പ്രായശ്ചിത്തം

പത്തിരുപത്തഞ്ചുകൊല്ലം കടന്നുപോയി. അയാൾ വീണ്ടും ആ ഗ്രാമത്തിലേക്ക്‌ വന്നപ്പോൾ ആരും കണ്ടുപരിചയം നടിച്ചില്ല. ഗ്രാമം ഒന്നു കൊഴുത്തു. ഓടിട്ട വീടുകൾക്ക്‌ പകരം കോൺക്രീറ്റ്‌ ഭവനങ്ങൾ. പുതിയ പേരുകളുള്ള ഹോട്ടലുകൾ. ചോറ്‌ തയ്യാർ എന്ന്‌ എഴുതിയ ബോർഡുകൾ. സ്‌റ്റേറ്റ്‌ ബാങ്കിന്റെ ശാഖ. പുതിയ ഫോട്ടോ സ്‌റ്റുഡിയോ. ജനങ്ങളും അലക്കിത്തേച്ച വസ്‌ത്രങ്ങൾ ധരിച്ചിരിക്കുന്നു.

താൻ പഠിച്ചിരുന്ന സ്‌കൂളിനുവേണ്ടി അയാളുടെ കണ്ണുകൾ പരതി. കാണാനില്ല. ബി ടി എസ്‌ പാരലൽ കോളേജ്‌ എന്ന്‌ പേര്‌ വിളംബരപ്പെടുന്ന ഒരു കോളേജ്‌ കണ്ടു.

“എലിമെന്ററി സ്‌കൂൾ എവിടെ?” അയാൾ ഒരാളോട്‌ ചോദിച്ചു. അയാൾ ഒരു വിറക്‌ കെട്ട്‌ ചുമന്നാണ്‌ നടന്നത്‌. “അറീല്യ.” വിറകുകാരൻ നിർവ്വികാരനായി പറഞ്ഞു. എന്നിട്ട്‌ നടത്തത്തിന്‌ ധൃതികൂട്ടി. അയാൾ ചായ കുടിക്കുവാൻ ഒരു ഹോട്ടലിൽ കയറിച്ചെന്നു.

“ഒരു ചായ” അയാൾ പറഞ്ഞു.

‘കടി വേണ്ടേ? ഇഡ്‌ഡലി? ഉഴുന്നുവട?“ ഹോട്ടൽ ജീവനക്കാരൻ ഭവ്യതയോടെ ചോദിച്ചു.

’ശെരി. കൊണ്ടുവരൂ‘ അയാൾ പറഞ്ഞു. ഹോട്ടൽ ഉടമയെന്നു തോന്നിപ്പിക്കുന്ന ഒരു സ്ഥൂലശരീരൻ ആഗതനെ സമീപിച്ചു ഃ ”ആരാ? തൃശ്ശൂരിന്ന്‌ വര്‌​‍ാണോ? ഇതിനു മുമ്പ്‌ കണ്ടിട്ടില്യ“.

”തൃശ്ശൂരിന്നല്ല. തിരുവനന്തപുരത്ത്‌ന്നാ. ഞാൻ ഇബടെയൊക്കെ കെടന്ന്‌ വളർന്നതാ. മാധവൻകുട്ടി. തെക്കേടത്തെ അമ്മിണിയമ്മേടെ മകനാ“.

”തെക്കേടത്തെ അമ്മിണിയമ്മ! കേട്ടിട്ട്‌ണ്ട്‌. ഞാൻ ജനിക്കുമ്പഴേക്കും അവരൊക്കെ മരിച്ചുപോയി. ഇയ്‌ക്ക്‌ വയസ്‌ ഇരുപത്താറാ“. ഹോട്ടലുടമ പറഞ്ഞു. ഏകദേശം ഒരു ക്ഷമാപണസ്വരമാണ്‌ അയാൾ ഉപയോഗിച്ചത്‌. താൻ ചെറുപ്പമാണെന്ന്‌ പറയുവാൻ എന്തിനാണ്‌ മടിക്കുന്നത്‌. മാധവൻ കുട്ടി ചായ കഴിഞ്ഞ്‌ പണം എണ്ണിക്കൊടുത്ത്‌ ഹോട്ടൽവിട്ടു.

”എലിമെന്ററി സ്‌കൂള്‌ എവിടെയാന്നാ ചോയിച്ചത്‌“. മേശ തുടച്ച പയ്യൻ പറഞ്ഞു. ”ഏതാപ്പാ അങ്ങനെ ഒരു സ്‌കൂള്‌“.

”തെക്കേടത്തെ വീടല്ലേ നൊമ്മടെ മൊഹമ്മദുണ്ണി വാങ്ങീത്‌? പറേണ്‌ കേട്ട്‌ണ്ട്‌. ഇപ്പൊ അയിന്‌ പകരം മൊഹമ്മദുണ്ണീടെ മണിമാളികയാ“.

ഹോട്ടൽ ഉടമ ആത്മഗതംപോലെ. മാധവൻകുട്ടി പിന്നെ പോയത്‌ അമ്പലക്കുളത്തിലേക്കാണ്‌. അവിടെ കുളിക്കുന്നവർ എല്ലാം അപരിചിതർ. ഈ നാട്ടിൽ വാർദ്ധക്യം ബാധിച്ചവർ ഇല്ലെന്നോ? ഈ ഗ്രാമത്തിൽ നിത്യവസന്തമോ? കുളത്തിന്റെ തീരത്ത്‌ തെങ്ങ്‌ കയറ്റം നടത്തിച്ചുകൊണ്ട്‌ ഒരു മധ്യവയസ്‌കൻ നിന്നിരുന്നു. അയാളും പരിഷ്‌കരിച്ച ഒരു ഷർട്ട്‌ ധരിച്ചിരുന്നു.

”ഞാൻ തെക്കേടത്തെ മാധവൻകുട്ടിയാണ്‌. പണ്ട്‌ ഇബടെ മാഷായിരുന്നു. എലിമെന്റി സ്‌കൂളില്‌. പിന്നെ സിംഗപ്പൂരിൽ പോയി.“ മാധവൻകുട്ടി സ്വയം പരിചയപ്പെടുത്തി.

”തെക്കേടത്തുകാരൊക്കേം മരിച്ചു. കോളറേർന്ന്‌. സിംഗപ്പൂര്‌ ഒരാള്‌ണ്ടെന്ന്‌ കേട്ടിട്ടൂല്യ“.

”അതെന്റെ തെറ്റാ. ഞാൻ ആർക്കും എഴുതീല്യ. ആരേം അന്വേഷിച്ചൂല്യ.“

”ഇപ്പോ എന്തേ ഈ വഴിക്ക്‌ പോരാൻ കാരണം?“

മാധവൻകുട്ടി ചിരിച്ചു. ”നാട്‌ കാണാൻ വന്നതാ. സിംഗപ്പൂര്‌ പോയി കൊറച്ച്‌ സ്വത്തൊക്കെ സമ്പാദിച്ചു. കുട്ട്യോളില്ല. ഭാര്യ തീരെ കെടപ്പാ. ആമവാതം. നോക്കാൻ തക്കതായ ആരൂംല്യാ“

”വേലക്കാരികളെ ഈ പ്രദേശത്ത്‌ കിട്ടില്യ. നാട്‌ വിടാൻ എല്ലാവർക്കും മടിയാ. ഇബടെ അംഗൻവാടീല്‌ ചേരും. അല്ലെങ്കിൽ തയ്യൽപ്പടിച്ച്‌ വീട്ടില്‌ മെഷീൻ ഇടും. അത്രതന്നെ. പട്ടാമ്പീപ്പോയാ കിട്ടുമായിരിക്കും. മാധവൻകുട്ടി തലകുലുക്കി. കലങ്ങിയ സ്വരത്തിൽ അയാൾ ചോദിച്ചു. പണ്ട്‌ അമ്പലക്കുളത്തിന്റെ അടുത്ത്‌ ഒരു പൊട്ടിപ്പെണ്ണ്‌ ഉണ്ടായിരുന്നില്യേ? മിണ്ടാൻവയ്യാത്ത ഒരു തങ്കമണി?

“അത്‌ പെഴച്ചുപെറ്റു. പിന്നെ എവിടേം പണിക്ക്‌ പൂവാതെയായി. മുറ്റത്ത്‌ ഇരുന്ന്‌ കയറുപിരിക്കും. അയിന്റെ പെണ്ണ്‌ പാടത്തൊക്കെ പൂവും. നല്ല ജോലിക്കാരിയാ. കാശ്‌ ഉണ്ടാക്കി തള്ളേ തീറ്റും”.

“അവര്‌ എവിടെയാ താമസം?”

“ആ പഴയ പൊരേലത്തന്നെ. അവറ്റയൊന്നും ഈ നാട്‌ വിട്ട്‌ പൂവില്യ. തീർച്ചയാ. പൊറത്തെക്ക്‌ പോണ്ട ആവശ്യോല്യ”

മാധവൻകുട്ടി ഒരു ഞെട്ടലോടെയാണ്‌ ആ വാക്കുകൾ കേട്ടത്‌. തന്റെ മകളായിരിക്കുമോ പൊട്ടിപ്പെണ്ണ്‌ പ്രസവിച്ചത്‌? ജീവിതത്തിൽ ആദ്യമായി ഒരു തെറ്റ്‌ പറ്റിയതാണ്‌. അതിന്‌ എന്ത്‌ പ്രായശ്ചിത്തവും ചെയ്യാൻ തയ്യാറാണ്‌. ചെന്ന്‌ കയറിയപ്പോൾ അമ്മയും മകളും അയാളോട്‌ ഇരിക്കാൻ പറഞ്ഞില്ല. രണ്ടുപേരും പണിത്തിരക്കിലായിരുന്നു. പൊട്ടിപ്പെണ്ണ്‌ വാർദ്ധക്യം ബാധിച്ച്‌ ദുർബലയായി കാണപ്പെട്ടു. മകൾ അരോഗദൃഢഗാത്ര. തന്റെ കൂട്ടുപുരികം പൈതൃകമായി ലഭിച്ചവൾ.

“എനിക്ക്‌ ആരുമില്ല. ഞാൻ നിങ്ങളെ രണ്ടുപേരെയും എന്റെ കൂടെ കൊണ്ടുപോവാൻ ആഗ്രഹിക്കുന്നു”. അയാൾ ഒരുവിധം പറഞ്ഞൊപ്പിച്ചു. കഥ നീണ്ടതായിരുന്നു. കഥനത്തിനിടയിൽ കരയുകയും മൂക്ക്‌ ചീറ്റലും ഉണ്ടായി. പക്ഷെ പൊട്ടിപ്പെണ്ണ്‌ ഒരു ശബ്ദവും ഉച്ചരിച്ചില്ല. മകൾ വാഴയുടെ കട കിളച്ചുകൊണ്ടിരിക്കുന്നു.

“ഇയ്‌ക്ക്‌ ഇഞ്ഞി ഒര്‌ ചീത്തപ്പേര്‌ സമ്മാനിക്കാനാണോ ഇങ്ങള്‌ ഈ ദൂരം വന്നത്‌?” അവൾ ചോദിച്ചു. “ഇയ്‌ക്ക്‌ നിങ്ങടെ സൊത്തും വേണ്ട. ഇയ്‌ക്ക്‌ ഒരച്ഛനേം വേണ്ട. ഞങ്ങള്‌ പാവങ്ങളാ. പക്ഷെ മാനംകാത്ത്‌ ജീവിയ്‌ക്ക്യാണ്‌. ഇങ്ങള്‌ വേഗം ഈ സ്ഥലം വിടണം”. അവൾ തുടർന്നു. മാധവൻകുട്ടി തന്റെ കണ്ണുകൾ തൂവാലകൊണ്ട്‌ തുടച്ചു. തങ്കമണിയും പ്രതികരിച്ചില്ല. അയാൾ മുഖം ഉയർത്താതെ ബസ്‌സ്‌റ്റോപ്പിലേക്ക്‌ നടന്നു.

Generated from archived content: story7_mar31_07.html Author: madhavikutti

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here