നിരൂപകന്മാരുടെ വേർതിരിവ്‌

മൂന്നുതരം നിരൂപകൻമാരെങ്കിലും ഇന്ന്‌ മലയാളത്തിലുണ്ട്‌. ആനുകാലിക പ്രസിദ്ധീകരണങ്ങൾ വഴിയും അല്ലാതെയും അച്ചടിമഷി പുരണ്ടുവരുന്ന കൃതികളെ അവർ വിലയിരുത്തുന്നു. അവരുടെ വിലയിരുത്തലിന്റെ രീതി കണ്ടിട്ടാണ്‌ മൂന്നു കൂട്ടരുണ്ടല്ലോയെന്നു ചിന്തിച്ചുപോകുന്നത്‌.

ആദ്യത്തെ കൂട്ടർ ബഷീറിന്റെ ഒറ്റക്കണ്ണൻ പോക്കറെന്ന മുച്ചീട്ടുകളിക്കാരനെ ഓർമ്മിപ്പിക്കുന്നു. കാഴ്‌ചയുളള കണ്ണുകൊണ്ട്‌ അവർ വേണ്ടപ്പെട്ടവരുടെ സൃഷ്‌ടികൾ വായിക്കുന്നു. ആസ്വദിച്ചാലും ഇല്ലെങ്കിലും പ്രസ്‌തുത കൃതികളെ പുകഴ്‌ത്തുന്നു. മറ്റേക്കണ്ണുകൊണ്ട്‌ ബാക്കിയുളളവരുടെ കൃതികൾ ഓടിച്ചുനോക്കുന്നു.

രണ്ടാമത്തെ കൂട്ടരെ ‘ശവംതീനി ഉറുമ്പുക’ളെന്ന്‌ വിളിക്കാം. മൃതന്മാരായ സാഹിത്യകാരെ മതി അവർക്കു ക്ഷുത്തു ശമിപ്പിക്കാൻ. ഈവിയും സഞ്ഞ്‌ജയനും മറ്റുമാണ്‌ അവർക്ക്‌ ഏറെ പഥ്യം. ഇപ്പോൾ ജീവിച്ചിരിക്കുന്ന എഴുത്തുകാർ നല്ലതെഴുതിയാലും ഈ നിരൂപകർ കടിച്ചുനോവിക്കും.

മൂന്നാമത്തെ കുട്ടരെ വി.കെ.എൻ പയ്യൻസ്‌ എന്നു നാമകരണം ചെയ്യാം. വി.കെ.എൻ എഴുതിയ കഥയില്ലായ്‌മകൾപോലും ഇവർക്ക്‌ മഹത്തായ ഹാസ്യം. തുളുബ്രാഹ്‌മണനായ സുകുമാറും ഗണകസമുദായത്തിൽപ്പെട്ട വേളൂർ കൃഷ്‌ണൻകുട്ടിയും നല്ലതെഴുതിയാലും പയ്യൻസ്‌ അവയെയൊക്കെ പുച്ഛിക്കുന്നു; വായിക്കാതെതന്നെ. (ജർമ്മൻകവി ഗ്വെയ്‌ഥേ ‘തട്ടുവിനാപട്ടിയെ, അവനൊരു പുസ്‌തക നിരൂപകൻ’ എന്നു പറഞ്ഞത്‌ ഇവരെക്കുറിച്ചൊന്നുമല്ലേയല്ല.)

ഈ മൂന്നു കൂട്ടരുംകൂടി ഉയർത്തുന്ന പൊടിപടലങ്ങളും മാറാലകളും ചപ്പുചവറുകളും ദുരീകരിക്കാൻ നല്ലവരും വിവരമുളളവരുമായ വായനക്കാർക്കു കഴിയും-പത്രാധിപർക്കുളള കത്തുകൾ എന്ന ചൂലുകൾ മുഖാന്തരം!

Generated from archived content: essay10_dec.html Author: mathew_c_abraham

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here