എന്താണ് താൻ ചെയ്ത അപരാധമെന്ന് എത്രയാലോചിച്ചിട്ടും അവൾക്ക് മനസ്സിലായില്ല. തന്റെ തലയെടുക്കുവാൻ പാഞ്ഞടുക്കുന്നവരുടെ കണ്ണുകളിൽ കത്തിയെരിയുന്ന അഗ്നിയുടെ ഉറവിടം എവിടെയാണെന്നും അവൾക്കറിയില്ലായിരുന്നു. വെറുക്കപ്പെട്ടവളെന്നു മുദ്രകുത്തി ഇരുളിലേക്ക് വലിച്ചെറിയപ്പെട്ടപ്പോഴും അവളുടെ ഉള്ളിൽ ദൈവത്തെക്കുറിച്ചുള്ള വിലാപങ്ങളായിരുന്നു. ഏകാന്തതയുടെ തടവറയിലിരുന്നുകൊണ്ട് അവൾ ദൈവവുമായി സംവദിച്ചു.
“അർത്ഥമറിയാതെ ഉരുവിട്ട വേദവാക്യങ്ങളുടെ പൊരുൾ എന്താണെന്ന് ചോദിച്ചതാണോ ഞാൻ ചെയ്ത തെറ്റ്?”
ദൈവം നിശബ്ദനായിരുന്നു.
അറിവിന്റെ വിശാലമായ ലോകത്തിലേക്ക് കണ്ണും കാതും തുറന്നുവച്ചതാണോ ഞാൻ ചെയ്ത അപരാധം?“
അപ്പോഴും ദൈവം നിശ്ശബ്ദനായിരുന്നു. ദൈവത്തിന്റെ നിശ്ശബ്ദത അവളെ വേദനിപ്പിച്ചു. അവൾ തന്റെ പേനയെടുത്തു ദൈവത്തിനു മുന്നിലേക്കു വെച്ചുകൊണ്ട് പറഞ്ഞു. ”ഇതങ്ങുതന്നെ എടുത്തുകൊള്ളുക. അങ്ങനെ അറിവിന്റെ നാളങ്ങൾ അണയട്ടെ. ഈ പ്രപഞ്ചം അങ്ങയുടെ പേരിൽ അന്ധകാരത്തിൽ തന്നെ കഴിയട്ടെ…“
അവൾ വിങ്ങിപ്പൊട്ടി. ദൈവം അവളെ ആശ്വസിപ്പിച്ചുകൊണ്ട് തന്റെ നിശ്ശബ്ദതയെ ഭഞ്ജിച്ചു. ”ഞാനാണ് ശരി. അത് നീ അറിയുക…“
അവൾ ദൈവത്തിന്റെ കൈകളിലേയ്‌ക്ക് തലചായ്‌ച്ചു. ‘ഫത്‌വ’യുടെ കൊലവിള അപ്പോഴും അവൾക്ക് കേൾക്കാമായിരുന്നു.
Generated from archived content: story1_novem5_07.html Author: pathiur_shaji