പ്രതിഷേധം
ഒരാളോട് അടങ്ങാത്ത പകയും വിദ്വേഷവും അസൂയയും വച്ചുപുലർത്തുന്നയാൾ അത് പ്രകടിപ്പിക്കാൻ പലവഴികൾ സ്വീകരിക്കും. ക്രൂരവും നീചവുമായിരിക്കും പല വഴികളും. ഇക്കൂട്ടരുടെ ജീവിതത്തിലെ ഏറ്റവും ഗൗരവമേറിയ വിഷയവും ഇതുതന്നെയാവും. ഒരു നാളെങ്കിലും സ്വസ്തയോടെ ഇവർക്ക് ഉറങ്ങാൻ സാധിക്കുമോ?
ഒരാളുടെ വ്യക്തിത്വത്തെ വികൃതമായി ചിത്രീകരിച്ചുകൊണ്ട് നിരന്തരം ഹാസ്യമെഴുതുന്നയാളിന്റെ ഉളളുനിറയെ ഇരുട്ടാവാനാണ് സാധ്യത. പുറമേയുളള വെളിച്ചം പകലിൽ മാത്രം ദർശിക്കാനുളളതാണെന്നു വ്യക്തം. അയാൾക്ക് വയസേറുന്തോറും ഇരുട്ടിന്റെ വ്യാപ്‌തി കൂടുന്നു. ഒന്നോ രണ്ടോ പേരല്ല സമൂഹത്തിൽ ഇങ്ങനെയുളളത്!
ഒരാളിനെ അവഹേളിച്ച് ലേഖനമെഴുതുന്നയാൾ എന്തിനാണ് സ്വന്തം പേരും, പരാമർശവിധേയന്റെ യഥാർത്ഥ പേരും മറച്ചുപിടിക്കുന്നത്? ഇത് ഭീരുത്വമാണ്. അക്ഷരം കൊണ്ട് ഒളിച്ചുകളിയാവരുത്. പിന്നീട് അക്ഷരം വഴങ്ങാതാവും. തന്റേടവും ധൈര്യവുമായിരിക്കണം എഴുതുന്നയാളിന്റെ മുഖമുദ്ര. ഭീരുത്വം എഴുത്തുകാർക്കുണ്ടാവേണ്ട മഹത്വമല്ലതന്നെ. ഇഷ്ടമില്ലാത്തതൊക്കെ തുറന്നെഴുതുകയെന്നത് എഴുത്തിന്റെ ശക്തിയെ തെളിയിക്കുന്നു.
വ്യാജനാമം ധരിച്ച് മറ്റൊരുവന്റെ വ്യക്തിത്വത്തിനുമേൽ അക്ഷരം വാരിവിതറുന്നത്, മുഖംമൂടിയണിഞ്ഞ് അന്യഭവനത്തിൽ ഭേദനം നടത്തുന്നതിന് തുല്യമാണ്. കഥാപാത്രത്തിന്റെ പേരിലും വ്യാജനിറം പകർന്ന് അസംബന്ധ വ്യാഖ്യാനങ്ങൾ നിരത്തിയെഴുതുക മാത്രമല്ല, അതിന്റെ പകർപ്പുകളെടുത്ത് കഥാപാത്രത്തിന്റെ പരിചയക്കാർക്ക് അയച്ചുകൊടുക്കുന്നതിൽ വരെ പരമാനന്ദം കണ്ടെത്തുന്നവന്റെ സാംസ്‌കാരികാധഃപതനം സ്വന്തം ഭാര്യപോലും സഹിക്കുമെങ്കിൽ അത് അത്ഭുതം തന്നെ! ആത്മസംതൃപ്തിക്ക് ഏത് ചീഞ്ഞവഴിയും സ്വീകരിക്കുന്ന ഇത്തരക്കാർക്ക് തല്ലും മരുന്നുമൊന്നും ഫലിക്കില്ല. വ്യാജൻമാരുടെ വിഷംനിറച്ച നാവുകൊണ്ടും പേനകൊണ്ടും എത്ര പണിപ്പെട്ടാലും സത്യത്തിന്റെ മുഖത്തിന് തരിമ്പുപോലും പോറലേൽക്കില്ല. വിയർപ്പിന്റെയും കണ്ണീരിന്റെയും ഉപ്പോളം വരുമോ, കുതന്ത്രശാലികളുടെ നാക്കിന്റെയും വാക്കിന്റെയും ശക്തി? പട്ടിയെത്രകുരച്ചാലും സൂര്യനുദിക്കാതിരിക്കുമോ?
Generated from archived content: essay6_dec9_06.html Author: mattath_venukumar