസ്‌തുവിനെ സ്‌നേഹിക്കുന്നു. എന്നിരുന്നാലും ഞാനൊരു മതവിശ്വാസിയല്ല.
നമ്മുടെ എഴുത്തുകാരിൽ ഏറ്റവുമധികം പീഡിപ്പിക്കപ്പെട്ടയാളാണ് കുമാരനാശാൻ. സ്വന്തം സമുദായത്തിൽനിന്നുപോലും അദ്ദേഹം പീഢനമേറ്റുവാങ്ങി. അദ്ദേഹത്തിന്റെ പീഡനം എന്റെയും കൂടിയെന്ന് ഞാൻ വിശ്വസിക്കുന്നു. ആശാന്റെ ജീവിതം ആസ്‌പദമാക്കി നോവലെഴുതാൻ എന്നെ പ്രേരിപ്പിച്ച ഘടകം ഇതായിരിക്കണം. കഴിഞ്ഞ മൂന്നാലുവർഷമായി ഞാൻ അതിന്റെ ധ്യനത്തിലാണ്. വളരെ കഠിനമായൊരു പ്രയത്‌നമാണത്. അതിന്റെ രചനയിലേർപ്പെടുമ്പോഴൊക്കെ ചിലപ്പോഴെനിക്ക് ഭ്രാന്തുപിടിക്കുമോയെന്ന് ഭയപ്പെടാറുണ്ട്. ആ നിമിഷങ്ങളിൽ ഞാൻ ശിവഗിരിയിലും തോന്നയ്‌ക്കലുമൊക്കെപ്പോയി പകലും രാത്രിയുമിരിക്കും.
ബഷീറും ഇവിടെ ഏറെ പിച്ചിച്ചീന്തപ്പെട്ടു. പക്ഷെ അദ്ദേഹം പ്രതികരിച്ചില്ല. ബഷീറിന്റെ കാലത്തിൽനിന്നും ഒരു നൂറ്റാണ്ടെങ്കിലും ഇപ്പുറത്തുനില്‌ക്കുന്ന ഈ പാവപ്പെട്ട ഞാനും എഴുത്തുകാര്യത്തിൽ പലരാൽ പീഡിപ്പിക്കപ്പെട്ടിട്ടുണ്ട്. എന്റെമേൽ വിമർശനശരങ്ങൾ തെരുതെരെ പെയ്‌തപ്പോഴും ഞാൻ ചിരിച്ചു കൊണ്ടിരുന്നതേയുളളു.
എന്തിനാണ് എഴുത്തുകാർ അസൂയപ്പെടുന്നത്? ഞാനാരോടും അസൂയപ്പെടാറില്ലല്ലോ! ഞാൻ അംഗീകരിക്കപ്പെടുന്നതും, എന്റെ പുസ്‌തകങ്ങൾ പല പതിപ്പുകളിറങ്ങി പതിനായിരക്കണക്കിന് കോപ്പികൾ വില്‌ക്കപ്പെടുന്നതും എന്റെ കുറ്റംകൊണ്ടാണോ? എനിക്ക് കഞ്ഞി കുടിക്കാനുണ്ടാകുന്നതും കിടക്കാനിടമുണ്ടായതുമൊക്കെ അക്ഷരത്തിൽനിന്നാണ്. ഞാൻ വന്നവഴി അത്ര സുഗമമായിരുന്നില്ല. അങ്ങനെയൊരുവൻ ഇവിടെ ജീവിച്ചുപോകുന്നതിൽ എന്തിന് അസൂയപ്പെടണം?
Generated from archived content: essay3_may.html Author: perumbadavam_sreedharan
Click this button or press Ctrl+G to toggle between Malayalam and English