പ്രസംഗം – അധികപ്രസംഗം

ഹിയർവിളികളും കൈയടിയും നേടുന്ന വാഗ്മികളാവുക പലരുടെയും മോഹമാണ്‌. സുകുമാർ അഴീക്കോടും, ആർ.ബാലകൃഷ്‌ണപിളളയും, അബ്‌ദുൾസമദ്‌ സമദാനിയും അവർക്കു പ്രിയങ്കരരാവുന്നത്‌ ‘വ്യക്തിരാഷ്‌ട്രീയ’ താല്‌പര്യങ്ങൾക്കുപരി അവരുടെ വാഗ്വൈഭവം കൊണ്ടാണ്‌. പദങ്ങൾകൊണ്ട്‌ അമ്മാനമാടാനുളള കഴിവ്‌ കാമ്പസ്സുകളിൽ തങ്ങളുടെ ഇമേജ്‌ വർദ്ധിപ്പിക്കുമെന്ന്‌ വിദ്യാർത്ഥികൾക്കുമറിയാം. രാഷ്‌ട്രീയ-തെരഞ്ഞെടുപ്പ്‌ വേദികളിൽ ഷൈൻചെയ്യാൻ വാക്‌ധോരണിതന്നെ പ്രധാനം. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ മൂന്നിലൊന്നു സ്‌ത്രീസംവരണം ‘പ്രസംഗം’ അഭ്യസിക്കേണ്ട അവസ്ഥയിലേക്ക്‌ സ്‌ത്രീകളെയും എത്തിച്ചിരിക്കുന്നു. മത-സാമുദായിക മണ്ഡലങ്ങളിലും പ്രഭാഷണങ്ങളിലൂടെ അണികളെ ആവേശം കൊളളിക്കുന്നവർക്കാണ്‌ കൂടുതൽ ഡിമാന്റ്‌. എന്നാൽ തങ്ങളുടെ പ്രസംഗവൈഭവം പാവം ശ്രോതാവിനെ വധിക്കാനുളള ഒരായുധമാക്കി മാറ്റുന്നു ഇന്നു പലരും. പ്രസംഗം ഒരു കലയാണ്‌. ‘മിതംച സാരം ച വചോഹി വാഗ്മിത’ എന്നാണ്‌ പ്രമാണം. മിതവും സാരവുമായി സംസാരിക്കുന്നവനാണ്‌ വാഗ്മി. ഇത്തരമൊരു വാഗ്മിക്കുമാത്രമെ പ്രസംഗത്തെ ഒരു കലയാക്കി മാറ്റാനാവൂ. ഇന്നത്തെ പ്രസംഗകരിൽ പലരും പ്രസംഗം ‘കൊല’യാക്കി മാറ്റുന്നവരാണ്‌. മൈക്കു കിട്ടിയാൽ സഹപ്രസംഗകരുടെ നീണ്ടനിരയോ, ശ്രോതാക്കളുടെ എണ്ണമോ, അവരുടെ താത്‌പര്യമോ ഒന്നും നോക്കാതെ മണിക്കൂറുകളോളം സംസാരിക്കുന്നവരുണ്ട്‌. ശ്രോതാക്കളുടെയും സംഘാടകരുടെയും ക്ഷമയെ പരീക്ഷിക്കുന്നവരാണിവർ. ഇത്തരക്കാരെക്കുറിച്ചുളള സാഹിത്യവാരഫലം എം.കൃഷ്‌ണൻനായരുടെ അഭിപ്രായം ശ്രദ്ധേയമാണ്‌; ‘ഇരുപതുമിനിറ്റിലധികം പ്രസംഗിക്കരുത്‌. അതിലധികം പ്രസംഗിക്കണമെന്നുളളവർ എഴുതുക, ആവശ്യക്കാർ വായിച്ചോളും. ഇരുപതുമിനിറ്റിലധികം പ്രസംഗിച്ചാൽ ആദ്യം വിനയത്തോടെ പ്രസംഗം നിറുത്താൻ ആവശ്യപ്പെടണം. അതു കേട്ടില്ലെങ്കിൽ ഏതുമാർഗ്ഗമുപയോഗിച്ചും പ്രസംഗകനെ വേദിയിൽനിന്ന്‌ ഇറക്കാമെന്നാണ്‌’ നർമ്മംകലർന്ന ഗൗരവത്തിൽ കൃഷ്‌ണൻനായർസാർ ഉപദേശിക്കുന്നത്‌. ‘ടേബിൾ മാനേഴ്‌സ്‌’ എന്നു പറയുന്നതുപോലെ, ‘സ്‌റ്റേജ്‌ മാനേഴ്‌സ്‌’ കാണിക്കാൻ പ്രസംഗകൻ തയ്യാറാവണം. അനാവശ്യമായ അലങ്കാരകല്‌പനകളിലൂടെ തന്റെ പ്രസംഗപാടവം തെളിയിക്കാൻ ശ്രമിക്കുന്ന സ്വാഗതപ്രസംഗകനും സ്വയം നിയന്ത്രണത്തിനു വിധേയനാവണം. ഇത്തരക്കാർ മുഖ്യാതിഥിയുടെ വിലയേറിയ സമയം നഷ്‌ടപ്പെടുത്തുകയും, അദ്ദേഹത്തിന്റെ പ്രസംഗം കേൾക്കാനെത്തിയവരെ അലോസരപ്പെടുത്തുകയും ചെയ്യുന്നവരാണ്‌.

Generated from archived content: essay5_aug13_05.html Author: pazhakulam_subhash

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here