ആദ്യാക്ഷരം

അക്ഷരം നിൻമുമ്പിലനവദ്യ വിളയാട്ട-

മാടുമ്പൊഴമ്മേ…പ്രപഞ്ചമുണരുന്നു

അക്ഷരരൂപിണീ തുടിക്കുമൊരു കണികയും

അറിവിന്റെ ഹരിശ്രീജപമാല കോർക്കുന്നു

ആയിരമിരുളാർന്ന രാത്രി പകലാകുന്നു

ആയിരമിളം മനസ്സിലാദിത്യനുണരുന്നു

അണ്ഡകടാഹത്തിലായിരം നക്ഷത്ര-

മനുപമം മിന്നിത്തുടങ്ങുന്നറിവായി

അറിവിന്റെ ഉറവായി അക്ഷരം മനതാരി-

ലണയുമ്പൊഴാപ്പിഞ്ചു ചിത്തം ത്രസിക്കുന്നു

അരുളുന്നു ഗുരുനാഥ-

നിന്നിവിടെത്തുടങ്ങുന്നു കുഞ്ഞേ…

അക്ഷരക്കൂട്ടങ്ങളർത്ഥങ്ങളാകുന്ന നൽവഴി

അറിവിന്റെ ഗൂഢ സ്രോതസ്സുകൾതേടി

അക്ഷരത്തേരിലവിശ്രമം പോകനീ…

അകമകക്കാമ്പിലക്ഷര മാർഗ്ഗേണ

അരുളുന്ന നിറവാർന്ന പുസ്‌തകം കാണണം

അതു നീ തുറന്നുനിൻ മനോബുദ്ധികൾ

അപ്പാടെ നൽകി നന്നായി വായിച്ചറിയണം

അക്ഷരമക്ഷയം, അതിഗൂഢമദ്വയം

അറിവന്ത്യമോളം തരുന്ന സത്യസ്വരൂപം.

അതുമറന്നാലറിവിന്നു പൂർണ്ണതയില്ല

അതുനിന്റെയന്തഃക്കരണത്തിലെ മൊഴി

അക്ഷരത്തോണി തുഴഞ്ഞു നീ നീങ്ങുക

അതിരുകൾക്കപ്പുറം നീ വളർന്നീടുക.

Generated from archived content: poem1_mar.html Author: manojkumar_ishwarya

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here