“എസ്‌ക്യൂസ് മീ…” സൂപ്പർ ഡീലക്സ് ബസിന്റെ സൈഡ് സീറ്റിൽ പുറത്തേക്ക് നോക്കിയിരിക്കകയായിരുന്നു അയാൾ. കളമൊഴികേട്ട് തിരിഞ്ഞു നോക്കി.
“യേസ്…?”
“ഞാൻ ഇവിടെയിരുന്നോട്ടെ…?”
“യേസ്സ്… തീർച്ചയായും.”
അയാൾ ഒതുങ്ങിയിരുന്നു. അവൾ അയാളുടെ തൊട്ടടുത്ത സീറ്റിലിരുന്നു.
“എവിടെപ്പോകുന്നു?” അവർ ചോദിച്ചു.
“കോഴിക്കോടിന്…”
“ഞാനും കോഴിക്കോടിനാണ്.”
എറണാകുളം കഴിഞ്ഞതേയുള്ളൂ. തലസ്ഥാനത്തു നിന്നു വരുന്ന ബസാണ്. അയാൾ സമയം നോക്കി. രാത്രി ഒരു മണി കഴിഞ്ഞിരുന്നു.
“കോഴിക്കോട്ടാണോ താമസം?” ലോഹ്യം ചോദിച്ചു.
“അല്ല… ഹസ്‌ബന്റിന് അവിടെയാണ് ജോലി. ഞങ്ങൾ എറണാകുളത്താണ് താമസം. കോഴിക്കോട്ട് ഹസ് കാത്തുനിൽക്കും”.
അയാൾ അവരെ ശ്രദ്ധിച്ചു. മുപ്പതുവയസ്സ് കഴിഞ്ഞിട്ടുണ്ടാവും. ആരോഗ്യമുള്ള ഇരുനിറക്കാരി. സുന്ദരി. മുല്ലപ്പൂവിന്റെ സുഗന്ധം.
“എന്താണ് പേര്? അവൾ ചോദിച്ചു.
”വിപിൻ മേനോൻ.“
”ഞാൻ അരുണാനായർ…“ അയാളോട് അല്പംകൂടി ചേർന്നിരുന്നുകൊണ്ട് അവൾ പറഞ്ഞു.
ബസ്സ് വളവുകൾ തിരിയുമ്പോഴും, സ്പീഡ് കൂടുകയും കുറയുകയും ചെയ്യുമ്പോഴും അവൾ അയാളുടെ ദേഹത്തേക്ക് കൂടുതൽ അമർന്നിരുന്നു. സുഖകരമായ യാത്ര. എപ്പോഴോ അയാൾ ഉറങ്ങിപ്പോയി.
ഒച്ചകേട്ട് ഞെട്ടിയുണർന്നു. തൃശൂരെത്തി. സീറ്റിൽ തന്നോടൊപ്പം ആരുമില്ല. അപ്പോഴാണ് പേഴ്‌സ് ശ്രദ്ധിച്ചത്. പോക്കറ്റ് കാലി. അവൾ എവിടെ, അരുണാനായർ….?
Generated from archived content: story5_novem5_07.html Author: n_hari