പോയിട്ട് ഏഴാം പക്കം ചുവന്നപശു മടങ്ങിയെത്തി. നാടോടിപ്പശുക്കളുടെയൊപ്പം കുന്നിൻപുറത്ത് അലയുന്നുണ്ടെന്നുകേട്ടപ്പോൾ സുധ ഓടിച്ചെന്ന് പലതവണ ഉച്ചത്തിൽ വിളിച്ചു.
“അമ്മിണീ….അമ്മിണീ…” പശു അമറി. പശുവിനെ വീട്ടിൽ കൊണ്ടുവന്ന് വിസ്‌തരിച്ച് കുളിപ്പിച്ചു. ക്ഷീണം തട്ടിയതുപോലെ കാണപ്പെട്ടു. പക്ഷെ ശരീരത്തിൽ മുറിവുകൾ കണ്ടില്ല. പേയുളള നായ്‌ക്കൾ കടിച്ചിരിക്കില്ല.
സുധയുടെ ഭർത്താവ് ചാരിതാർത്ഥ്യത്തോടെ കുറച്ച് ചാരായം അകത്താക്കി. ഭാര്യ പരാതിപ്പെട്ടില്ല. മാത്രമല്ല, അയാൾക്ക് ഭക്ഷിക്കുവാൻ ചോറും മുട്ടക്കറിയും ഒരു വറുത്തമീനും വിളമ്പിക്കൊടുത്തു. പശുവിനെ അനുകരിച്ച് ആ സാധ്വിയും അമറി.
“വറക്കത്തുളള പശുവാ.”
അയൽക്കാർ പറഞ്ഞു.
“ചോന്ന പശുവാണെങ്കിലും അയിന്റെ നെറ്റീമ്മ്‌ല് വെളുത്ത ചുട്ടിയാ. അതോണ്ടാ ഞാൻ പറഞ്ഞ് ലക്ഷണൊത്ത പശുവാന്ന്.”
ലോറിഡ്രൈവറുടെ അച്ഛൻ പ്രസ്‌താവിച്ചു.
“കറത്ത പശുവാ വിശേഷം. അയിന്റെ പാല് അതിവിശേഷാ. ഗ്രഹണിളള കുട്ട്യോളക്ക് മുത്തങ്ങ അരച്ചുചേർത്ത് വെറുംവയറ്റില് കൊട്‌ത്താ അവറ്റടെ ശരീരം പുഷ്‌ടിപ്പെടും.”
അയൽക്കാരൻ തോമസുകുട്ടി പറഞ്ഞു. അയാളുടെ അപ്പൻ വൈദ്യനായിരുന്നു. പാമ്പുകടിയേറ്റ് മരിച്ചു.
“ആയിരം ഉറുപ്യ ചോയിച്ചു. ഞങ്ങള് തൊളളായിരത്തില് ഒതുക്കി.”
സുധ പറഞ്ഞു.
“നിങ്ങടെ ഭാഗ്യം. ഇപ്പൊ ഒരാടിനെ കിട്ട്വോ ആ വെലയ്‌ക്ക്?”
തോമസുകുട്ടിയുടെ ഭാര്യ ഏലി ചോദിച്ചു.
“ഇതിനെ ചവുട്ടിക്കണ്ടേ?”
“ഒരാഴ്‌ച അലഞ്ഞുനടന്നതല്ലേ? എന്തേ സംഭവിച്ച്‌ന്ന് ആർക്കാ നിശ്ശം? കാള ചവിട്ടീട്ട്‌ണ്ടാവും?”
“വെറുതെ പേര്‌ദോഷണ്ടാക്കണ്ട.”
സുധ പറഞ്ഞു.
“അങ്ങനത്തെ പശുക്കിടാവൊന്ന്വല്ല അമ്മിണി. അടക്കോം ഒതുക്കോളള പശുവാ.”
“അപ്പൊ ഇതിനെ ചവുട്ടിക്കണ്ടേ?”
“വേണ്ട. ഞാൻ ഓളെ ഡോക്‌ടറ്‌ടെ അടുത്തേക്ക് കൊണ്ടാവും, കുത്തിവെയ്‌ക്കാൻ. ചെന പിടിക്കാനുള്ള മരുന്ന് കുത്തിവെയ്‌ക്കട്ടെ.”
സുധ പറഞ്ഞു.
“അതേപ്പൊ നന്നായത്! പശുവാണെങ്കിലും അയിനും വേണ്ടേ ഒരു ജീവിതം?” തോമസുകുട്ടി ചോദിച്ചു.
“പെറാൻളള ഭാഗ്യം ഉണ്ടായാമതി. പിന്നെ ഒരു ജീവിതോം വേണ്ട. പെണ്ണുങ്ങള് ഇങ്ങനെ വിശ്വൊസിച്ച് തൊടങ്ങിയാ ബാക്കിളേളാര് എന്താ ചീയ്യാ? സന്യസിയ്‌ക്ക്യേ?”
സുധയുടെ ഭർത്താവ് ചിരിച്ചില്ല. അത്തരം ലൈംഗികച്ചുവയുളള ഫലിതങ്ങൾ അയാൾക്ക് രുചിച്ചിരുന്നില്ല.
അകത്തെ മുറിയിൽ കല്യാണപ്രായം അടുത്ത മകൾ കിടന്നിരുന്നു. അവൾ കേൾക്കേണ്ട വാക്കുകളല്ല വൈദ്യരുടെ മകൻ ഉച്ചരിക്കാറുളളത്.
“എല്ലാരും ഇപ്പൊ കുടുമ്മത്തെയ്‌ക്ക് പൊയ്‌ക്കോളൊ. രാത്രിയായി. ഇഞ്ഞി ഇബടെ നിക്കണ്ട. ഞാൻ വാതിലടയ്‌ക്കാൻ പൂവ്വാണ്.” അയാൾ പറഞ്ഞു.
“പശു മടങ്ങിവന്നപ്പൊ നിങ്ങക്ക് ഞങ്ങളെയൊന്നും വേണ്ട.”
അയൽക്കാർ പിറുപിറുത്തു.
Generated from archived content: story3_mar.html Author: madhavikutti