അമ്പിളിക്കുഞ്ഞും മയക്കമായീ, മേലേ
അന്തിമുകിലിന്റെ പൂമ്പട്ടു തൊട്ടിലിൽ
അമ്പിളിക്കുഞ്ഞും മയക്കമായീ…
നീരാഴി നീന്തിവരുന്ന കാറ്റേ! -യങ്ങു
ദൂരെയെൻ മൺപുര കണ്ടുവോ നീ?
മൺപുരയ്‌ക്കുള്ളിലെ തൊട്ടിലിൽ കൈവിര-
ലുണ്ടെൻ മണിക്കുഞ്ഞുറക്കമായോ?
അക്കുഞ്ഞിന്നച്ഛനെക്കാണാനുഴറുന്നൊ-
രമ്മതൻ താരാട്ട് കേട്ടുവോ നീ?
മുറ്റത്തെത്തൈമാവിൽ രാക്കിളി തേങ്ങിയോ
എത്തിയില്ലേ ഇണപ്പക്ഷിയിന്നും?
മാവിലെപ്പൂത്തിരിത്തേനുരുകുന്നുവോ,
ഈ മരുഭൂവിലെൻ പ്രാണൻ പോലെ?
ചുട്ടുപൊള്ളും മണലാഴിയിലൂടെയൊ-
രൊട്ടകം പോലെ ഞാൻ നീന്തിടുന്നു.
ഓരോ പകലും ഇരവും ജപമണി-
പോലെണ്ണിയെണ്ണി ഞാൻ നീക്കിടുന്നു;
നല്ലിളന്നീരിന്റെ നാടുകാണാ,നെന്റെ
ചെല്ലക്കിളിക്കൂട്ടിൽ വീണ്ടുമെത്താൻ!
അന്തിമുകിൽത്തൊട്ടിലാരഴിയൂ? മേലേ
അമ്പിളിക്കുഞ്ഞ് നിലത്തിഴഞ്ഞൂ…
അക്കരെയെൻ കുഞ്ഞിഴഞ്ഞു കളിക്കുന്ന-
തിക്കരെ നിന്നു ഞാൻ കാണും പോലെ…!
Generated from archived content: poem18_novem5_07.html Author: onv