എഴുത്തിന്റെ അച്ഛനെ വെറുതെ വിടണം

കുപ്രസിദ്ധമായ എഴുത്തച്ഛൻ പുരസ്‌കാര വിവാദത്തിൽ ഡോ. ടി.കെ.രവീന്ദ്രൻ ഇടപെടുന്നത്‌ ശക്തമായൊരു ചോദ്യത്തോടെയാണ്‌-‘ദാനം സൽപാത്രത്തിലോ?’ -മാതൃഭൂമി വാരാന്ത്യം-2002 ഡിസം.29. ലേഖനവും ശക്തമാണ്‌. പക്ഷേ, രണ്ടുവാക്യങ്ങളോടൊരു വിയോജനക്കുറിപ്പ്‌. ഒന്ന്‌ഃ ‘സഭ്യതയുടെ അതിരുകടന്ന ഒരു പ്രയോഗവും എഴുത്തച്ഛന്റെ ശൃംഗാരവർണ്ണനകളിൽ കാണപ്പെടാറില്ല.’ രണ്ട്‌ ‘കമലാസുറയ്യയുടെ കൃതികൾ വിശ്വോത്തരങ്ങളെന്നു പറയുന്നതവർ ’എന്റെ കഥ‘ സ്വന്തം പെൺമക്കൾക്കും സഹോദരിമാർക്കും ശുപാർശചെയ്യുമെന്നു ഞാൻ വിശ്വസിക്കുന്നില്ല’. എന്റെ പ്രതികരണം ചെറിയൊരു കഥയിലൊതുക്കാം (ചെറുകഥയല്ല).

ഞങ്ങളുടെ കുഗ്രാമത്തിൽ പരമേശ്വരനാശാനെന്നൊരു പുരാണപാരായണക്കാരനുണ്ട്‌. പാരായണത്തിനു പോകാത്ത ദിവസങ്ങളിൽ ആശാൻ കിളിപ്പാട്ടുകൾ വായിച്ചുരസിച്ച്‌ വീട്ടിലിരിക്കയാണു പതിവ്‌. ശ്രേതാക്കളായി പേരക്കുട്ടികളുണ്ടാവും-പത്തുമുതൽ പതിനഞ്ചുവരെ പ്രായമുളളവർ- ആണുംപെണ്ണുമായി മൂന്നുപേർ.

ഒരിക്കൽ രാമായണം വായിക്കവെ ആശാൻ അഹല്യാമോക്ഷത്തിലെത്തി. ‘ചെന്തൊണ്ടി വായ്‌മലരും പന്തൊക്കും മുലകളും ചന്തമേറീടും തുടക്കാമ്പുമാസ്വദിപ്പതിനെന്തൊരു കഴിവെന്നു ചിന്തിച്ചു ശതമുഖൻ…. പന്ത്രണ്ടു വയസ്സുകാരന്റെ സന്ദേഹം-’എങ്ങനാ അപ്പൂപ്പാ ഇതൊക്കെ ആസ്വദിക്കുന്നത്‌?‘ ആശാൻ ഗൗരവംനടിച്ചു പാരായണം മേൽസ്ഥായിയിലാക്കുന്നു.

പിന്നീടൊരിക്കൽ ഭാരതം വായിക്കുമ്പോൾ പരാശരമഹർഷി കാളിയോടു പറയുന്നു-’ചാരത്തുവരികനീ മറ്റാരുമില്ലയിപ്പോൾ… മറുതീരത്തുചെന്നു പുനരൂക്കണമെനിക്കെടോ- പൊടുന്നനെ പതിനഞ്ചുകാരിയുടെ കമന്റ്‌ ‘ശ്ശേ! അപ്പൂപ്പനെന്തൊക്കെയാ വായിക്കുന്നത്‌?’ മറുപടി കൊടുക്കാതെ ആശാൻ വായന തുടരവെ ഇളയവന്റെ സംശയം-‘അക്കരെച്ചെന്ന്‌ എന്തുചെയ്യണമെന്നാ പറയുന്നത്‌?’ ആശാൻ ആക്രോശിക്കുന്നു-‘സന്ധ്യാവന്ദനത്തിന്റെ കാര്യമാ പറയുന്നത്‌.’ അപ്പോൾ മൂത്തവൻ ആശ്വസിക്കുന്നു- ‘ഞാൻ വിചാരിച്ചു മറ്റേക്കാര്യമാന്ന്‌!. മറ്റൊരുദിവസം ’സഭാപർവ്വ‘ത്തിൽ ഭരദ്വാജൻ ഗംഗയിൽ കുളിക്കാനിറങ്ങുമ്പോൾ ഘൃതാചിയെന്ന സുന്ദരിയെ കാണുന്നു-’മാരുതഹൃതാംബരയാമവൾ തന്നെക്കണ്ടു… ഇന്ദ്രിയസ്‌ഖലനവും വന്നത്‌….‘ ’മാരുതഹൃതാംബരയെന്നു പറഞ്ഞാലെന്തവാ?‘ പ്രായമായ പെണ്ണിനതറിയണം. ’ഓ ചുമ്മാ.‘ ആശാൻ പറയുന്നു. ’അപ്പോൾ കണ്ടതെന്തവാ?‘ അഗ്രജൻ ആരായുന്നു. ’എന്തോന്നു വന്നെന്നാ പറയുന്നത്‌?‘ അനുജൻ ആ വിഷമവൃത്തം പൂർത്തിയാക്കി. ആശാൻ കുഴങ്ങി. ഗത്യന്തരമില്ലാതെവന്നപ്പോൾ പിളളാരെ വിരട്ടാൻ ഭാഗവതമെടുത്ത്‌ നരകവർണ്ണന ഉച്ചത്തിൽ ആലപിച്ചു. ഉടൻ ദാ വരുന്നു-’മദന വിവശനായ്‌ ധർമ്മപത്‌നിയെക്കൊണ്ടു വദനസുരതത്തെച്ചെയ്യിപ്പിച്ചീടും ദ്വിജൻ-‘ പൗത്രി ഇടപെടുന്നു-’എന്തോന്നു ചെയ്യിക്കുമെന്നാ പറയുന്നത്‌?‘ ആശാന്റെ മറുപടി-’അതൊരു നരകത്തിന്റെ സംഗതിയാ.‘ തൃപ്‌തനാവാതെ മറ്റവൻ ചോദിക്കുന്നു-’അതെങ്ങനാ ചെയ്യിക്കുന്നത്‌?‘ ആശാൻ വിരണ്ടു. ആ പ്രയോഗം കൊച്ചുങ്ങൾക്കു പിടികിട്ടിയാൽ? അതിൽ താല്‌പര്യമുണർന്നാൽ? -എത്തുന്നതെവിടെ-അക്വയേർഡ്‌ ഇമ്മ്യൂണിറ്റി ഡിഫിഷൻസി സിൻഡ്രോം?

വാൽക്കഷ്‌ണംഃ എഴുത്തച്ഛൻ പുരസ്‌കാരം സുറയ്യയ്‌ക്കു കൊടുത്തതിനോടു എനിക്കെതിർപ്പുണ്ട്‌. കാരണം-’ഏകം സത്‌വിപ്രാ ബഹുധാവദന്തി‘ എന്ന തത്ത്വമറിഞ്ഞവർ മതംമാറുന്നത്‌ (പ്രത്യേകിച്ചും 70-​‍ാം കാലത്ത്‌) വിവരക്കേടാണ്‌. വിവരംകെട്ടവരെ ഇത്തരമൊരു പുരസ്‌കാരംകൊണ്ടു കിക്കിളികൂട്ടുന്നത്‌ അത്യന്താധുനികമായ വിവരക്കേട്‌!

Generated from archived content: essay_mar20.html Author: muthukulam_cmadhavanpillai

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here