വരളുന്ന അരുവികൾ

‘എന്റെ ഗ്രാമം ഇതിലുമെത്ര സുന്ദരമാണ്‌!’ അയാളോർത്തു.

സമ്പദ്‌സമൃദ്ധികൊണ്ട്‌ വീർപ്പുമുട്ടുന്ന അമേരിക്കയിൽ എത്തിപ്പെട്ട്‌ ഇവിടുത്തെ ഒഴുക്കിൽപ്പെട്ടുപോയവരുടെ ഭാവമേ! അമ്പോ എന്തൊരു ദുസ്സഹമാ!

‘ഡോളർകണ്ട്‌ മഞ്ഞളിച്ച കണ്ണുകളിലും മനസ്സുകളിലും കരുണയുടെയും ആർദ്രതയുടെയും അരുവി വറ്റിപ്പോയല്ലോ.’

അയാൾ വേദനയോടെ ഓർത്തു.

ഒരേ സംസ്‌കാരത്തിൽനിന്നു വന്നവർപോലും ഇവിടെ കിടമത്സരമാണ്‌. പുറമെ മനോഹരമായ ചിരി. അകമേ ക്രൂരമായ പല്ലിറുമ്മൽ.

പരസ്‌പരം അംഗീകരിക്കാനെന്താ ഇത്ര പ്രയാസം!

തോമാച്ചൻ അമേരിക്കയിൽ വന്നത്‌ പാപ്പരായിട്ടാണ്‌. അദ്ധ്വാനം കൊണ്ടയാൾ തെളിഞ്ഞു.

എന്താ, അതിനിത്ര അസൂയപ്പെടാൻ!

തോമാച്ചൻ വിലകൂടിയ കാറുവാങ്ങിയതും ഫ്ലാറ്റ്‌ വാങ്ങിയതുമൊന്നും നാട്ടുകാരായ സഹജീവികൾക്ക്‌ അങ്ങോട്ട്‌ പിടിക്കുന്നില്ല.

“ങ്‌ഹാ, അവനത്രയ്‌ക്കായോ! അവനെക്കാൾ മുന്തിയ കാറും വീടും എനിക്കുവേണം. അവന്റെ മുന്നിൽ മോശമാകാൻ പാടില്ല.”

കണ്ടില്ലേ; ഇതാണ്‌ ഇവിടുത്തെ കുഴപ്പം.

അന്തോണി രണ്ടു കഥാപുസ്‌തകം എഴുതി പുറത്തിറക്കിയതുപോലും സഹിക്കാത്തവരുണ്ട്‌. അത്‌ മോട്ടിച്ചതാണെന്നും ചപ്പുചവറാണെന്നും പ്രചരിപ്പിക്കുന്നവർക്ക്‌ വേറെ ഒരു പണിയുമില്ലേ?

എന്നും കാണുന്നവർപോലും പരസ്‌പരം നേട്ടങ്ങളിൽ അസഹിഷ്‌ണുക്കളാവാൻ ഒത്തിരി സമയമൊന്നും വേണ്ടന്നായിരിക്കുന്നു.

ദൈവമേ, എന്തൊരു ലോകമാ ഇത്‌.

ക്രിസ്‌തു ഇതൊക്കെയാണോ നമ്മെ പഠിപ്പിച്ചത്‌?

അയാൾ നഷ്‌ടബോധത്തോടെ ഓർത്തു.

നന്മ കളിയാടിയിരുന്ന എന്റെ കേരളനാട്ടിലെ ഗ്രാമങ്ങളിലും ഇതൊക്കെ തന്നെയാണോ അവസ്ഥ!

അല്‌പം ആശ്വാസത്തിന്റെ പച്ചത്തുരുത്ത്‌ സ്വന്തം ഗ്രാമമായിരുന്നു. അതും ഉണങ്ങിപ്പോയോ?

കഴിഞ്ഞ തവണയും നാട്ടിൽ പോയപ്പോൾ നൊമ്പരമൂറുന്ന ഒരുപാട്‌ അനുഭവങ്ങൾ ഹൃദയത്തിലടച്ചാണ്‌ മടങ്ങിയത്‌.

മനുഷ്യർ പരസ്‌പരം അകന്നുപോകുന്നതുപോലെ.

ദൈവമേ, ഇതെന്തൊരു കാലമാ…!

ഈ ഭൂമി മുഴുവനും വിഷപ്പാമ്പുകളെക്കൊണ്ട്‌ നിറയുകയാണോ?

ഈ വേരുകൾ പൊട്ടിച്ച്‌ സ്വന്തം മണ്ണിലേക്ക്‌ തിരിച്ചു കുടിയേറാനാവുമോ?

ആ പ്രവാസി വരണ്ടുപോകുന്ന അരുവികളെയോർത്ത്‌ നിസ്സഹായനായി ഇരുന്നു.

Generated from archived content: story11_sep.html Author: mathew_nellikkunnu

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here