കരിങ്ങാലിപ്പുഞ്ച കരയാകുന്നുവോ?

ആലപ്പുഴ ജില്ലയുടെ കിഴക്കേയറ്റത്താണ്‌ പാലമേൽ പഞ്ചായത്ത്‌. (പാലമേൽ, നൂറനാട്‌ പഞ്ചായത്തുകളിൽപെട്ട പ്രദേശങ്ങൾ പൊതുവായി നൂറനാട്‌ എന്നാണ്‌ അറിയപ്പെടുന്നത്‌.) പാലമേൽ പഞ്ചായത്തിൽപെട്ട ഉളവുക്കാട്‌-കുടശ്ശനാട്‌ വാർഡുകളിൽ കിടക്കുന്ന വിശാലമായ കരിങ്ങാലിപ്പുഞ്ച നികത്തുന്നതിനുളള കരുനീക്കമാരംഭിച്ചിരിക്കുന്നു. സ്വകാര്യവ്യക്തികളുടെ ഉടമസ്ഥതയിലുളള ഇവിടുത്തെ ഏക്കർകണക്കിന്‌ പാടശേഖരത്തിലേറെയും ഏതോ അജ്ഞാതവ്യക്തിയുടെ പേരിൽ ആധാരമെഴുതിക്കഴിഞ്ഞു. വളരെ വൈകി ഈ സംഭവമറിഞ്ഞ ശാസ്‌ത്രസാഹിത്യപരിഷത്ത്‌ തുടങ്ങിയ സാംസ്‌കാരിക സംഘടനകളും വിവിധ രാഷ്‌ട്രീയ പ്രസ്ഥാനങ്ങളും ഇതിനെതിരെ സമരപരിപാടികളുമായി രംഗത്തെത്തിയിട്ടുണ്ട്‌. വൻതോതിലുളള പാരിസ്ഥിതിക പ്രശ്‌നങ്ങൾക്ക്‌ കാരണമാകുന്നതാണ്‌ കരിങ്ങാലിപ്പുഞ്ചയുടെ തിരോധാനം. ഏതാണ്ട്‌ 460 ഹെക്‌ടറുളള പാടശേഖരം വാങ്ങി നികത്തുന്നത്‌ മെഡിക്കൽകോളേജിനുവേണ്ടിയാണെന്നും, ഔഷധനിർമ്മാണശാലയ്‌ക്കുവേണ്ടിയാണെന്നും, റിയൽ എസ്‌റ്റേറ്റിനുവേണ്ടിയാണെന്നും, എണ്ണപ്പന കൃഷിക്കാണെന്നുമൊക്കെയുളള അഭ്യൂഹങ്ങളുണ്ട്‌.

കരിങ്ങാലിപ്പുഞ്ച നികത്തിയാലുണ്ടാകുന്ന അപകടങ്ങൾ

1. കാർഷിക പ്രതിസന്ധി രൂക്ഷമാകും.

2. പാലമേൽ, നൂറനാട്‌ പ്രദേശത്തെ ഭൂഗർഭജലത്തിന്റെ പ്രധാന സ്രോതസ്സാണ്‌ കരിങ്ങാലി-പെരുവേലിച്ചാൽ പുഞ്ചകൾ. ഇവ നികത്തപ്പെട്ടാൽ ഭൂഗർഭജലത്തിന്റെ തോത്‌ കുറയുകയും രൂക്ഷമായ കുടിവെളളക്ഷാമം ഉണ്ടാവുകയും ചെയ്യും.

3. പാലമേൽ പഞ്ചായത്തിലെ ഉളവുക്കാട്‌, മറ്റപ്പളളി, കുടശ്ശനാട്‌, കഞ്ചുകോട്‌ മുതലായ പ്രദേശങ്ങളിൽ പെയ്യുന്ന മഴവെളളം ഒഴുകിയെത്തി തങ്ങിനില്‌ക്കുന്നത്‌ കരിങ്ങാലിപ്പുഞ്ചയിലാണ്‌. ഇത്‌ തടസ്സപ്പെട്ടാൽ ജനങ്ങൾ വസിക്കുന്ന മറ്റ്‌ താഴ്‌ന്ന പ്രദേശങ്ങൾ ശക്തമായ വർഷകാലത്ത്‌ വെളളത്തിനടിയിലായേക്കാം.

4. മഴക്കാലത്ത്‌ അച്ചൻകോവിലാറിന്റെ ജലനിരപ്പ്‌ ഉയരുമ്പോൾ അധികമാകുന്ന വെളളം ഐരാണിക്കുടി സ്‌പിൽവേ വഴി കരിങ്ങാലി-പെരുവേലിച്ചാൽ പുഞ്ചയിൽ എത്തുന്നതുകൊണ്ട്‌ അച്ചൻകോവിലാറിന്റെ തീരപട്ടണമായ പന്തളം വെളളത്തിനടിയിലാകാനുളള സാധ്യത കുറയുന്നു. പുഞ്ച നികത്തിയാൽ ഈ സാധ്യതയ്‌ക്ക്‌ മങ്ങലേലയ്‌ക്കും.

5. വിസ്‌തൃതമായ പുഞ്ച നികത്തണമെങ്കിൽ ഉയർന്ന തോതിലുളള മണ്ണ്‌ ആവശ്യമാണ്‌. ഇത്രയധികം മണ്ണ്‌ ലഭിക്കാൻ സമീപപ്രദേശങ്ങളിലുളള മലകൾ വാങ്ങി അവ മാന്തിമറിച്ച്‌ നിലം നികത്തേണ്ടിവരും. പാലമേൽ, നൂറനാട്‌, പന്തളം പഞ്ചായത്ത്‌ പ്രദേശങ്ങളുടെ പാരിസ്ഥിതിക സന്തുലനം പാടേ നശിപ്പിക്കലാവും ഇത്‌.

ഈ സംരംഭം അനുവദിക്കാവുന്ന ഒന്നല്ല. എല്ലാ ഭാഗത്തുനിന്നും ഇതിനെതിരെ ശക്തമായ പ്രതിരോധനീക്കമുണ്ടാകണം.

Generated from archived content: nov_essay5.html

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English