(മാധവിക്കുട്ടിയുടെ ‘ഫ്രഷ്’ കഥ – 11)
ബസ്സിൽ കയറിയിരിക്കുവാൻ ശ്രമിക്കുമ്പോൾ തന്നെ അയാൾ ആ സ്‌ത്രീയെ ശ്രദ്ധിച്ചു.
തുടുത്ത കവിളുകളുളള മദ്ധ്യവയസ്‌ക. വിദേശത്ത് ധാരാളമായി ലഭിക്കുന്ന ഒരു കൃത്രിമ പട്ടുസാരി വലിച്ചുവാരി ഉടുത്തിരുന്നു. കാലുകൾക്ക് മുൻവശത്ത് ഒരു പ്ലാസ്‌റ്റിക് സഞ്ചിയിൽ ജീരകവെളളം നിറച്ച കുപ്പികൾ, വർത്തമാനക്കടലാസിൽ പൊതിഞ്ഞ ചെറിയ പലഹാരങ്ങൾ മുതലായവ അയാൾ കണ്ടു.
ഇന്ന് തന്റെ അമ്മ ജീവിച്ചിരുന്നുവെങ്കിൽ അവരും യാത്ര പുറപ്പെടുമ്പോൾ ഇത്തരം സഞ്ചികൾ കൈവശം കരുതുമായിരുന്നു. അയാളോർത്തു.
അവരുടെ ഇടതുവശത്തെ സീറ്റ് ഒഴിഞ്ഞു കിടന്നു. അയാൾ സങ്കോചത്തോടെ ആ സീറ്റിലേക്ക് നടന്നപ്പോൾ ആ സ്‌ത്രീ പറഞ്ഞു.
“സൂക്ഷിക്കണം, എന്റെ ഇടത്തെ കാലിന്മേൽ നീരുണ്ട്.”
കാൽവണ്ണ ചുവന്നും തടിച്ചും കാണപ്പെട്ടു. തന്റെ അമ്മ പ്രമേഹരോഗത്താൽ മരിച്ചു. അവരുടെ കാലുകളിലും നീരുണ്ടായിരുന്നു.
“കൊച്ചീല് ഒരു സിദ്ധവൈദ്യൻ ഉണ്ട്‌ന്ന് പറേണ് കേട്ടു. ഒന്ന് പരീക്ഷിയ്‌ക്കാലൊ എന്നുകരുതി പോന്നതാ.”
ആ അപരിചിത പറഞ്ഞു.
“പ്രമേഹാണോ?” അയാൾ ചോദിച്ചു.
“പ്രമേഹോം ഹാർട്ടിന്റെ സൂക്കടോം ഒക്കെണ്ട്. പത്ത് പന്ത്രണ്ട് കൊല്ലായി ഇതും കൊണ്ട് നടക്കുന്നു.”
മദ്ധ്യവയസ്‌ക പിറുപിറുത്തു.
“വൈദ്യനെ കണ്ട്വോ?”
ആ സ്‌ത്രീ ചിരിച്ചു.
“ഇല്യ. വൈദ്യര് ഹജ്ജിന് പോയിരിയ്‌ക്ക്യാ. ഇഞ്ഞി വരാൻ ഒര്‌മാസം പിടിക്കും. വെറുതെയായി യാത്ര. കാലാകെ ചുളുചുളു കുത്ത്ാ…”
ആ സ്‌ത്രീയുടെ സംഭാഷണശൈലിയും അയാളെ സ്വന്തം മാതാവിനെ ഓർമ്മിപ്പിച്ചു.
അവർ ഒരു ദീർഘശ്വാസത്തോടെ തന്റെ ജീവിതകഥ പറഞ്ഞു തുടങ്ങി.
അവരുടെ ആവേശം കെടുത്താനെന്നമട്ടിൽ അയാൾ പറഞ്ഞു.
“ഞാൻ ചാലക്കുടീല് എറങ്ങുംട്ടൊ. കഥ മുഴുവനും കേക്കാൻ സാധിക്കില്യ.”
എന്നിട്ടും രോഗിണി കഥ തുടർന്നു. അവരുടെ പരുക്കൻ സ്വരം അയാളെ നിദ്രയിലാഴ്‌ത്തി. പിന്നീട് ചാലക്കുടിയിൽവച്ച് അവർ അയാളെ തൊട്ടുവിളിച്ചുണർത്തി.
“ചാലക്കുടിയായി.”
“അറിഞ്ഞില്യ. ഒറങ്ങിപ്പോയി.” അയാൾ മന്ത്രിച്ചു.
“നേരം പോയത് ഞാനും അറിഞ്ഞില്യ.” മദ്ധ്യവയസ്‌ക പ്രസ്‌താവിച്ചു.
എഴുന്നേറ്റ് നടക്കുമ്പോൾ അയാളുടെ ഷൂസ് തട്ടി ആ സ്‌ത്രീ വേദനയാൽ ഞരങ്ങി.
“സോറിട്ടൊ. ഞാൻ അറിഞ്ഞില്യ.”
അയാൾ പിന്നിലേക്ക് തിരിഞ്ഞുനോക്കിക്കൊണ്ട് പറഞ്ഞു.
ആ സ്‌ത്രീയുടെ തടിച്ച കാലടിമേൽ രക്തം പൊടിഞ്ഞിരുന്നു.
“ഞാൻ നിങ്ങളെ ആശുപത്രീല് കൊണ്ടുപോണോ?”
അയാൾ ചോദിച്ചു.
“വേണ്ട, ഞാനെങ്ങട്ടും പോണില്യ.”
അവർ തലയാട്ടിക്കൊണ്ട് പറഞ്ഞു.
“എന്റെ ഓഫീസിന്റെ സമയായി. ഞാൻ പോവട്ടെ.”
അയാൾ ബസ്സിൽ നിന്ന് ഇറങ്ങിയപ്പോൾ രോഗിണി തന്റെ കൃത്രിമ പട്ടുസാരിയുടെ കോന്തലകൊണ്ട് മുഖം തുടച്ചു. അവർ കുറെനേരം തേങ്ങിക്കൊണ്ടിരുന്നു. ആരും അവരെ ശ്രദ്ധിച്ചില്ല.
Generated from archived content: story6_may.html Author: madhavikutti