ഞവരക്കുന്നുമലയുടെയും കുറത്തികാട്ടുമലയുടെയും ഉച്ചിയിലും ഓരങ്ങളിലും ഇപ്പോഴും തെറ്റിപ്പൂവും മുക്കൂറ്റിപ്പൂവും കൊങ്ങിണിപ്പൂവും തുമ്പപ്പൂവുമൊക്കെ കാറ്റിൽ തലയാട്ടി നില്‌പുണ്ടാവുമോ? മൊടയാറയ്‌ക്കലെ വയൽവരമ്പുകളിൽ കാക്കാത്തിപ്പൂവും കൈതപ്പൂവുമുണ്ടാകുമോ? പത്തുനാളും അത്തപ്പൂക്കളത്തിൽ ചാർത്താൻ പൂപറിച്ചു നടന്ന ആ കുട്ടിക്കാലം ഇനിയൊരിക്കലും തിരികെ വരില്ലല്ലോ! മുറ്റത്തെ മരത്തിൽ കയറി കുരങ്ങുകളിക്കുകയും, മഴയത്തും വെയിലത്തും ഇറങ്ങിനടക്കുകയും ചെളിവാരിയുരുട്ടുകയും ചെയ്യുന്ന മകനെയും മകളെയും ശാസിക്കാൻ മനസ്സുവരുന്നില്ല. അവരുടെ കുട്ടിക്കാലം അവർക്കുതന്നെയിരിക്കട്ടെ.
തമിഴ്‌നാട്ടിലെ കുംഭകോണത്ത് വെന്തുകരിഞ്ഞ തൊണ്ണൂറോളം പിഞ്ചുകുഞ്ഞുങ്ങളെയോർക്കുമ്പോൾ ഇപ്പോഴും നെഞ്ചുപിടയുന്നു. ചുട്ടുതല്ലിപ്പൊളിച്ചൊരുക്കിയ കശുവണ്ടികണക്ക് നിരന്നുകിടന്ന മനുഷ്യക്കുഞ്ഞുങ്ങളുടെ ചിത്രം, എല്ലാ ആഘാഷങ്ങളിൽനിന്നും മനസ്സിനെ പിന്തിരിപ്പിക്കുന്നു. ഈ ആധുനിക കാലഘട്ടത്തിൽ എത്ര വലിയ ദുരന്തങ്ങളും ആരുടെയും കണ്ണുതുറപ്പിക്കുന്നില്ലല്ലോ.
തിരുവനന്തപുരത്തെ ഹൗസിംഗ്‌ബോർഡ് കെട്ടിടത്തിൽനിന്നും ചാടിമരിച്ച രജനി എന്ന വിദ്യാർത്ഥിനിയുടെ കുടുംബത്തിൽ ഇത്തവണ ഓണമുണ്ടാവുമോ? വിദ്യാഭ്യാസമേഖലയിൽ നിലനില്‌ക്കുന്ന അഴിമതിയും അനീതിയും കുറെയൊക്കെ തുറന്നുകാട്ടാൻ രജനി കാരണമായി എന്നതു സത്യം. പക്ഷെ, അതുകൊണ്ട് ആർക്കെന്തു ഗുണം? അവളുടെ പാവപ്പെട്ട കുടുംബത്തിലെ ഓണം എണ്ണയില്ലാവിളക്കിലെ തിരിപോലായി; അത്രതന്നെ. വിദ്യാഭ്യാസക്കച്ചവടം ഇവിടെ രക്തസാക്ഷികളുടെ എണ്ണത്തെ വർദ്ധിപ്പിക്കുകയാണ്.
കേരളത്തിൽ ആത്മഹത്യചെയ്‌ത കർഷകർ എന്ന ‘ചാവേർപ്പട’യുടെ വീടുകളിലും ഇത്തവണ ഓണത്തപ്പന് വരവേൽപ്പില്ല. അധികാരത്തിന്റെ തണലിൽ തടിച്ചുകൊഴുക്കുന്നവരുടെ പീളകെട്ടിയ കണ്ണുകൾക്ക് ഇതൊന്നും കണ്ടുകൂടല്ലോ. അധികാരിവർഗ്ഗമെന്നു പറയുന്ന കൂട്ടർ എക്കാലത്തും ഇങ്ങനെയൊക്കെത്തന്നെ.
മലയാളിക്ക് എല്ലാം മറന്നാഹ്ലാദിക്കാൻ ലഹരിപിടിപ്പിക്കുന്നൊരു വാർത്ത ഇതാ-ഈ ഓണക്കാലം പൊടിപൂരമാക്കാൻ ബന്ധപ്പെട്ടവർ തയ്യാറാക്കിയിരിക്കുന്നത് എൺപതുകോടി രൂപയുടെ മദ്യമാണത്രെ. അമ്പതുകോടിയുടെ വിദേശമദ്യവും മുപ്പതുകോടിയുടെ ചാരായവും. മലയാളിക്ക് ലഭിച്ച സൗഭാഗ്യമേ! കേരളമണ്ണിൽ ശേഷിച്ചിട്ടുളള തെങ്ങുകൾ കളളിനുപകരം കണ്ണീർവാർക്കാൻ തുടങ്ങിയത് ഈ സൗഭാഗ്യത്തോടെയാണ്.
Generated from archived content: edit_sep.html Author: nooranadu_mohan