സ്വകാര്യസംഭാഷണത്തിലെ എന്റെ പരാമർശം കഴിഞ്ഞലക്കം ഉൺമയിൽ ഉദ്ധരിച്ചത് ചിലർക്കെങ്കിലും തെറ്റിദ്ധാരണയുണ്ടാക്കിയേക്കാം എന്ന് ആശങ്കിക്കുന്നു. മുമ്പൊരിക്കൽ ഒരു അവാർഡ് സാദ്ധ്യത തെളിഞ്ഞുവന്നതും നിരാകരിക്കപ്പെട്ടതും അക്കാദമി അവാർഡിന്റെ പരിഗണനയിൽ പെടുന്നതല്ല. പ്രശസ്‌തമായ മറ്റൊരു അവാർഡിന്റെ കാര്യമാണത്.
റിസർവേഷനില്ലാത്ത ഒരു മേഖലയാണ് കലയും സാഹിത്യവും സംഗീതവും. അവിടെ ദളിതർ അംഗീകരിക്കപ്പെട്ടതിന്റെ തെളിവാണ് കലാഭവൻ മണിയും മോഹൻ സിതാരയും ലെനിൻ രാജേന്ദ്രനും നെയ്യാറ്റിൻകര വാസുദേവനുമൊക്കെ. നാരാണന്റെ ‘കൊച്ചരേത്തി’ മുമ്പ് നോവലിനുളള അക്കാദമി അവാർഡ് നേടിയതാണല്ലോ. സാഹിത്യത്തിൽ ഒരു റിസർവേഷനും വേണ്ടതില്ല. എനിക്ക് പ്രോത്സാഹനം തരുന്ന കാര്യത്തിൽ എന്നും മുഖം കറുപ്പിച്ചുനിന്നത് ദളിത് സമൂഹംതന്നെയാണെന്ന് പറയാതിരിക്കാനാവുന്നില്ല. (ഞാനവരോട് ക്ഷമിക്കുന്നു.) എന്റെയൊരു സാഹിത്യകൃതിയെക്കുറിച്ച് തലസ്ഥാനത്ത് നടന്ന സാഹിത്യചർച്ചയിൽ ദളിതനല്ലാത്ത വി.ഐ.പി അവതരിപ്പിച്ച അഭിപ്രായം ഉൺമ പത്രാധിപർ ശ്രദ്ധിച്ചതാണല്ലോ. അന്നെനിക്കുണ്ടായ നൊമ്പരത്തിനു ലഭിച്ച മധുരപ്രതികാരമാണ് അക്കാദമി അവാർഡ്. ഏകലവ്യന്റെ മനസ്സോടെയാണ് ഞാൻ സാഹിത്യം അഭ്യസിച്ചത്. പഠിച്ച് ഉദ്യോഗം നേടിയതിൽ എന്റെ കഠിനാധ്വാനത്തിന് വലിയ പങ്കുണ്ട്. ഒരു കത്തുകേസിൽ എന്നെ കുടുക്കി ആറരവർഷം ക്രൂരമായി പീഡിപ്പിച്ച് നശിപ്പിക്കാൻ ചിലർ ശ്രമിച്ചു. അവിടെയും നീതിപീഠം എന്റെ സഹായത്തിനെത്തി. ഭരണകാര്യത്തിൽ ഞാനെത്രമാത്രം ശോഭിച്ചിരുന്നുവെന്ന് കാസർകോട്ട് ജില്ലാകളക്‌ടറായിരുന്നപ്പോൾ എന്നോടൊപ്പം പലദിവസങ്ങൾ കഴിച്ചുകൂട്ടിയ ഉൺമ പത്രാധിപർക്കും ബോധ്യമുളളതാണ്.
അസഹിഷ്‌ണുക്കളും അസൂയാലുക്കളും അവർണ്ണ-സവർണ്ണ ഭേദമന്യേ എല്ലാ സമൂഹത്തിലുമുണ്ട്. എന്റെ അവാർഡ് ലബ്‌ധി ഇവരിൽ ചിലർക്കാണ് വിഷമമുണ്ടാക്കിയിട്ടുളളത്. എന്റെ പരാമർശത്തിൽ ഒരിക്കൽപോലും പ്രതിലോമപരമായ ഒരു സമുദായവത്‌കരണം ഉദ്ദേശിച്ചിട്ടില്ലെന്ന് വ്യക്തമാക്കാനാണീ കുറിപ്പ്.
Generated from archived content: essay4_aug13_05.html Author: pc_sanalkumar