രാഷ്‌ട്രീയത്തിൽ നിന്ന് ധനം നേടുന്നവർ ആ ധനത്തിൽനിന്ന് ആത്മവിശ്വാസവും, ആത്മവിശ്വാസത്തിൽനിന്ന് ലൈംഗികമായ ഉത്തേജനവും സമ്പാദിക്കാറുണ്ട്. അങ്ങനെയുളള പുരുഷകേസരിമാരെപ്പറ്റി ജനം അടക്കിയ സ്വരത്തോടെ പറയാറുണ്ട്. അവരെപ്പറ്റി ഇതിഹാസങ്ങൾ ഭാവനയിൽ നെയ്‌തെടുക്കാറുമുണ്ട്.
അത്തരത്തിലുളള ഒരു കേസരിയുടെ വെപ്പാട്ടിയാകുവാൻ ഭാഗ്യം സിദ്ധിച്ച പാറുക്കുട്ടിടീച്ചർക്ക് സംതൃപ്‌തനായൊരു കാമുകൻ അഞ്ചുസെന്റ് സ്ഥലവും ഓടിട്ട വീടും വഴിയേ സമ്മാനിക്കുകയും ചെയ്‌തിരുന്നു. മാസത്തിലൊരിക്കലെങ്കിലും നേതാവ് അവളെ സന്ദർശിക്കുകയും അവൾ പാചകം ചെയ്‌ത ചോറും മീൻകറിയും തിന്ന് അവളുടെ മെത്തയിൽ കിടന്ന് പുലരുംവരെ കൂർക്കംവലിച്ച് ഉറങ്ങുകയും ചെയ്യാറുണ്ടായിരുന്നു.
സ്വാതന്ത്ര്യസമരസേനാനിയും നാട്ടുപ്രമാണിയുമായ ആ മഹാന്റെ സാമീപ്യം പാറുക്കുട്ടിയെ വികാരതരളിതയാക്കി. ചാരായത്തിന്റെയോ സിഗരറ്റിന്റെയോ ദുർഗന്ധം അവൾക്ക് ക്രമേണ സുഗന്ധമായി പരിണമിക്കുകയും ചെയ്‌തു. അവൾക്ക് സ്‌കൂളിൽ ഉദ്യോഗം വാങ്ങിച്ചുകൊടുത്തതും ആ മഹാമനസ്‌കനായിരുന്നു. തന്റെ അച്ഛന്റെ പ്രായംവരുന്ന ആ നേതാവിനെ മാസത്തിലൊരിക്കൽ ശുശ്രൂഷിച്ചും രമിപ്പിച്ചും അവളുടെ സ്‌ത്രീത്വം പുഷ്‌പിച്ച് പൂമണം പരത്തി.
വിവാഹേതരബന്ധങ്ങളെ വിലക്കിയിരുന്ന സദാചാരനിയമങ്ങൾ ആ നാട്ടിൽ കൊടികുത്തിവാഴുന്ന കാലമായിരുന്നു അത്. അതുകൊണ്ടാവാം നേതാവിന്റെ മരണം കഴിഞ്ഞപ്പോൾ അദ്ദേഹത്തിന്റെ അളിയൻമാർ ഉടനെ ടീച്ചറുടെ വീട്ടിൽ വന്നെത്തി ആ വീടും പറമ്പും നേതാവിന്റെ മകന്റെ പേരിലാക്കിയത്.
ഇരുപത്തിനാലു മണിക്കൂറുകൾക്കുളളിൽ ആ സ്‌ത്രീ നിരാലംബയായി തന്റെ തുണിപ്പെട്ടിയും തൂക്കി അനുജത്തിയുടെ വീട്ടിൽ അഭയം പ്രാപിക്കുവാൻ എത്തി. അനുജത്തി പുച്ഛത്തോടെയെങ്കിലും അവരെ സ്വീകരിച്ചു.
അടുക്കളയിൽ സഹായിയായി രാഷ്‌ട്രീയ നേതാവിന്റെ കാമുകി മൂകയായി, നിർവികാരയായി ജീവിക്കുവാൻ തുടങ്ങി; കത്തിക്കരിഞ്ഞ മൺചിരാത് പോലെ.
ഏകദേശം മുപ്പതുകൊല്ലം കഴിഞ്ഞാണ് നേതാവിന്റെ മകൻ വാതില്‌ക്കൽ എത്തിയത്. നരച്ച മുടിയുളള മാന്യൻ.
“എന്തേ എന്നെ വിളിപ്പിച്ചത്?” അയാൾ ചോദിച്ചു. ശുഷ്‌കിച്ച ശരീരമുളള ഒരു വൃദ്ധ വാതില്‌ക്കൽനിന്ന് മന്ദഹസിച്ചു. ഇതോ തന്റെ പിതാവിനെ മയക്കിയെടുത്ത മദാലസ?
“എന്റെ അനിയത്തീടെ മോള് പ്ലസ്‌ടു കഴിഞ്ഞ് നിക്കാ. അവൾക്ക് ഒരു ജോലി കൊടുക്കണം.” ആ സ്‌ത്രീ പറഞ്ഞു.
തന്റെ പിതാവിന്റെ കടപ്പാടുകളും തന്റെ സ്വന്തം കടപ്പാടുകളും അയാൾക്ക് പെട്ടെന്ന് ഓർമ്മവന്നു.
“എന്റെ ആശുപത്രീലേക്ക് അയയ്‌ക്കൂ. ജോലി ശരിയാക്കാം.” അയാൾ പറഞ്ഞു.
“കുടിക്കാൻ വല്ലതും എടുക്കട്ടെ?”
ആതിഥേയ ചോദിച്ചു.
“വേണ്ട, ഞാൻ ഉടനെതന്നെ കോഴിക്കോട്ടേക്ക് പോവുന്നു. സമയം ഒട്ടുമില്ല.”
അയാൾ തിരിഞ്ഞുനോക്കാതെ ഇരുട്ടിലേക്കു നടന്നു. ആ സ്‌ത്രീരൂപത്തിനു പിന്നിൽ മറ്റനവധി രൂപങ്ങൾ പതുങ്ങിനില്‌ക്കുന്നുവെന്ന് അയാൾക്കു തോന്നി; ജിജ്ഞാസയോടെയുളള നോട്ടങ്ങൾ തന്നിൽ പതിയുന്നുവെന്നും. ആ സ്‌ത്രീ തന്നെ തുറിച്ചുനോക്കുന്നുവോ? തന്റെ മുഖത്ത് അച്ഛന്റെ ഛായ അവർ കാണുന്നുവോ?
Generated from archived content: story4_sep.html Author: madhavikutti
Click this button or press Ctrl+G to toggle between Malayalam and English