മുഖക്കുറി

കൊല്ലങ്കോട്ടെ പി. സ്‌മാരകം

ഇക്കഴിഞ്ഞ ഏതാനും ദിവസം പാലക്കാട്‌, മലപ്പുറം ജില്ലകളിൽ യാത്രചെയ്യാനിടയായി. പാലക്കാട്ടേക്ക്‌ പോകുംവഴി ഇയ്യങ്കോട്‌ ശ്രീധരനെ കാണുന്നതിന്‌ കൊല്ലങ്കോട്ട്‌ ഇറങ്ങി. പഴയ കൊല്ലങ്കോട്‌ രാജവംശവും കൊട്ടാരവുമൊക്കെയായിരുന്നു മനസ്സിൽ. മഹാകവി പി.കുഞ്ഞിരാമൻനായരുടെ സഹവാസംകൊണ്ടും ഈ നാട്‌ ധന്യമായിത്തീർന്നിട്ടുണ്ട്‌. കൊല്ലങ്കോട്‌ കൊട്ടാരത്തിന്റെ ഉടമസ്ഥതയിലായിരുന്ന രാജാസ്‌ ഹൈസ്‌കൂളിലെ മാഷായിരുന്നു അദ്ദേഹം. (ഇയ്യങ്കോട്‌മാഷും മഹാകവിയും ഒന്നിച്ച്‌ അവിടെ ജോലിചെയ്‌തിട്ടുണ്ട്‌.) ഇയ്യങ്കോട്‌മാഷിന്റെ ശ്രമഫലമായി കൊല്ലങ്കോട്ട്‌ പിയ്‌ക്ക്‌ ഉചിതമായ സ്‌മാരകമുണ്ടായി. കൊട്ടാരം വക 60 സെന്റ്‌ ഭൂമിയും സ്‌കൂൾകെട്ടിടത്തിന്റെ ഒരു ഭാഗവും സ്‌മാരകത്തിനായി ലഭിച്ചു. ഇന്നവിടെ താലൂക്ക്‌ റഫറൻസ്‌ ഗ്രന്ഥശാലയും വായനശാലയും ഭംഗിയായി പ്രവർത്തിക്കുന്നു. ഒട്ടേറെ സാംസ്‌കാരിക പ്രവർത്തനങ്ങൾകൊണ്ട്‌ മാതൃകാസ്ഥാപനമായി പി. സ്‌മാരകം നിലകൊളളുന്നു. ഇയ്യങ്കോട്‌ മാഷാണ്‌ സെക്രട്ടറി.

ലാലിനെ കാണാൻ വേലിപൊളിച്ചു!

മൂന്നുദിവസം മുമ്പ്‌ മലയാള മനോരമയുടെ ‘എന്റെ മലയാളം’ പരിപാടിക്കുവേണ്ടിയുളള ഷൂട്ടിങ്ങിനായി നടൻ മോഹൻലാൽ കുഞ്ഞിരാമൻനായർ സ്‌മാരകത്തിലെത്തിയിരുന്നു. നടനെ കാണാനുളള ജനത്തിരക്കിൽ സ്‌മാരകത്തിന്റെ ചുറ്റുമുളള മുളളുവേലി തകർന്നുപോയി. കൊല്ലങ്കോട്ടെ ആൾക്കാരുമായി അല്‌പനേരം സഹകരിക്കാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്ന്‌ സ്‌മാരകത്തിലെ സന്ദർശകബുക്കിൽ അദ്ദേഹം എഴുതിയിരിക്കുന്നതു കണ്ടു. തൊട്ടടുത്തപേജിൽ ഉൺമ പത്രാധിപർ എഴുതി ഃ ‘നടനെ കാണാൻ വേലിപൊളിക്കുന്ന ജനങ്ങൾ എന്തേ പുസ്‌തകം വായിക്കാനായി വേലികൾ പൊളിക്കുന്നില്ല!’

കുഞ്ഞിരാമൻനായരും ഭാരതപ്പുഴയും

പി.സ്‌മാരക വായനശാലയിലെ ലൈബ്രേറിയൻ സേതു പറഞ്ഞുഃ “മഹാകവി രാജാസ്‌ ഹൈസ്‌കൂളിൽ പഠിപ്പിക്കുമ്പോൾ ഞാനവിടെ പഠിക്കുന്നുണ്ട്‌. കുട്ടികളെക്കൊണ്ട്‌ തറയിൽ മൂക്കുമുട്ടിച്ചിട്ട്‌ അദ്ദേഹം അവർക്ക്‌ സമ്മാനം നൽകും. നീളമുളള ജൂബയുടെ പോക്കറ്റുകൾ നിറയെ വറുത്ത കടലയുണ്ടാകും. ചുറ്റും കൂടുന്ന കൊച്ചുകൂട്ടുകാർക്കൊക്കെ കടല നുളളിക്കൊടുക്കും…”

ആ അവധൂതന്റെ ജീവിതമെത്ര സുന്ദരമായിരുന്നു! കവി ഭാരതപ്പുഴയിൽ കുളിക്കുന്ന പടം വായനശാലയുടെ ഭിത്തിയിലുണ്ട്‌. (പുഴയിൽ കുളിക്കുന്ന എത്ര കവികൾ ഇന്നുണ്ട്‌!) ഭാരതപ്പുഴയിലിപ്പോൾ മണലെടുക്കാൻവരുന്ന ലോറികളുടെ നിര കാണാം.

ഒ.വി.വിജയനും ഇതിഹാസവും

പാലക്കാടൻ വയലേലയുടെ നടുവിലൂടെ ബസ്സോടുമ്പോൾ ഇരുവശത്തും കരിമ്പനകൾ കാണാം. ഒ.വി.വിജയനും, ഖസാക്കിന്റെ ഇതിഹാസവും ഓർമ്മയിലെത്തി. കിണാശ്ശേരിക്കടുത്ത്‌ പെരുമ്പ്‌ എന്ന സ്ഥലത്ത്‌ ‘തസറാഖ്‌ ഹരിതസംഘം’ എന്നൊരു ബോർഡുകണ്ടപ്പോൾ ഇതിഹാസത്തിലെ അപ്പുക്കിളിയും മൈമുനയും അളളാപ്പിച്ചമൊല്ലാക്കയുമൊക്കെ ഒരു കുളിരായി ഹൃദയത്തിൽ നിറഞ്ഞു; പിന്നെ തസറാഖ്‌ ഗ്രാമവും.

Generated from archived content: nov_essay3.html

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here