പിച്ച

നന്ദിതാമിസ്‌ റിമോട്ട്‌ കൺട്രോളിൽ മാറിമാറി വിരലമർത്തി സോഫയിൽ മലർന്നു കിടന്നു. ഞായറാഴ്‌ചപ്പരിപാടികൾ വേണ്ടത്ര മിഴിവാകുന്നില്ലെന്നവർക്കും തോന്നി.

തുടർച്ചയായി കോളിംഗ്‌ബെൽ മുഴങ്ങി. ആരാണാവോ ഒരൊഴിവു ദിവസമായിട്ടിന്ന്‌, നാശം! റിമോട്ടിൽ ശബ്‌ദം കുറച്ച്‌ അവരെഴുന്നേറ്റു വാതിൽ തുറന്നു.

“അമ്മാ വല്ലതും തരണേ….” പിച്ചക്കാരൻ കൈനീട്ടി.

മുഖത്തു കുറ്റിരോമങ്ങൾ നിറഞ്ഞ മധ്യവയസ്‌കൻ. അത്യാവശ്യം ആരോഗ്യമുളള ഇവനൊക്കെ പിച്ചയ്‌ക്കുനടക്കുന്നു. മനസ്സിൽ തോന്നിയത്‌ പുറത്തു പറഞ്ഞില്ല. ടീച്ചർ അകത്തുപോയി, പതിവായി പിച്ചക്കാർക്കു കൊടുക്കാറുളള ഒരു രൂപകൊട്ടൻ എടുത്തുകൊണ്ടുവന്ന്‌ പിച്ചക്കാരനുനേരെ നീട്ടി.

“വേണ്ടാ…”

അയാൾ കൈയുയർത്തി.

നന്ദിതാമിസ്സ്‌ അത്ഭുതത്തോടെ അയാളെ നോക്കി.

അയാൾ പോക്കറ്റിൽനിന്ന്‌ ഒരു കൊച്ചു പുസ്‌തകമെടുത്തു. സ്‌റ്റിക്ക്‌ ഈസി പേനയും. എന്നിട്ടു പറഞ്ഞുഃ

“അഞ്ചുരൂപയാണ്‌ വേണ്ടത്‌. അഞ്ചുരൂപ തരുന്നവരുടെ പേര്‌ ഈ ലിസ്‌റ്റിലെഴുതും. അടുത്ത ഒന്നാം തീയതി നറുക്കെടുപ്പു നടത്തും. ഒന്നാംസമ്മാനം ഒരുകിലോ സ്വർണ്ണമാണ്‌.”

‘അറ്റ്‌ലസ്‌ ജ്വല്ലറി ജനകോടികളുടെ വിശ്വസ്‌ത സ്ഥാപനം’- വികൃതഭാഷയിൽ വളിച്ച മുഖത്തോടെയുളള ടി.വി പരസ്യം കേൾക്കുന്നതുപോലെ.

ടീച്ചർ സ്വന്തം കൈവെളളയിലെ ഒറ്റരൂപ തുട്ടുനോക്കി. നിറംമങ്ങിയ കൊട്ടനുറുപ്പിക! ആരാണു പിച്ച?!

Generated from archived content: story5_may.html Author: ms_kumar

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here