ഞാൻ പ്രമാണങ്ങളുടെ സൂക്ഷിപ്പുകാരൻ
പ്രയാസങ്ങളുടെ പ്രമാണങ്ങളിൽ
പെറ്റുവീണവൻ.
പ്രശ്നങ്ങളുടെ പ്രമാണങ്ങൾ
അടയിരുന്നു വിരിച്ചവൻ.
രാശിപ്രമാണങ്ങളുടെ രാത്രിവണ്ടിയിൽ
ഇരിപ്പിടം കിട്ടാത്ത യാത്രികൻ.
ഞാൻ പ്രമാണങ്ങളുടെ സൂക്ഷിപ്പുകാരൻ
ഏഴാംപ്രമാണത്തിൽ
അവസാനമായിട്ട കളളയൊപ്പും
പത്താംപ്രമാണം പരഭാര്യമാരുടെ
തലയിണക്കീഴിൽ തിരുകിവച്ചതും
രഹസ്യച്ചെപ്പിലടയ്ക്കുവാൻ
ഞാൻ എല്ലാ നീതിപ്രമാണങ്ങളും
സൂക്ഷിക്കുന്നു.
ഞാൻ പ്രമാണങ്ങളുടെ സൂക്ഷിപ്പുകാരൻ
ഏഴാംപ്രമാണം-വ്യഭിചാരം ചെയ്യരുത്
പത്താംപ്രമാണം-അന്യന്റെ ഭാര്യയെ
മോഹിക്കരുത്
(പത്തുകല്പനകളുടെ ക്രമത്തിൽ സഭകൾ തമ്മിൽ വ്യത്യാസമുളളതിനാൽ കുറിപ്പ് ചേർക്കുന്നു)
Generated from archived content: sept_poem41.html Author: n_vijayamohanan