ഞായറാഴ്‌ച രാവിലെ അയൽക്കാരായ വൃദ്ധകളോടൊത്ത് ക്ഷേത്രസന്നിധിയിൽ നടക്കുന്ന ഭാഗവതപാരായണം കേൾക്കുവാൻ മിനിയെ അയച്ചത് അമ്മയായ ദാക്ഷായണിയായിരുന്നു.
മിനിക്ക് ഭാഗവതപാരായണം വിരസമായി അനുഭവപ്പെട്ടു. വൃദ്ധശ്രോതാക്കളുടെ സാമീപ്യവും അസഹനീയമായി തോന്നി.
രാവിലെ ടി.വിയിലെ പരമ്പരകൾ കാണാമായിരുന്നു. അല്ലെങ്കിൽ പുതച്ചുകിടന്ന് ഉറങ്ങാമായിരുന്നു.
“അമ്മയ്‌ക്ക് പൊയ്‌ക്കൂടെ അമ്പലത്തില് ഭാഗവതം കേൾക്കാൻ?” അവൾ ഒരുദിവസം ചോദിച്ചു. ആ ചോദ്യത്തിന് വ്യക്തമായ ഒരു മറുപടി പറയുവാൻ ദാക്ഷായണിയമ്മയ്‌ക്ക് കഴിഞ്ഞില്ല. പുരാണങ്ങൾ അറിഞ്ഞിരിക്കേണ്ടത് ഏതു ഭാരതസ്‌ത്രീയുടെയും ആവശ്യമാണെന്ന് പറഞ്ഞിട്ടെന്തുഫലം? മിനി ഹാരിപോട്ടറിന്റെ പുസ്‌തകങ്ങൾ വാങ്ങുവാൻ അച്‌ഛനെ നിർബന്ധിക്കുന്നവളായിരുന്നു.
“ക്ലാസ്സിലെ മറ്റു കുട്ടികൾ ആ പുസ്‌തകം വാങ്ങിക്കഴിഞ്ഞു.” മിനി പറഞ്ഞു.
“ആ പണംകൊണ്ട് ഒരു കാൽപ്പവൻ മേടിച്ച് പെട്ടിയിൽ വച്ചുകൂടെ?”
ദാക്ഷായണി ഭർത്താവിനോടു തിരിഞ്ഞ് ഉദ്വേഗത്തോടെ ചോദിച്ചു.
ഭാരതീയസംസ്‌കാരത്തിന് അനുചിതമാണ് മിനിയുടെ പോട്ടർകമ്പം എന്ന് ഭർത്താവും സമ്മതിച്ചു.
കുട്ടിയുടെ തലയിൽ ബലാഗുളുച്യാദിയെണ്ണ തേപ്പിച്ചിട്ടും ഫലമില്ല, കുങ്കുമപ്പൂവ് ചതച്ചിട്ട പശുവിൻപാല് അവളെക്കൊണ്ട് കുടിപ്പിച്ചിട്ടും ഫലമില്ല. അവൾ ചട്ടക്കാരിയെപ്പോലെ വളർന്നു. പാവാടയും ചുരിദാറും ധരിക്കാതായി. ജീൻസും ഇറുകിയ ടോപ്പും ധരിച്ചു. ഉപ്പൂറ്റി ഉയർത്തുന്ന പാദുകങ്ങൾ ധരിച്ചു. മുടി ചുമലോളം ചുരുക്കിമുറിച്ചു.
അയൽക്കാർ ദാക്ഷായണിയോട് പലതവണ ചോദിച്ചു. “ഇത്രക്കണ്ട് പരിഷ്‌കാരം വേണോ? ആരേം കല്യാണം കഴിക്കാൻ കിട്ടാതെയാവും. ഒടൂല് അമേരിയ്‌ക്കേല് കൊണ്ടോയി സ്വയംവരം കഴിപ്പിക്ക്യേണ്ടിവരും.”
ദാക്ഷായണി അയൽക്കാരികളെ വെറുത്തു. അസൂയാലുക്കൾ. മിനിയുടെ സൗന്ദര്യമാണ് അവർക്ക് വെറിയുണ്ടാക്കുന്നതെന്ന് ആർക്കാണ് അറിയാത്തത്?
ഏതായാലും പുരാണപാരായണം കേൾക്കുവാൻ എല്ലാ ഞായറാഴ്‌ചയും മിനി പോയിത്തുടങ്ങി. അവൾ വീടുവിട്ടാലുടനെ ദാക്ഷായണി മനഃസമാധാനത്തോടെ ഭർത്താവിനെ സമീപിച്ച് സുഭിക്ഷമായി കലഹിക്കും. കലഹത്തിനൊടുവിൽ കരച്ചിൽ, സമാധാനപ്പെടുത്തൽ, ആശ്ലേഷം, രതി….
പിന്നീട് അടുക്കളയിൽ കടന്ന് തേങ്ങ ചിരകിയരച്ച് ഇറച്ചിക്കറിയുണ്ടാക്കും. അല്ലെങ്കിൽ മുളകുതേച്ച മീൻ വറക്കും. സാധാരണയായി ഞായാറാഴ്‌ച മാത്രമേ ഗൃഹനാഥന് അത്ര നല്ല വിഭവങ്ങൾ ഭക്ഷിക്കുവാൻ ഭാഗ്യമുണ്ടാവുകയുളളു. മറ്റു ദിവസങ്ങളിൽ അയാൾ ആശുപത്രി കാന്റീനിൽ കിട്ടുന്ന ചപ്പാത്തിയും ഉരുളൻകിഴങ്ങ് കൂട്ടാനും തിന്നും. ഭാര്യയുടെ പാചകം ആസ്വദിക്കുന്നത് ഞായറാഴ്‌ച മാത്രം.
ഒരു ഞായറാഴ്‌ച മിനി ഊണു കഴിക്കുവാൻ വന്നത് രണ്ടരമണിക്കാണ്. പുരാണകഥാപാരായണം ക്രമേണ അവൾക്ക് ഒരൊഴിച്ചുകൂടാനാവാത്ത ശീലമായി മാറിയിരുന്നു. ദാക്ഷായണിക്ക് ദേഷ്യംവന്നു.
“അമ്പലത്തീന്ന് മടങ്ങാൻ എന്തേ വൈകിയത്?” അവർ ചോദിച്ചു.
മിനി പുഞ്ചിരിതൂകി. “സ്വാമിജി എന്നെ ഭരത് ടൂറിസ്‌റ്റ്‌ഹോമിലേക്ക് ഉച്ചഭക്ഷണം തരാൻ കൊണ്ടുപോയി.” അവൾ പറഞ്ഞു.
“ഏത് സ്വാമിജി? കഴിഞ്ഞ കൊല്ലം നാരായണീയം ചൊല്ലിയിരുന്ന ആ നരച്ച താടിക്കാരനോ. ഉൽഘടാനന്ദസ്വാമികൾ?” ദാക്ഷായണി ചോദിച്ചു.
“ആ തന്തയൊന്ന്വല്ല. ഇപ്പൊ പാരായണത്തിന് വരുന്നത് പൂർണ്ണാനന്ദസ്വാമിയാണ്. സുന്ദരനായ ഒരു ചെറുപ്പക്കാരൻ. സ്വാമിജിക്ക് ഞാനെന്നുവച്ചാൽ ജീവനാ.” മിനി മൊഴിഞ്ഞു. അവളുടെ മുഖത്ത് പ്രത്യക്ഷപ്പെട്ട ചൈതന്യം അമ്മയെ അസ്വസ്ഥയാക്കി.
“വരണ ഞായറാഴ്‌ച അമ്പലത്തില് പോണ്ട. ടി.വി കണ്ടോളൊ.”
ദാക്ഷായണിയമ്മ പറഞ്ഞു.
Generated from archived content: story4_nov25_05.html Author: madhavikutti