മുഖം നഷ്‌ടമാകുന്ന കാലം

നമുക്കൊക്കെ ഭംഗിയുളെളാരു മുഖമുണ്ടെന്ന്‌ ആശ്വസിച്ചിട്ടെന്താ കാര്യം! നിത്യേന അറിയുകയും കാണുകയും ചെയ്യുന്ന യാഥാർത്ഥ്യങ്ങൾ എല്ലാ മുഖങ്ങളെയും വികൃതമാക്കുന്നതാണല്ലോ.

കേരളത്തിലെ രാഷ്‌ട്രീയമണ്ഡലവും ഭരണരംഗവും ഇത്രമാത്രം ചീഞ്ഞുനാറിയ മറ്റൊരു കാലഘട്ടം മുമ്പുണ്ടായിട്ടില്ല. രാഷ്‌ട്രീയപ്രവർത്തകരുടെ ‘കൂത്തും കൂടിയാട്ടവും’ നമ്മുടെ കാലഘട്ടത്തെ അടിമുടി അശുദ്ധമാക്കിക്കഴിഞ്ഞു. പല്ലുകൊഴിഞ്ഞ കരുണാകരനും മന്ദബുദ്ധിക്കു ബദലായ മകനും അധികാരക്കൊതിയിളകിയ മകളും അവരുടെ കൂട്ടാളികളും കൂടി തെരുവിലിറങ്ങി തെറിവിളിക്കുമ്പോൾ, കുളളന്റെ കളളമുളള ആന്റണിയും കൂട്ടരും കസേര കളയാതെ മറുവിളി വിളിക്കുന്നു. ആന്റണിയുടെ കഥകഴിക്കാൻ ഏത്‌ അവിഹിത കൂട്ടുകെട്ടിനും കച്ചകെട്ടിയിറങ്ങിയിട്ടുളള എൽ.ഡി.എഫ്‌ കക്ഷികളുടെ പ്രകടനം ലജ്ജയുണ്ടാക്കുന്നു.

ഒന്നു ചോദിക്കട്ടെ; കേരളത്തിലെ എല്ലാ കക്ഷികളിലുംപെട്ട നേതാക്കന്മാർ ചെളിക്കുണ്ടിലിറങ്ങിനിന്ന്‌ ഗോഷ്‌ടി കാട്ടുമ്പോൾ എന്തേ ഇവിടുത്തെ സമ്മതിദായകർ കൊടിയുടെ നിറം പരിഗണിക്കാതെ പ്രതികരിക്കുന്നില്ല? സാഹിത്യ സാംസ്‌കാരിക പ്രമുഖരുടെ നാവിപ്പോൾ പൊങ്ങുന്നുമില്ലല്ലോ! ചോദ്യംചെയ്യാൻ ഗുരുകാരണവന്മാരും തന്തതളളമാരും ഇല്ലാത്തതുപോലല്ലെ ഇവിടുത്തെ സർവ്വമാന നേതാക്കന്മാരും മഴയിലിറങ്ങി കടലാസുതോണികളുണ്ടാക്കി കളിക്കുന്നത്‌. എന്തു തോന്ന്യാസവും ആകാമെന്നുളള ഈ അവസ്ഥ നമ്മുടെ പൈതൃകത്തിന്റെ മുഖത്ത്‌ ചെളിപുരട്ടുകയാണ്‌.

ഭരണരംഗം നിശ്ചലമായിരിക്കുന്നു. തൊഴിലില്ലായ്‌മ നമ്മുടെ ജീവിതക്രമത്തെ പൊട്ടിത്തെറിയുടെ വക്കിലെത്തിച്ചുകഴിഞ്ഞു. കുറ്റകൃത്യങ്ങൾ വർദ്ധിക്കുന്നു. പോലീസ്‌സ്‌റ്റേഷനുകൾ നോക്കുകുത്തിയാവുന്നു. (അവിടെയും വൈകുന്നേരങ്ങളിൽ കളക്ഷനെണ്ണുന്നുവെന്ന്‌ പൊതുജനസംസാരം!) ഹൈക്കോടതിയിലേക്ക്‌ പ്രതിഷേധമാർച്ചുവരെ നടക്കുന്ന കാലഘട്ടം. അനാഥത്വം ബാധിച്ച ജനവിഭാഗം അവരവരുടെ പാടുനോക്കി ഞെങ്ങിഞ്ഞെരുങ്ങി വീർപ്പുമുട്ടലോടെ ജീവിക്കുവാൻ ശ്രമിക്കുന്നു. പൊതുകാര്യങ്ങളിൽ അവർ നിഷ്‌ക്രിയരാകുകയാണ്‌.

ഇവിടെ നിലനില്‌ക്കുന്ന ഈ അവസ്ഥ സങ്കടകരംതന്നെ. വാർത്തകൾ അറിയാത്തവർ ഭാഗ്യവാന്മാർ. നമുക്ക്‌ കുട്ടികളോടു പറയാം; മക്കളേ, പത്രങ്ങൾ വായിച്ചും വാർത്തകൾ കേട്ടും ചീത്തയാവണ്ട!

പത്രാധിപർ

Generated from archived content: nov_essay4.html

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English