ഞാനെന്റെ കണ്ണുകളിലൊരെണ്ണം വിറ്റത്
തരക്കേടില്ലാത്ത വിലയ്‌ക്കാണ്
വൃക്കകളിലൊന്ന് കച്ചവടം നടത്തിയപ്പോഴും
നഷ്‌ടമൊട്ടുമുണ്ടായില്ല, കേട്ടോ!
ആവശ്യക്കാർക്കൊക്കെ ചോരയൂറ്റിക്കൊടുത്തപ്പോഴും കിട്ടി
വിവിധ നിറമുളള നോട്ടുകൾ
മസ്‌തിഷ്‌കം തീറെഴുതിയത്
വൻ തുകയ്‌ക്കാണ്.
കച്ചവടം അവിടംകൊണ്ടവസാനിപ്പിക്കാൻ
എന്നിലെ ആർത്തിപ്പണ്ടാരം അനുവദിച്ചില്ല.
ഭാര്യയെയും ഋതുമതിയാകാത്ത മകളെയും
കാശാക്കി എന്നത് മറ്റൊരു നേട്ടം!
വാർദ്ധക്യത്തിലെത്തിയ മാതാവിനെയും
രോഗിണിയായ പെങ്ങളെയും വില്‌ക്കുമ്പോഴും
എന്റെ മനസ്സ് ലാഭക്കച്ചവടത്തിന്റെ
നീലക്കുറുക്കനായിക്കഴിഞ്ഞിരുന്നു.
ഇങ്ങനെയാണു സുഹൃത്തേ
അഭിമാനത്തിന്റെ മൊത്തക്കച്ചവടക്കാരനായി
ഈയുളളവൻ പരിണമിച്ചത്.
ആരാച്ചാരുടെ കോട്ടൂരാൻ
എനിക്കെങ്ങനെ കഴിയും!
ഇനിയെന്തുണ്ട് വില്‌ക്കാനെന്ന്
ചിന്തിക്കാനെന്റെ മസ്‌തിഷ്‌കമെവിടെ!
എങ്കിലും ഒടുവിലൊരു ഉൾവിളി-
എന്റെ കഴുത്തിൽതൂങ്ങുന്ന
പരസ്യപ്പലകയിലേക്കൊന്നു നോക്കൂ-
‘ആകാശവും കടലും
നദികളും വെളളവും ആദായവില്‌പനയ്‌ക്ക്…’
ഭൂമിയെ ഇഞ്ചിഞ്ചായി വിറ്റുതുലച്ച
ദുഷ്‌ടന്മാരോട് എന്റെ ദൈവം പൊറുക്കുമാറാകട്ടെ!
അതുകൂടിയിപ്പോൾ വില്‌ക്കാനുണ്ടായിരുന്നെങ്കിൽ
അമ്പോ, ഞാനൊരു വമ്പൻ സമ്പന്നനായേനെ…
സാരമില്ല, ഈ ഇടമില്ലാത്തിടത്ത്
ആകാശത്തിനും കടലിനും
ആവശ്യക്കാരേറും,
നദികളും വെളളവും മതിപ്പുവിലയ്‌ക്കുതന്നെ നല്‌കാം.
അതുമതി…അതുമതി….
കാടില്ലെങ്കിലെന്ത്, ഇവിടെ കടലുണ്ടല്ലോ!
സുഹൃത്തേ, ഈയുളളവൻ
വിഡ്‌ഢിയാനാണെന്ന് താങ്കളോട്
ആരെങ്കിലും ദൂഷണം പറഞ്ഞുവോ?!
Generated from archived content: poem3_dec.html Author: nooranadu_mohan