കൊടുങ്കാറ്റ്‌

കടലിന്റെ നേർക്കൊരു കൊലവിളികേട്ടില്ലേ

അലയാഴി കരയുന്നു നെഞ്ഞുപൊട്ടി

തിരയടിച്ചെത്തുന്ന പ്രതിഷേധം കണ്ടില്ലേ

മലയാളം വാവിട്ടു കേണിടുന്നു

മലയാകെ നമ്മളിടിച്ചുനിരത്തീട്ടു

നദിയാകെ നഞ്ഞുകലക്കിയില്ലേ?

മരമാകെ നമ്മൾ മുറിച്ചുകളഞ്ഞിട്ടു

കരയാകെ മരുഭൂമിയാക്കിയില്ലേ?

നദിയില്ല കാടില്ല മലയില്ലിനിമേലിൽ

കടലോരം കാക്കുന്ന മണലുമില്ല!

കടലമ്മ തൃക്കുന്നപ്പുഴയോടു സങ്കടം

അറിയിച്ചിടുന്നതറിഞ്ഞതില്ലേ?

കരയും കടലും കരയുന്നിതാ ദുഃഖം

കരകാണാക്കടലായിത്തിര തല്ലുന്നു

കരിമണൽ വാരിത്തിന്നലറുന്ന ഭൂതങ്ങൾ-

ക്കിടിവാളായ്‌ ജനരോഷമുയരുന്നുണ്ടേ

കരയെ വിഴുങ്ങുവാൻ വാപിളർന്നെത്തുന്ന

ദുരമൂത്ത നിങ്ങളെക്കടൽ വിഴുങ്ങും

കരിമണൽവാരിക്കടപ്പുറം കടലാക്കും

കളിയിതുകളിയല്ലെന്നോർത്തുകൊൾവിൻ

മണൽവാരും നിങ്ങളെ നരകക്കുഴികളിൽ

കടലമ്മ മുക്കിക്കണക്കുതീർക്കും

അനുവദിക്കില്ല നാം കേരളം ലാളിക്കും

കരിമണൽത്തിട്ട കടലിലാഴ്‌ത്താൻ

കാറ്റിരമ്പുന്നു കൊടുങ്കാറ്റുവീശിയി-

ക്കാട്ടാളവർഗ്ഗത്തെ തൂത്തെറിയും.

Generated from archived content: poem6_dec.html Author: muthukulam_cmadhavanpillai

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here