ഞങ്ങൾ കണ്ണൂർകാർക്ക് വിഷു വല്യ ആഘോഷമാണ്, ഓണത്തേക്കാൾ. അതുകൊണ്ട് ഓണത്തിന് മോടി കുറവാണെന്ന് അർത്ഥമില്ല. ഇവിടുത്തെ (മധ്യപ്രദേശ്) ദീപാവലി പോലെയാണ് കേരളക്കാരുടെ വിഷു. തലേന്ന് വൈകുന്നേരം മുതൽ പടക്കം പൊട്ടിക്കാൻ തുടങ്ങും. രാത്രി മുഴുവൻ അതിന്റെ ഒച്ചകൊണ്ട് ഉറങ്ങാൻ കഴിയില്ല. നാട്ടിൽ ഓണവും വിഷുവും കൂടിയിട്ട് ഇരുപത്തിയേഴ് വർഷമായി. മറുനാട്ടിൽ അതൊക്കെ ഞങ്ങൾ ആവുംവിധം ആഘോഷിക്കും. ഇപ്രാവശ്യം ഏപ്രിൽ പതിനഞ്ചിനായിരുന്നല്ലോ വിഷു. ഈ മേഖലയിലെങ്ങും കൊന്നപ്പൂ കണി കാണാൻ കിട്ടിയില്ല. അവസാനം ഒരതിശയംമാതിരി ഒരുകുല പൂവ്, എന്റെ സഹപ്രവർത്തകനും സുഹൃത്തുമായ വീരരാഘവന്റെ ക്വാർട്ടേഴ്‌സിനു മുന്നിൽ നട്ടുനനച്ചു വളർത്തുന്ന കൊന്നമരത്തിൽ നിന്നും കിട്ടി. അത് കൈക്കലാക്കുവാൻ ഞാൻ മുവന്തിനേരത്ത് മരത്തിൽ വലിഞ്ഞുകയറിയതും, ഏഴു പൂക്കളുള്ള ഒരു പൂക്കുല അടർത്തി കൈയിലെടുത്തപ്പോൾ അനല്പമായി ആനന്ദിച്ചതും കുട്ടിക്കാലത്തെ ഓർമ്മകളിലേയ്‌ക്ക് മനസിനെ മുട്ടുകുത്തിച്ചതുമൊക്കെ ഗൃഹാതുരതയോടെ ഹൃദയത്തിൽ കാത്തു സൂക്ഷിക്കുന്നു, വിഷുക്കണിപോലെ.
Generated from archived content: eassy4_agu31_07.html Author: muyyam_rajan