പെണ്ണുകാണൽ

തിരുവിതാംകൂറിൽ നിന്ന്‌ പെണ്ണുകാണാൻ ഒരു ഉദ്യോഗസ്ഥൻ മാറാഞ്ചേരിക്ക്‌ വരുന്നു എന്ന വാർത്ത സമീപവാസികളെ അതിശയിപ്പിച്ചു. പുറംനാടുകളിൽ താമസിച്ച്‌ ഉപരിപഠനം നടത്തിയ ഒരു പച്ചപ്പരിഷ്‌കാരി ഗ്രാമീണയായ ഒരു വധുവിനെ തേടിവരുന്നു. വധു സമ്പന്നഗൃഹത്തിന്റെ സന്തതിയാണ്‌, സംശയമില്ല. കാഴ്‌ചയിൽ വൈരൂപ്യമില്ലതാനും. പക്ഷേ, പാവറട്ടി കോളേജിൽ നിന്ന്‌ ബി.എ. പാസായവളെങ്കിലും നേരെചൊവ്വേ ഇംഗ്ലീഷ്‌ പറയുവാൻ ഹേമാംഗിക്ക്‌ കഴിയില്ലല്ലോ. പഠിപ്പിക്കുന്നവരുടെ ഉച്ചാരണം പന്തിയല്ലെന്ന്‌ നാട്ടുകാർക്ക്‌ അറിയാമായിരുന്നു. വിദ്യാസമ്പന്നനായ തിരുവിതാംകൂറുകാരന്റെ ഉദ്ദേശം എന്തായിരിക്കും? സ്‌ത്രീധനമോ?

രാവിലെ പത്തുമണിയോടെ ഒരു ടാറ്റാസുമോ തറവാട്ടിലെ പടിവാതിൽക്കൽ എത്തി രണ്ടു ചാട്ടത്തോടെ നിന്നു. കണ്ണടവച്ച സുമുഖൻ പിന്നിലെ സീറ്റിൽനിന്ന്‌ ഇറങ്ങി. ശുഭ്രവസ്‌ത്രധാരി. കയ്യിൽ ഉപഹാരങ്ങളൊന്നുമില്ല. ജൂബയുടെ കീശയിൽ ഒരു തടിച്ച പേഴ്‌സ്‌ മുഴച്ചുകാണാം. തല മൊട്ടയടിച്ച ചില ചെറുപയ്യന്മാർ അന്യോന്യം പറഞ്ഞുഃ “പേഴ്‌സ്‌ നറച്ചും നോട്ടാ.”

നഗരവാസി മന്ദസ്‌മിതം തൂകി. തന്റെ വസ്‌ത്രത്തിൽ തൊടാതിരിക്കുവാൻ അയാൾ പിളളാരോട്‌ ആംഗ്യം കാണിച്ചു. വീട്ടിലെ കാരണവർ ഉച്ചത്തിൽ അലറി.

“മാറിൻ എവടെന്ന്‌ വന്നൂ ഈ തെണ്ടികള്‌?”

“സാരമില്ല, കുട്ടികളല്ലേ?” ആഗതൻ പിറുപിറുത്തു. അയാളുടെ കൂടെ വന്ന സൂത്രധാരൻ തന്റെ സ്വതവേ വിസ്‌താരമുളള വായ്‌ കൂടുതൽ തുറന്നു ഒരു ചിരി.

“നാട്ടിൻപുറമല്ലേ? നിഷ്‌കളങ്കരാ എല്ലാരും?” അദ്ദേഹം പ്രസ്‌താവിച്ചു.

“അതെ അതെ. യാതൊരു കളങ്കോം ഈ ഗ്രാമത്തിലുളേളാർക്കില്യ.” ഗൃഹനാഥൻ പറഞ്ഞു.

കുടിക്കുവാൻ മോര്‌ മതിയെന്ന്‌ പറഞ്ഞ യുവാവിന്‌ ഒരു സ്‌റ്റീൽഗ്ലാസിൽ അത്‌ സമ്മാനിച്ചത്‌ പ്രതിശ്രുത വധുതന്നെയായിരുന്നു. നിറം മോശമല്ല. ശരീരത്തിന്‌ പുഷ്‌ടിയുണ്ട്‌. പക്ഷെ കൈനഖങ്ങൾക്കിടയിൽ കറുത്ത ചളി അയാൾ കണ്ടു. മോതിരങ്ങൾ അണിഞ്ഞ വിരലുകൾ. നഖം നോക്കിയാൽ ഛർദ്ദിക്കാൻ തോന്നും. മോര്‌ ഇവൾ കൈകൊണ്ട്‌ തൊട്ടിരിക്കുമോ?

“താങ്ക്‌ യൂ. ആ മേശപ്പുറത്ത്‌ വച്ചാൽ മതി” അയാൾ പറഞ്ഞു. പെൺകുട്ടിയെക്കൊണ്ട്‌ വീണ വായിപ്പിച്ചു. ഒരു കീർത്തനം ആലപിപ്പിച്ചു. ഇംഗ്ലീഷിൽ അന്യോന്യം സംസാരിച്ചു. എല്ലാ ചടങ്ങുകളും മുറപോലെ നടന്നു.

“എല്ലാം കൂടി ഇരുപത്തഞ്ച്‌ ഏക്കറുണ്ട്‌. പിന്നെ പുഞ്ചപ്പാടവും. എല്ലാറ്റിന്റേം അവകാശി ഇവൾ തന്നെ. എനിക്ക്‌ ആണായിട്ടും പെണ്ണായിട്ടും ഇവൾ മാത്രേയുളളൂ. ഒക്കെ ഭാസ്‌കരന്നായര്‌ പറഞ്ഞിട്ട്‌ണ്ടാവും. ഇനി തിരുവനന്തപുരത്ത്‌ തന്നെ താമസിക്കണെങ്കില്‌ അവടെ ഒരു വീട്‌ കെട്ടിച്ചുതരാം. പോരേ?” പ്രതിശ്രുതവരൻ മധുരമധുരമായ പുഞ്ചിരിതൂകി, പല തവണ.

എല്ലാവർക്കും ചാരിതാർത്ഥ്യം തോന്നി. ഊണും കഴിച്ച്‌ വീട്‌ വിട്ടപ്പോൾ നേരം രണ്ടരമണി. പെൺകുട്ടി കുളിമുറിയിൽ കടന്ന്‌ ചുമരിൽ തൂക്കിയ കണ്ണാടിയിൽ തന്റെ മുഖം പരിശോധിച്ചു. കണ്ണുകൾക്ക്‌ തിളക്കം വർദ്ധിച്ചിട്ടുണ്ടോ? കവിളുകൾ തുടുത്തിട്ടുണ്ടോ?

പിന്നേദിവസം ഭാസ്‌കരൻനായർ വന്ന്‌ ചുമച്ചുകൊണ്ട്‌ പറഞ്ഞുഃ “ഇപ്പോ തല്‌ക്കാലം കല്യാണം വേണ്ടാന്നാ പറേണത്‌. പുതിയ ജോലിയിൽ പ്രവേശിച്ചിട്ടല്ലേയുളളൂ. ഇഞ്ഞിയത്തെ കൊല്ലം നോക്കാംന്ന്‌”

വീട്ടിൽ പെട്ടെന്ന്‌ മൗനം പരന്നു. ഒരു ജോലി കണ്ണുകൾ കലങ്ങിച്ചുവന്നു.

“ഒരു കൊല്ലം കഴിഞ്ഞാ വാക്ക്‌ പാലിക്ക്യോ? അത്‌ വരെ കുട്ടി കാത്തിരിക്കണോ? അവൾക്ക്‌ പിന്നേം കൊറെ ആലോചനകള്‌ വര്‌ണ്ട്‌. വിദേശത്ത്‌ പഠിച്ചൂന്ന്‌ കരുതി കാണാൻ സമ്മതിച്ചതാ.” കാരണവർ പിറുപിറുത്തു.

“നല്ല ആലോചന വന്നാ കല്യാണം ഒറപ്പിച്ചോളൊ. തിരുവിതാങ്കൂറുകാരനെ അങ്ങട്ട്‌ മറക്കാ.”

ഭാസ്‌കരൻ നായർ തറപ്പിച്ച്‌ പറഞ്ഞു. പെൺകുട്ടി തന്റെ നഖം കടിച്ചുകൊണ്ട്‌ കരച്ചിൽ ഒതുക്കി.

Generated from archived content: story2_mar10_08.html Author: madhavikutti

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English