കേരളത്തിലെ ഏറ്റവും വലിയ ജലാശയമാണ് വേമ്പനാട്ടുകായൽ. ആ വേമ്പനാട്ടുകായൽ ഇന്ന് അനുനിമിഷം മരിച്ചുകൊണ്ടിരിക്കുകയാണ്. തീരദേശവാസികളുടെ അക്ഷയപാത്രമാണ് വേമ്പനാട്ടുകായൽ. എറണാകുളം, കോട്ടയം, ആലപ്പുഴ എന്നീ ജില്ലകളിലെ ജനങ്ങളാണ് മുഖ്യമായും ഈ കായലിനെ ആശ്രയിക്കുന്നത്.
ഏതാണ്ട് പതിനഞ്ചുവർഷങ്ങൾക്കുമുൻപ് മുവാറ്റുപുഴയാറിൽനിന്നും വെളളൂർ ന്യൂസ്പ്രിന്റ് ഫാക്ടറിയിലെ മലിനജലം വേമ്പനാട്ടുകായലിൽ വന്നുചേരുന്നതിൽ പ്രതിഷേധിച്ചുകൊണ്ട് വൈക്കത്ത് പ്രാദേശിക ബന്ദ് സംഘടിപ്പിക്കുകയുണ്ടായി. എന്നാൽ അതൊന്നും അധികാരികളുടെ കണ്ണുതുറപ്പിക്കുവാൻ പര്യാപ്തമായില്ല. കായൽ സംരക്ഷിക്കുവാൻ തീരദേശവാസികൾ വേണ്ടത്ര ശുഷ്കാന്തി കാണിക്കുന്നില്ല. ആട്, കോഴി, പശു തുടങ്ങിയവ ചത്തുപോയാൽ മറവുചെയ്യാതെ കായലിൽ ഉപേക്ഷിക്കുന്നു. നാട്ടിലെമ്പാടുമുളള കോഴി ഷെഡ്ഡുകളിൽനിന്നുളള ‘വെയ്സ്റ്റുകൾ’ തളളാനും കായലിൽ സ്ഥലം കണ്ടെത്തുന്നു.
നമ്മുടെ കായൽ ടൂറിസം വിദേശികളെ ആകർഷിക്കുവാനുളള ഒരു നല്ല മാർഗ്ഗമാണ്. ആയിരത്തോളം ഹൗസ്ബോട്ടുകൾ കുമരകം, ആലപ്പുഴ കേന്ദ്രമാക്കി ഓടുന്നുണ്ട്. ഹൗസ്ബോട്ടിലെ മാലിന്യങ്ങൾ മുഴുവൻ കായലിൽ കുമിഞ്ഞുകൂടുകയാണ്. ശക്തികൂടിയ മോട്ടോർ ഘടിപ്പിച്ച എൻജിനിൽനിന്നും ഒഴുകിവരുന്ന എണ്ണകാരണം കായൽ മലിനപ്പെടുന്നു. കൂടാതെ മോട്ടോറിന്റെ നിലയ്ക്കാത്ത ശബ്ദം മത്സ്യങ്ങളുടെ സ്വൈരസഞ്ചാരത്തിന് വിലങ്ങുതടിയാകുന്നു.
മത്സ്യസമ്പത്തിന്റെ ഒരു നിധിപേടകമായിരുന്നു വേമ്പനാട്ടുകായൽ. എന്നാൽ ഇന്ന് ഒട്ടുമിക്ക മത്സ്യങ്ങളും വംശനാശഭീഷണി നേരിടുകയാണ്.
കൊയ്ത്തുകഴിഞ്ഞ നെൽപ്പാടങ്ങളിൽനിന്നാണ് മുൻകാലങ്ങളിൽ കായലിൽ ആറ്റുകൊഞ്ചുകൾ വന്നെത്തിക്കൊണ്ടിരുന്നത്. ഇന്ന് കൃഷിചെയ്യാത്ത നെൽപ്പാടങ്ങളാണ് എവിടെയും. എന്നാൽ കൃഷിചെയ്യുന്ന നെൽപ്പാടങ്ങളിലെ മാരകമായ കീടനാശിനിപ്രയോഗം കാരണം കൊഞ്ചും അപ്രത്യക്ഷമായി.
ഉപ്പ് ഇല്ലാത്ത സന്ദർഭങ്ങളിൽ ഒരു ശുദ്ധ ജലതടാകമായി കണ്ട് കുളിക്കുന്നതിനും പാത്രങ്ങൾ കഴുകുന്നതിനുംവരെ വേമ്പനാട്ടുകായൽ ഉപയോഗിക്കുന്നു. ദിവസവും കായലിൽനിന്നും അന്നന്നത്തേക്കുളള വക കണ്ടെത്തുന്നു സാധാരണക്കാരായ ലക്ഷക്കണക്കിനാളുകൾ.
കയർ-മത്സ്യബന്ധനമേഖലകളിൽ അടുത്തകാലത്തുണ്ടായ മാന്ദ്യം സാധാരണക്കാരെ തകർച്ചയുടെ വക്കിലെത്തിച്ചിരുന്നു. അപ്പോൾ കായലിൽനിന്നും കറുത്ത കക്ക വാരിയാണ് നല്ലൊരുവിഭാഗം ആളുകളും ഉപജീവനമാർഗ്ഗം കണ്ടെത്തിയത്. മലിനീകരണം നിമിത്തം നാശത്തിന്റെ വക്കിലെത്തിനില്ക്കുന്ന കായൽ അങ്ങനെ അനേകരുടെ അന്നവും അത്താണിയുമാണ്.
പലപ്പോഴും മത്സ്യങ്ങൾ കൂട്ടത്തോടെ കായലിൽ ചത്തുപൊങ്ങാറുണ്ട്. എന്നാൽ അതൊരു താത്കാലിക പ്രതിഭാസമാണെന്നാണ് അധികാരികളുടെ വിശദീകരണം.
കായൽക്കാറ്റും അലകളും സംഗീതവുമായി തീരങ്ങളെ വെളളിക്കൊലുസണിയിച്ച നമ്മുടെ വേമ്പനാട്ടുകായൽ മരിക്കുമോ? നമ്മുടെ ജലസമ്പത്ത് സംരക്ഷിക്കേണ്ട ബാദ്ധ്യതയും വിദേശ ഏജൻസികൾക്ക് തീറെഴുതിവയ്ക്കുംമുൻപ് കായൽ സംരക്ഷിക്കുവാൻ ഒരു കർമ്മപദ്ധതി ആവിഷ്കരിക്കേണ്ട സമയം വളരെ വൈകിയിരിക്കുന്നു.
Generated from archived content: essay5_may18.html Author: ms_devaraj