വി.വി. രാഘവൻഃ ആദർശത്തിന്റെ ആൾരൂപം

കമ്മ്യൂണിസ്‌റ്റ്‌ പ്രസ്ഥാനത്തിനുവേണ്ടി ആത്മാർപ്പണത്തോടെ സേവനമനുഷ്‌ഠിച്ച, ‘ആദർശത്തിന്റെ ആൾരൂപം’ എന്ന്‌ രാഷ്‌ട്രീയ എതിരാളികൾപോലുമ വിശേഷിപ്പിക്കുന്ന വി.വി. രാഘവൻ ഒക്‌ടോബർ 27ന്‌ നമ്മോടു വിട പറഞ്ഞു. പ്രത്യയശാസ്‌ത്രങ്ങൾപോലും വില്‌പനച്ചരക്കായി മാറിയ ഈ കാലഘട്ടത്തിൽ ഉത്തമനായ ഒരു കമ്മ്യൂണിസ്‌റ്റുകാരനായി ജീവിച്ചു എന്നതാണ്‌ അദ്ദേഹത്തെ മറ്റ്‌ രാഷ്‌ട്രീയക്കാരിൽനിന്നും വ്യത്യസ്‌തനാക്കുന്നത്‌.

മൂല്യങ്ങളും ആദർശബോധവും നിറഞ്ഞു നില്‌ക്കുന്ന അന്തരീക്ഷത്തിലാണ്‌ വി.വി വളർന്നത്‌. തൃശൂർ, ചേലക്കോട്ടുകര വലിയപറമ്പിൽ വേലപ്പൻ-പാറുക്കുട്ടി ദമ്പതികളുടെ മകനായി 1923 ജൂൺ 23-ന്‌ ജനിച്ച വി.വി. രാഘവൻ ഉത്തരവാദഭരണപ്രക്ഷോഭവുമായി ബന്ധപ്പെട്ടാണ്‌ പൊതുരംഗത്ത്‌ വന്നത്‌. പിന്നീട്‌ സോഷ്യലിസ്‌റ്റ്‌ പാർട്ടിയിലും, തുടർന്ന്‌ കമ്മ്യൂണിസ്‌റ്റു പാർട്ടിയിലുമെത്തി. രണ്ടുതവണ എം.എൽ.എയും, മൂന്നുതവണ എം.പിയും ഒരുതവണ മന്ത്രിയുമായി. സി.പി.ഐയുടെ ദേശീയനേതാവുമായിരുന്നു. കേരളം കണ്ട മികച്ച കൃഷിവകുപ്പു മന്ത്രിമാരിലൊരാളായ വി.വി. ലാളിത്യവും വിനയവും സമയനിഷ്‌ഠയും പാലിച്ച്‌ സാമാന്യജനങ്ങൾക്ക്‌ പ്രിയങ്കരനായി. ജീവിതത്തിന്റെ സമസ്‌തമേഖലകളിലും വ്യത്യസ്‌തത പുലർത്തിയിരുന്ന അദ്ദേഹത്തിന്റെ സ്വഭാവവൈശിഷ്‌ട്യം സമാരാദ്ധ്യമായിരുന്നു.

മികച്ച പാർലമെന്റേറിയനും, സംഘാടകനും, മുന്നണിപ്പോരാളിയുമായിരുന്ന വി.വി കുടുംബബന്ധങ്ങൾക്ക്‌ ഏറെ വിലകല്‌പിച്ചിരുന്നു. പദവിയും, പ്രശസ്‌തിയും അദ്ദേഹത്തെ സാധാരണക്കാരിൽനിന്നകറ്റിയിരുന്നില്ല, ലഹരിപിടിപ്പിച്ചുമില്ല.

എഴുത്തുകാരനെന്ന നിലയിലും സവിശേഷമായ വ്യക്തിത്വമാണ്‌ വി.വി പുലർത്തിയിരുന്നത്‌. പ്രസംഗത്തിലെന്നപോലെ രചനയിലും ലളിതമായ ഭാഷയിൽ ആശയങ്ങൾ യുക്തിയുക്തമായി അദ്ദേഹം പ്രതിപാദിച്ചിരുന്നു. ഫുട്‌ബോൾ പ്രേമികൂടിയായിരുന്നു വി.വി.

ആദർശധീരനായ വി.വിയെപ്പറ്റി ഏറെ കേട്ടിരുന്നുവെങ്കിലും ഞാൻ അദ്ദേഹത്തെ പരിചയപ്പെടുന്നത്‌ തികച്ചും യാദൃച്ഛികമായിട്ടായിരുന്നു. ജോലി അന്വേഷിച്ചുളള മദിരാശി യാത്രയ്‌ക്കിടയിൽ. നിയമസഭാ സമ്മേളനം കഴിഞ്ഞ്‌ മദ്രാസ്‌ മെയിലിൽ വി.വി.രാഘവൻ എം.എൽ.എ സ്ലീപ്പർ ക്ലാസിൽ തൃശൂരിലേക്ക്‌ പോകുന്നു.

ചെങ്ങന്നൂരിൽനിന്നും മദ്രാസ്‌ മെയിലിൽ കയറിയപ്പോൾ ഞാൻ റിസർവ്‌ ചെയ്‌തിരുന്ന സീറ്റിൽ അദ്ദേഹം ഇരിക്കുന്നുണ്ടായിരുന്നു. “ഞാനുംകൂടി ഇരിക്കുന്നതിൽ ബുദ്ധിമുട്ടില്ലല്ലോ. ഞാൻ തൃശൂർവരേയുളളൂ” എന്ന്‌ പറയുന്നത്‌, മന്ത്രിപദത്തിൽ നിന്നിറങ്ങി എം.എൽ.എ ആയി പ്രവർത്തിക്കുന്ന സഖാവ്‌ വി.വി.രാഘവനാണ്‌ അദ്ദേഹമെന്ന്‌ എനിക്ക്‌ വിശ്വസിക്കുവാൻ കഴിഞ്ഞില്ല. അധികാരത്തിന്റെ അകത്തളങ്ങളിലും ഒരാൾക്ക്‌ സാധാരണക്കാരനായിരിക്കുവാൻ കഴിയുമെന്ന്‌ എനിക്കപ്പോൾ ബോധ്യമായി. ഹ്രസ്വമായ ആ തീവണ്ടിയാത്രയിൽ തുടങ്ങിയ ബന്ധം അദ്ദേഹത്തിന്റെ മരണംവരെയും ഒരച്ഛനോടെന്നപോലെയുളള സ്‌നേഹാദരങ്ങളോടെ എനിക്ക്‌ നിലനിർത്തുവാനായി.

വിമലച്ചേച്ചി-വി.വിയുടെ മകൾ-പലപ്പോഴും പറയുമായിരുന്നു. “ആരോടും അത്രകണ്ട്‌ അടുക്കാത്ത അച്ഛൻ സുരേഷിനോടും കുടുംബത്തോടും കാണിക്കുന്ന അടുപ്പം കാണുമ്പോൾ അത്ഭുതം തോന്നുന്നു.” എന്റെ മോൾ മൈഥിലിയുടെ ‘അരഞ്ഞാണംകെട്ടിന്‌’ കുഞ്ഞുടുപ്പും സോപ്പും പൗഡറുമൊക്കെ വാങ്ങി വി.വി വന്നപ്പോൾ അദ്ദേഹത്തിന്റെ ഭാര്യ സത്യഭാമയും അതുതന്നെ പറഞ്ഞു. എം.പി ആയി ഡെൽഹിയിലെ ജൻപഥിൽ താമസിക്കുമ്പോഴും എനിക്ക്‌ അദ്ദേഹവുമായി അടുത്ത ബന്ധം പുലർത്തുവാനായി. ദേശീയ രാഷ്‌ട്രീയത്തിൽ അദ്ദേഹം സജീവമായിരുന്ന അവസാന കാലഘട്ടത്തിൽപോലും, മദ്രാസിലെത്തുമ്പോഴൊക്കെ ഒരച്ഛന്റേതുപോലുളള സ്‌നേഹവാത്സല്യങ്ങളോടെ ഞങ്ങളുടെയടുത്ത്‌ ഓടിയെത്തുമായിരുന്നു അദ്ദേഹം. അവസാനദിവസങ്ങളിൽ തൃശൂരിലെ ഹൈടെക്‌ ആശുപത്രിയിൽ അദ്ദേഹം കഴിയുമ്പോൾ ഒരിത്തിരി വെളളം കോരിക്കൊടുക്കുവാനെങ്കിലും കഴിഞ്ഞതിൽ ഞാൻ കൃതാർത്ഥനാണ്‌.

നന്മകൾ ഒന്നൊന്നായി പെയ്‌തൊഴിയുന്ന ഈ ഊഷരകാലത്തും, ലളിതമായ പെരുമാറ്റം കൊണ്ടും സ്‌നേഹം കൊണ്ടും ആദർശധീരതകൊണ്ടും ഹൃദയങ്ങളെ കീഴടക്കിയ ആ വിപ്ലവകാരിയുടെ ആത്മജ്വാല അണഞ്ഞു. അദ്ദേഹത്തിന്റെ വിശുദ്ധമായ സ്‌മരണയ്‌ക്കുമുന്നിൽ പ്രണമിക്കുന്നു.

(ചെന്നൈയിൽ കേന്ദ്ര സർക്കാർ സർവ്വീസിൽ എൻജിനീയറും സാംസ്‌കാരിക പ്രവർത്തകനുമാണ്‌ പി.എ.സുരേഷ്‌കുമാർ)

Generated from archived content: essay10_jan.html Author: pa_sureshkumar

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here