കുട്ടികൾക്കൊരു സൽഗ്രന്ഥം

സത്യവതി മുതൽ മഹാപ്രസ്ഥാനം വരെ 18 അദ്ധ്യായങ്ങൾ ഉൾപ്പെടുത്തിയിരിക്കുന്നു ഈ ഗ്രന്ഥത്തിൽ. അധ്യാപകനായും പ്രഭാഷകനായും അറിയപ്പെട്ട സി.മാധവൻപിളള നോവലും (കാറ്റുവിതച്ചവർ), നാടകവും, ബാലസാഹിത്യവും, കൈകാര്യം ചെയ്യാൻ സമർത്ഥനാണെന്ന്‌ തെളിയിച്ചിട്ടുണ്ട്‌. കുട്ടികൾക്ക്‌ രാമായണവും ഭഗവത്‌ഗീതയും അദ്ദേഹം ഹൃദ്യമായി സംഗ്രഹിച്ചുതരികയും ചെയ്‌തു. അധ്യാപകനെന്ന നിലയിൽ യുവതലമുറയുടെ സവിശേഷതകളും, ഇഷ്‌ടാനിഷ്‌ടങ്ങളും, സദാചാരനിലവാരവും മനസ്സിലാക്കിയതുകൊണ്ടാവണം, അവരെ ഉൽപഥങ്ങളിലേക്ക്‌ തളളിവിടാത്ത ഈ മഹത്‌ ഗ്രന്ഥങ്ങൾതന്നെ സംഗ്രഹിച്ചിരിക്കുന്നത്‌. കുട്ടികൾക്ക്‌ ദഹിക്കാത്ത ഭാഗങ്ങൾ ഔചിത്യവാദിയായ എഴുത്തുകാരന്‌ ഉപേക്ഷിക്കേണ്ടതായി വരാം. ഇവിടെ ഏതെല്ലാം ഭാഗങ്ങളാണ്‌ ഔചിത്യപൂർവ്വം വിട്ടുകളഞ്ഞതെന്ന ഒരന്വേഷണത്തിന്റെ ആവശ്യമില്ല. സഹൃദയനും എഴുത്തുകാരനും അധ്യാപകശ്രേഷ്‌ഠനുമായ ഗ്രന്ഥകാരന്‌ അതറിയാം.

ചെറിയ കുട്ടികളെ ഉദ്ദേശിച്ചുകൊണ്ടുളള ഒരു രചനയല്ലിത്‌. മഹാഭാരത്തിന്റെ ദർശനം അത്തരക്കാർക്ക്‌ ഉൾക്കൊളളാവുന്നതല്ല. ചടുലവും തീക്ഷ്‌ണവുമായ മുഹൂർത്തങ്ങളിലൂടെ കടന്നുപോകുന്ന കഥാഖ്യാനം കുട്ടികളെ രസിപ്പിക്കാതിരിക്കില്ല. ഇലിയഡും ഒഡീസിയും പ്രദാനംചെയ്യുന്ന പാരായണക്ഷമത ഇവിടെയും തുല്യനിലയിൽ കണ്ടെത്താം. ഒറ്റക്കണ്ണനായ ‘പോളിഫീമസി’ന്റെ ഭീതിദമായ ഗുഹയിൽനിന്ന്‌ ‘ഒഡീസിയസും’ അനുചരന്മാരും ആടിന്റെ പളളയിൽതൂങ്ങി രക്ഷപ്പെട്ട്‌, കപ്പൽ തുഴയുന്ന രംഗം ഏതുകുട്ടിയെയും അത്ഭുതസ്‌തബ്‌ധരാക്കും. മഹാഭാരതത്തെ കുട്ടികളോട്‌ അടുപ്പിക്കാനുതകുന്ന കഥാപാത്രങ്ങളാണ്‌ ഭീമനും ബകനും ഘടോൽക്കചനും മറ്റും. ഭീമനെ രക്ഷിക്കാൻ ആനയെ ആകാശത്തേക്കു പൊക്കുന്ന ഘടോത്‌ക്കചൻ, ബകനെ തോല്‌പിക്കുന്ന ഭീമൻ, ഇവരെല്ലാം കുട്ടികളുടെ കൈയടി നേടാതിരിക്കില്ല. ഇങ്ങനെ എത്രയെത്ര സംഘർഷങ്ങൾ! ഭാരത്തെ സംഗ്രഹിക്കാനുളള തിടുക്കത്തിൽ, കുട്ടികളുടെ മനോഭാവത്തിനു യോജിച്ച രംഗങ്ങൾ പലതും വിട്ടുപോകാം. ആ പരിമിതി ഏതു ബാലസാഹിത്യകാരനും അനുഭവപ്പെടാം. മുതിർന്നവർക്കും കുട്ടികൾക്കും ഒരുപോലെ രസിക്കുന്ന രീതിയിലാണ്‌ മാധവൻപിളള ഈ കൃതി സംഗ്രഹിച്ചിരിക്കുന്നത്‌.

ചന്ദ്രന്റെ മകനായ ‘വർച്ചസാ’ണ്‌ അഭിമന്യുവായി പിറന്നു വീരമൃത്യുവരിച്ചത്‌. അരക്കില്ലത്തിന്‌ കൗരവരോ, പുരോചനനോ അല്ല തീവെച്ചത്‌, ഭീമനാണ്‌. ദ്രൗപതി കഴിഞ്ഞ ജന്മത്ത്‌ നാളായണി എന്ന പരിവ്രത ആയിരുന്നു. ധർമ്മദേവനും യമനും രണ്ടാണ്‌. യുധിഷ്‌ഠിരനാണ്‌ അക്ഷയപാത്രം സൂര്യനിൽനിന്ന്‌ നേടിയത്‌, പാഞ്ചാലിയല്ല. ഇങ്ങനെ തെറ്റുപറ്റാവുന്ന എത്രയോ കാര്യങ്ങൾ മഹാഭാരതത്തിലുണ്ട്‌.

അജ്ഞാതവാസക്കാലത്ത്‌ കങ്കനായി ജീവിച്ച യുധിഷ്‌ഠിരനെ വിരാടൻ ചൂതുകളിക്കാൻ വിളിക്കുന്നു. ഉത്തരനല്ല, ബൃഹന്നളയാണ്‌ കൗരവരെ ജയിക്കാൻ കാരണമെന്നു പറഞ്ഞ കങ്കനെ രാജാവ്‌ അക്ഷംകൊണ്ടെറിയുന്നു. മുറിവിൽനിന്ന്‌ പ്രവഹിച്ച രക്തം താഴെ വീഴാതെ, ദാസിയായി കഴിയുന്ന ദ്രൗപതി സ്വർണ്ണപ്പാത്രത്തിൽ വാങ്ങുന്നു. ഉത്തരീയത്തിലാണ്‌ സ്വീകരിക്കുന്നതെന്ന്‌ കാണുന്നു. രക്തം താഴെ വീണിരുന്നെങ്കിൽ വിരാടരാജ്യം നശിക്കുമായിരുന്നു എന്ന്‌ അർജ്ജുനൻ രാജാവിനോടു തന്നെ പിന്നെ പറയുന്നുണ്ട്‌.

രാമായണസംഗ്രഹത്തിലൂടെയും ഭഗവത്‌ഗീതാ വിവർത്തനത്തിലൂടെയും തന്റെ സംഗ്രഹപാടവം തെളിയിച്ചിട്ടുളള സി.മാധവൻപിളള, ഭാരതസംഗ്രഹത്തിലൂടെ ഒരിക്കൽകൂടി തന്റെ സിദ്ധി പ്രകടിപ്പിച്ചിരിക്കുന്നു. സദാചാരത്തോടും സത്യധർമ്മാദികളോടുമുളള തല്‌പരത്വമാണ്‌ ഗ്രന്ഥകാരനെ ഈ കൃതി സംഗ്രഹിക്കാൻ പ്രേരിപ്പിച്ചതെന്നുളളത്‌ പ്രശംസാർഹം തന്നെ.

മനുഷ്യമനസ്സിനെ മാലിന്യവിമുക്തമാക്കുവാൻ മഹാഭാരതത്തിനുളള കഴിവ്‌ എടുത്തോതേണ്ട കാര്യമില്ല. ധർമ്മവും അധർമ്മവും തമ്മിലുളള മത്സരം മാത്രമല്ല നാമവിടെ കാണുന്നത്‌; ധർമ്മവും ധർമ്മവും തമ്മിലുളള സംഘട്ടനവും അതിലടങ്ങിയിരിക്കുന്നു. കുമാരീകുമാരന്മാരുടെ വ്യക്തിത്വവികസനത്തിനുതകുന്ന ഉപകഥകൾകൊണ്ട്‌ ധന്യമാണ്‌ ഇതിന്റെ ഏടുകൾ. സി.മാധവൻപിളള അത്‌ മനസ്സിലാക്കിക്കൊണ്ടാണ്‌ തന്റെ ഉത്‌കൃഷ്‌ടധർമ്മം നിർവഹിച്ചിരിക്കുന്നത്‌. കൗമാരത്തിന്റെയും യൗവനത്തിന്റെയും അന്തർധാരയായ ജിജ്ഞാസയെ ശമിപ്പിക്കാനുളള എല്ലാ ഘടകങ്ങളും അദ്ദേഹം ഇതിൽ വിന്യസിച്ചിരിക്കുന്നു. കുട്ടികൾക്കുവേണ്ടി ഈ സൽഗ്രന്ഥം ശുപാർശ ചെയ്യുന്നതിൽ എനിക്ക്‌ അഭിമാനമുണ്ട്‌.

Generated from archived content: book1_sep2.html Author: muthukulam_gangadharanpillai

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here