ഉണ്ണിയെ അമ്മ എണ്ണയും പയറുപൊടിയും തേച്ച് കുളിപ്പിക്കാറുണ്ട്. മുത്തച്ഛനെ കുളിപ്പിച്ചിരുന്നത് വേലുനായരും. മുത്തച്ഛന്റെ കുളി നോക്കിനിൽക്കരുതെന്ന് അമ്മ അവനോടു പറയാറുണ്ട്. പക്ഷേ അവൻ നോക്കിനിൽക്കുന്നത് മുത്തച്ഛൻ ഇഷ്ടപ്പെട്ടു. അദ്ദേഹം തന്റെ ചുവന്ന മോണകൾ കാട്ടി പൊട്ടിച്ചിരിച്ചു.
“അവൻ കണ്ടോട്ടെ. കാണാൻ പാടില്ലാത്തതൊന്നും ഇവിടെ നടക്ക്‌ണൂല്യ. നാണം തോന്നാൻ ഞാനൊരു പെൺകിടാവല്ല”.
അദ്ദേഹം മകളോട് പറഞ്ഞു. വേലുനായർക്കാണ് നാണം അനുഭവപ്പെട്ടത്. മുണ്ടും അരയിൽ ഒരു തോർത്തും ഉണ്ടായിരുന്നുവെങ്കിലും ആ മനുഷ്യൻ മുഖംതിരിച്ചു. ജാള്യതയോടെ മന്ദഹസിച്ചു.
മുത്തച്ഛന്റെ വിസ്തൃത നഗ്നത ഉണ്ണിയെ അമ്പരിപ്പിച്ചു. വെളുത്ത് തടിച്ച ശരീരം. വയറിന്റെ വലുപ്പം ഉണ്ണിയെ ഗണപതി വിഗ്രഹത്തെ ഓർമ്മിപ്പിച്ചു. കുളിപ്പിച്ച് തുവർത്തിക്കൊടുത്തതും വേലുനായരാണ്. അതിനുശേഷം ഭസ്മം നനച്ച് നെഞ്ചത്തും നെറ്റിയിലും കൈത്തണ്ടമേലും വേലുനായർ ഓരോ വരവരച്ചു. ക്രമേണ ഭസ്മം ഉണങ്ങുകയും വെളുക്കുകയും ചെയ്തു. മുത്തച്ഛന്റെ അരയിൽ ഉണ്ടായിരുന്ന നനഞ്ഞ ഈരെഴതോർത്ത് നീക്കി വേലുനായർ അദ്ദേഹത്തിനെ ഒരു അലക്കിയമുണ്ട് ഉടുപ്പിച്ചു. നനഞ്ഞുനേർത്ത വെളുത്തമുടി രണ്ടുതവണ തടവി. മുത്തച്ഛന്റെ കമനീയരൂപത്തെ മതിപ്പോടെ ഉണ്ണി നോക്കികണ്ടു.
“മുത്തച്ഛാ, എപ്പഴാ കുഞ്ഞിവാവ വര്ാ” അവൻ ചോദിച്ചു.
വേലുനായർ സ്വന്തം വാപൊത്തി ചിരിച്ചു. നാലു വയസുമാത്രം പ്രായമായ കുട്ടിയല്ലേ? അവനോട് എന്തു പറയാനാണ്? ആണുങ്ങൾ പ്രസവിക്കാറില്ലെന്ന് പറയുകയോ?
“കുട്ടി മുത്തച്ഛനെ ശല്യപ്പെടുത്തണ്ട. മുറ്റത്ത് എറങ്ങി കളിച്ചോളൊ. അങ്ങേ വീട്ടിലെ സുരേഷിനെ ഞാൻ വിളിക്കണോ?”
വേലുനായർ ചോദിച്ചു. കുട്ടി വീണ്ടും മുത്തച്ഛന്റെ വയറിനെപ്പറ്റി ചിന്തിച്ചു. മുത്തച്ഛൻ പ്രസവിക്കുന്നത് കുഞ്ഞിവാവയെയായിരിക്കുമോ? അതൊ, ഒരു പശുവായിരിക്കുമോ ജനിക്കുക? വയറ്റിനകത്ത് ആറ് കുഞ്ഞിവാവകൾക്ക് കിടക്കാനിടമുണ്ട്… ഉണ്ണി മുത്തച്ഛന്റെ മടിയിൽ കയറിയിരുന്നു.
“ഏമാനെ ശല്യപ്പെടുത്തണ്ട. ഞാൻ സുരേഷിനെ വിളിക്കാം. രണ്ടാളുംകൂടി പന്ത് തട്ടി കളിച്ചോളൊ.” വേലുനായർ പറഞ്ഞു.
“ഉണ്ണീ ഇവിടെ വാ, എന്തിനാ നീ അച്ഛനെ ബുദ്ധിമുട്ടിക്കണ്?” അമ്മ അടുക്കളിയിൽ നിന്ന് വിളിച്ചു ചോദിച്ചു.
“എപ്പഴാ കുഞ്ഞിവാവ വര്ാ?” ഉണ്ണി വീണ്ടും മുത്തച്ഛനോട് ചോദിച്ചു.
“അത് നീ നിന്റെ അമ്മയോട് ചോദിക്ക്. അല്ലെങ്കില് അച്ഛനോട് ചോദിക്ക്”. മുത്തച്ഛൻ പറഞ്ഞു.
ഗ്ലാസിൽ കൃത്രിമ ദന്തനിരയുമായി വേലുനായർ യജമാനനെ സമീപിച്ചു. ദന്തങ്ങൾ വായിൽ സ്ഥാപിച്ചതിനു ശേഷമാണ് മുത്തച്ഛൻ ഉണ്ണിയെ നോക്കി വിസ്തരിച്ചു ചിരിച്ചത്.
(ഈ കഥ മറ്റ് പ്രസാധകർ മോഷ്ടിക്കരുത്)
Generated from archived content: story7_novem5_07.html Author: madhavikutti
Click this button or press Ctrl+G to toggle between Malayalam and English