വേലപ്പൻമാഷ് ഷവറിന്റെ കീഴിൽ നില്‌ക്കുമ്പോൾ തന്റെ പല്ലുകൾ ധൃതിയിൽ ബ്രഷ് ചെയ്‌തു.
അങ്ങനെ ഒട്ടും സമയം പാഴാക്കാതെ ദേഹശുദ്ധിവരുത്തി ഈരേഴത്തോർത്തും പിഴിഞ്ഞ് പുറത്തുകടന്നപ്പോൾ പഴയ ശിഷ്യൻ കുറുപ്പ് വാതില്‌ക്കൽ നില്‌ക്കുന്നു.
“എന്താ കുറുപ്പേ, കൊറേനേരായ്യോ വന്നിട്ട്?”
മാഷ് ചോദിച്ചു.
“മാഷ് കുളിമുറീല് കയറിയപ്പൊ ഞാൻ ഉമ്മറപ്പടീം കേറി. അത്രതന്നെ. ഏകദേശം ആറ് മിനിട്ടായി. ഇത്രവേഗം കുളികഴിയുംന്ന് നിരീച്ചില്യ.”
കുറുപ്പ് ചിരിക്കുമ്പോൾ വികൃതങ്ങളായ ദന്തങ്ങൾ വേണ്ടതിലധികം വെളിപ്പെട്ടു. മാഷ്‌ക്ക് ആ ദൃശ്യം അരോചകവും അസഹ്യവുമായി അനുഭവപ്പെട്ടു.
“അഞ്ചുമിനിട്ടില് തീരണം കുളീം പല്ലുതേപ്പും. ഇയ്‌ക്ക് സമയം കളയാൻ തീരെ ഇഷ്‌ടല്യ.”
മാഷ് പറഞ്ഞു. നനച്ചുപിഴിഞ്ഞ തോർത്തിനെറ ഒരു കോന്തലകൊണ്ട് കാത് വൃത്തിയാക്കുവാൻ പരിശ്രമിക്കവെ അദ്ദേഹത്തിന്റെ കണ്ണുകൾ പ്രകാശിച്ചു.
“മാഷ് ഒരു ദിവ്യപുരുഷനാണോ?” കുറുപ്പ് തന്നത്താൻ ചോദിച്ചു.
അദ്ദേഹത്തിന്റെ മുഖത്തിന് ചുറ്റും വെളിച്ചത്തിന്റെ പരിവേഷം താൻ കാണുന്നുവല്ലോ.
“എന്താ വരവിന്റെ ഉദ്ദേശം?” മാഷ് ചോദിച്ചു.
“വരവിന് ഉദ്ദേശൊന്നൂല്യ.” കുറുപ്പ് പറഞ്ഞു.
“ദുരുദ്ദേശല്യ. അത് തീർച്ചയാ. എടക്ക് കാണാൻ തോന്നും. മാഷ്‌ക്ക് സമയല്യാന്ന് അറിയാം. ഇപ്പൊ പ്രസംഗത്തിന് പൂവാത്ത ഒരൊറ്റ ദൂസോല്യ. അനിയ്‌ക്കറിയാം. ന്നാലും കാണാണ്ടെ വെയ്യ. മാഷല്ലാണ്ടെ ഈ നാട്ടിലെ പാവങ്ങൾക്ക് മറ്റാരാ ഉളളത്? വേണ്ടപ്പോ ഉപദേശം തരാൻ പിന്നെ ഇബടെ ആരാ ഉളളത്?” കുറുപ്പ് ചോദിച്ചു.
“കുറുപ്പ് പറഞ്ഞത് ശെരിയാ. എപ്പഴും സർക്കീട്ടാ. സാഹിത്യത്തിനെപ്പറ്റീം പ്രസംഗിക്കണം, രാഷ്‌ട്രീയോം പറയണം. സിനിമേപ്പറ്റീം പറയണം. നാട്ടുകാര് വിളിക്കുമ്പൊ പൂവാണ്ടെ പറ്റ്വോ? ആരടേം അലോഗ്യം സമ്പാദിക്കണ്ട…. അപ്പൊ എന്താ കുറുപ്പിന്റെ പ്രശ്‌നം? പറഞ്ഞോളൊ. ഞാൻ ഒരു പോംവഴി ഉണ്ടാക്കിത്തരാം.”
മാഷ് തിണ്ണമേൽ ഇരുന്ന് കാലുകൾ മുന്നോട്ട് നീട്ടിവെച്ചു.
“പ്രശ്‌നം പറഞ്ഞാൽ മാഷ് പറയും ഇതൊന്നും പ്രശ്‌നല്ലാന്ന്. ഇന്റെ രണ്ടാമത്തെ മോളില്യേ? പ്രീഡിഗ്രിക്ക് പഠിക്കണോള്, മിനി. അവള്‌ക്ക് ഒരു മോഹം സീരിയല്ലില് അഭിനയിക്കണെന്ന്. അവളക്ക് കരയാൻ വെഷമല്യാത്രേ. ഗ്ലിസറിൻ ഒഴിയ്‌ക്കേണ്ടിവരില്യാന്നാ മിനി പറേണ്. എപ്പൊ വേണെങ്കിലും കരയാം. കരയാൻ ഒരു ജന്മവാസനയാ ഇന്റെ മിനിക്കുട്ടിക്ക്…മാഷക്ക് വല്ല സിനിമാ സംവിധായകനേം പരിചണ്ടെങ്കി ഒന്ന് സഹായിക്ക്വേ?”
കുറുപ്പിന്റെ ചോദ്യം മാഷെ അസ്വസ്ഥനാക്കി. തനിക്ക് പരിചയമുളള സിനിമാ സംവിധായകരൊക്കെയും മദ്യപാനികളും വിടന്മാരും. കുറുപ്പിന്റെ പെൺകുട്ടിയെ അവർ കശക്കി എറിയും.
“ഞാൻ നോക്കട്ടെ…” മാഷ് പറഞ്ഞു.
Generated from archived content: story4_dec.html Author: madhavikutti
Click this button or press Ctrl+G to toggle between Malayalam and English