അയൽക്കാരൻ

അന്യന്റെ അതിർത്തി

ലംഘിക്കുന്ന അയൽക്കാരാ,

ക്രിസ്‌തുവിന്റെ വചനത്തെക്ക

നീ ഒറ്റിക്കൊടുക്കുന്നുവല്ലോ!

നാട്ടിൻപുറത്തിന്റെ കണ്ണുകളിൽ

അസൂയയുടെ പീളകെട്ടുന്നത്‌

എന്റെ പറമ്പിലെ പാവം

വാഴകൾ തിരിച്ചറിഞ്ഞില്ലല്ലോ!

രാത്രിമറ രക്ഷാകവചമാക്കി,

വിരിച്ചിലിലെത്തിയ ഭ്രൂണങ്ങളെ

കത്തിയാഴ്‌ത്തി വീഴ്‌ത്തുമ്പോൾ

എന്റെ തല നിലംപൂഴ്‌ന്നുവെന്ന്‌

നീ ആശ്വാസം കൊളളുന്നുവോ?

(പുര വേകാത്തപ്പോഴും

വാഴവെട്ടുന്നവൻ

നാളെയെന്റെ കഴുത്തുവെട്ടാൻ

കൊതിക്കാതിരിക്കുമോ?)

നന്ദിയുടെയും

സ്‌നേഹത്തിന്റെയും

അർത്ഥം കെടുത്തിയവനേ,

നിന്റെമേൽ രക്തയൊപ്പിടാൻ

കാലം കണ്ണിലെണ്ണലൊഴിച്ച്‌

കാത്തുകിടക്കുന്നുണ്ട്‌.

നിസ്സഹായന്റെ

ആത്മാവെരിയുമ്പോൾ

സർവ്വനാശത്തിന്റെ

കൊടുമുടിയിലേക്ക്‌

നീ ആനയിക്കപ്പെടുന്നുവല്ലോ,

കഷ്‌ടം!

Generated from archived content: poem_nov.html Author: nooranadu_mohan

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here