ഓണസ്വകാര്യം

സാംസ്‌കാരിക മീറ്റിംഗുകളിൽ പ്രസംഗിക്കാൻ തുടങ്ങിയിട്ട്‌ ഇരുപതു വർഷമായി. വലിയ പ്രഭാഷകനായില്ലെന്നത്‌ സത്യം. പറഞ്ഞിട്ടുളളവയിൽ എന്തെങ്കിലുമൊന്ന്‌, കേട്ടിട്ടുളളവരിൽ ഒരാളുടെയെങ്കിലും മനസ്സിൽ ഇന്നുണ്ടാവുമോ?

നാട്ടിൻപുറത്തെ സംഘടനകൾ ഓണമാവുമ്പോൾ ഉണരുന്നു. മേമ്പൊടിയായി സാംസ്‌കാരിക സമ്മേളനങ്ങൾ. മുമ്പൊക്കെ തിരുവോണനാളിൽ മാത്രം പന്ത്രണ്ട്‌ മീറ്റിംഗുകളിൽ പ്രസംഗിച്ചതായി ഓർക്കുന്നു. ഇന്നിപ്പോൾ അത്‌ കുറഞ്ഞുവരുന്നു. ആർക്കും സാംസ്‌കാരിക പ്രവർത്തനങ്ങൾക്ക്‌ സമയമില്ലത്രെ.

പ്രസംഗിക്കാൻ പോകുന്നതിലെ ആവേശവും ക്രമേണ തണുത്തു. കഴിഞ്ഞവർഷംവരെ ഓണനാളുകളിൽ വൈകുന്നേരവും രാത്രിനേരവും നാട്ടുമ്പുറത്തെ ഊടുവഴികളിലൂടെ നെട്ടോട്ടവും കുറിയോട്ടവുമായിരിന്നു; പ്രസംഗപര്യടനം. ഉദ്‌ഘാടനകൻ, അദ്ധ്യക്ഷൻ, സമ്മാനദാതാവ്‌, മുഖ്യാതിഥി, ആശംസാപ്രസംഗകൻ…

വയ്യ, ഇത്തവണ ഈ അഭ്യാസത്തിന്‌ ഞാനില്ല.

കുറച്ചുദിവസം മുമ്പ്‌ ആറരവയസ്സുകാരൻ മകനോടു പറഞ്ഞു.

“മോനേ, നമുക്കീ ഓണനാളുകളിൽ ഗ്രാമം കാണാൻ പോകാമെടാ.”

ഗ്രാമപാതകളിലൂടെ കുട്ടികളുടെ കൈയും പിടിച്ച്‌ നടക്കുക, തോടുകൾ, കുളങ്ങൾ, വയലുകൾ, വരമ്പുകൾ, കുന്നും മലകളും…. ബഹളങ്ങളൊന്നുമില്ലാതെ, തിരക്കുകളിൽപ്പെടാതെ ഗ്രാമത്തെ അറിയാൻ ഒരു യാത്ര.

മോനിപ്പോൾ എല്ലാവരോടും പറയുന്നു- “ഞങ്ങൾ ഓണത്തിന്‌ ഗ്രാമം കാണാൻ പോകുവാ…”

അവന്റെ സന്തോഷമെത്രയെന്നോ! അവന്‌ ഗ്രാമത്തെയറിയണമത്രെ. പരിശുദ്ധി കളിയാടിയിരുന്ന ഗ്രാമാന്തരീക്ഷം… ഗൃഹാതുരസ്‌മരണകൾ മനസ്സിനെ വേട്ടയാടുന്നു.

മുതിർന്നവരായ ഓരോരുത്തരും സ്വയം ചോദിക്കുന്നുണ്ടാവാം-ഞ്ഞാൻ കണ്ട്‌ അനുഭവിച്ച ഗ്രാമം എവിടെപ്പോയൊടുങ്ങി? ആ പരിശുദ്ധി…?

ഗ്രാമങ്ങളിൽ നിലനിന്നിരുന്ന ഓണക്കളികൾ… ഓണാഘോഷം, ഊഞ്ഞാലാട്ടം, കടുവകളി, തിരുവാതിര… കണ്ണുകൾ നിറയുന്നു…. മോനേ, ഓണത്തിന്‌ ഗ്രാമങ്ങളുടെ സ്‌മാരകങ്ങൾ തേടി നമുക്ക്‌ പോകാമെടാ…

Generated from archived content: sept_essay7.html Author: nooranadu_mohan

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English