ആതുരാലയം

അയാളുടെ ഹൃദയം വർണ്ണശബളമായ ഒരു നഗരിയായിരുന്നു. അതിലേക്ക്‌ പ്രവേശിക്കുവാൻ അനേകം പാതകളും കവാടങ്ങളും ഉണ്ടായിരുന്നു. അവയെ തേടുകയോ അവയെപ്പറ്റി ചിന്തിക്കുകയോ ചെയ്യുവാൻ ഭാര്യ തയ്യാറായില്ല. വീട്ടുചെലവുകൾക്കായി ഒരു നിശ്ചിത തുക എല്ലാമാസവും അയാൾ അവളെ ഏല്‌പിച്ചിരുന്നു. അയാൾക്ക്‌ യൗവ്വനദശയിൽ രുചിച്ചിരുന്ന ഭക്ഷ്യപദാർത്ഥങ്ങൾ അവൾ ഇന്നും മേശമേൽ നിരത്തി. അയാൾ അവ ഭക്ഷിക്കുന്നുവോ എന്ന്‌ അവൾ അന്വേഷിച്ചതുമില്ല. വർഷങ്ങളോളം തകരാതെ നിലനിന്ന വിവാഹബന്ധത്തിന്‌ ഒരു പോറൽ ഏല്‌പിക്കുവാൻ ആർക്കും കഴിയില്ലെന്ന്‌ അവൾ വിശ്വസിച്ചു.

മുടി നരച്ചു തുടങ്ങുന്നതിനുമുമ്പ്‌, ലൈംഗികശേഷി ക്ഷയിക്കുന്നതിനുമുമ്പ്‌ അവൾ ഒന്നോ രണ്ടോ തവണ അയാളുടെ പരിചിതവലയത്തിലെ ധൂമകേതുക്കളെ ഭയത്തോടെ വീക്ഷിച്ചിട്ടുണ്ട്‌. അയാളോടൊത്ത്‌ ജോലി ചെയ്യുന്നവർ, മുഴുത്ത കാലുകൾ വെളള സോക്‌സുകളിൽ കയറ്റുന്ന നേഴ്‌സുമാർ… ആ പെൺകുട്ടികൾ ആശുപത്രിയുടെ ഇടനാഴികളിൽ അയാളെ മുട്ടിയുരുമ്മുന്നുണ്ടോ? അവരുടെ ദ്രുതഗതിയിലുളള നടത്തം അയാളിൽ കാമം ഉണർത്തുന്നുവോ?

ആ സംശയങ്ങൾ അവൾ പ്രകടിപ്പിച്ചില്ല. അത്തരം ദുശ്ശങ്കകൾ കുലീനകൾക്ക്‌ ഉണ്ടാവാറില്ലെന്ന്‌ അവൾ വിശ്വസിച്ചു. കുലീനകൾ ഒത്തുതീർപ്പുകൾക്ക്‌ സദാ തയ്യാറാകണം. ക്രോധവും കലഹവും തന്റെ വിഖ്യാത കുടുംബത്തിന്റെ പ്രതിഛായയെ നശിപ്പിക്കും. അസൂയയും ഒരു ബാലിശവികാരമായി മാത്രം കാണുവാൻ അവൾ പഠിച്ചു. കത്രിച്ച്‌ ആകൃതി രൂപപ്പെടുത്തിയ ഒരു ഉദ്യാനച്ചെടി പോലെയായിരുന്നു അവളുടെ ജീവിതം. വികാരങ്ങൾ പൂക്കാത്ത കാലവും വന്നു ചേർന്നു. ആർത്തവ വിരാമവേളയിൽ സ്‌ത്രീകൾക്ക്‌ വന്നുചേരുന്ന ആ ഭയാനകമായ ഗാംഭീര്യം അവളെയും ബാധിച്ചു. നടത്തത്തിലും ഗാംഭീര്യം, നോട്ടത്തിലും ഗാംഭീര്യം….വാക്കിലും ഗാംഭീര്യം… തന്റെ ഭർത്താവ്‌ ഉന്മേഷത്തിന്റെ മുഖംമൂടി അനായാസേന അണിഞ്ഞ്‌ ചെരുപ്പും ധരിച്ച്‌ രാവിലെ ആശുപത്രിയിലേക്ക്‌ യാത്രയാകുമ്പോൾ അവൾ പണ്ട്‌ ചെയ്‌തിരുന്നതുപോലെ വരാന്തയിൽ നില്‌ക്കാറില്ല. താൻ അയാളെ സ്‌നേഹിക്കുന്നുവെന്ന്‌ പ്രകടിപ്പിക്കേണ്ട ആവശ്യമുണ്ടെന്ന്‌ അവൾക്ക്‌ തോന്നിയതുമില്ല.

നീരൊഴുക്കിൽപ്പെടാതെ സ്വഛന്ദം ഒഴുകുന്ന ഒരു തോണിപോലുളള ദാമ്പത്യം. മക്കൾ, മക്കളുടെ മക്കൾ, മരുമക്കൾ. പ്രയത്‌നിച്ചു ധനികരായിത്തീർന്ന കുടുംബാംഗങ്ങൾ. ദുരന്തങ്ങൾ സമീപിക്കുവാൻ മടിച്ച്‌ ദൂരെ സ്ഥിതിചെയ്യുന്നു. കാറ്റും മഴയും ഇടിമിന്നലും സ്‌പർശിക്കാത്ത ഭവനം. വീതിയുളള ഇടനാഴികൾ, ഇരുമ്പഴികൾ പാകിയ ജനവാതിലുകൾ, പിച്ചളപ്പൂട്ടുകൾ പേറുന്ന കവാടങ്ങൾ… അവൾക്ക്‌ ഗൃഹത്തെപ്പറ്റി ഓർക്കുമ്പോൾ അഭിമാനം തോന്നാറുണ്ട്‌. പരിചാരികമാരോട്‌ മാറാല അടിച്ചുമാറ്റാൻ കല്‌പിക്കുമ്പോൾ ഒരാത്മഗതമെന്നപോലെ ഒരു വചനം അവളിലുണരും; ‘ഇത്‌ എന്റേതാണ്‌, ഞാനാണ്‌ ഉടമസ്ഥ. ഞാൻ മിതവാദിയായ ഗൃഹനാഥന്റെയും ഉടമസ്ഥയാണ്‌.“

അവൾ തന്നെത്താൻ ഓർമ്മിപ്പിക്കും. അയാളുടെ മരണശേഷം ഇൻഷ്വറൻസ്‌ കമ്പനി തനിക്കാണ്‌ ഭീമമായ തുക തരിക. അയാളുടെ വസ്‌ത്രങ്ങളും അലമാറയും ചെരുപ്പുകളും എല്ലാം തന്റേതാണ്‌. യൗവ്വനം വിട്ടകന്ന ശരീരവും തന്റേതുതന്നെ. മറ്റൊരു സ്‌ത്രീയ്‌ക്കും അതിന്റെ ആവശ്യം ഉണ്ടാകുകയില്ല. അതിസുന്ദരനായ ഒരുത്തനെ തനിക്ക്‌ വരനായി മാതാപിതാക്കൾ തെരഞ്ഞെടുത്തു. പക്ഷെ അതു മുപ്പത്തഞ്ച്‌ കൊല്ലങ്ങൾക്ക്‌ മുമ്പായിരുന്നു.

സ്ഥിരം വരുമാനമുളള, സർക്കാരാശുപത്രിയിലെ ഭിഷഗ്വരനായിരിക്കാം ഉചിതമെന്ന തീരുമാനം തന്നെ വേദനിപ്പിച്ചില്ല. സുന്ദരന്മാരെ വേട്ട സ്‌ത്രീകൾക്ക്‌ കരയാനും പിഴിയാനും കാരണങ്ങൾ ലഭിക്കാറുണ്ട്‌. മറ്റൊരുത്തി അയാളെ പ്രലോഭിപ്പിക്കുമെന്ന്‌ താൻ ഒരിക്കലും വിശ്വസിക്കുന്നില്ല. പിശുക്ക്‌ ശീലിച്ചുവന്ന ഒരു മനുഷ്യൻ പണംമോഹിച്ച്‌ തന്നെ പ്രാപിക്കുന്ന ദരിദ്രപരിഷകളെ കൈകൊണ്ട്‌ സ്‌പർശിക്കുകകൂടി ചെയ്യില്ല; അവൾ പറഞ്ഞു. സമാശ്വാസവചനങ്ങൾ ഉരുവിടുന്ന പതിവ്‌ ഈയിലെ ആരംഭിച്ചിരുന്നു.

’എത്ര ഉറക്കഗുളിക കഴിച്ചാൽ മരണം വരും?‘

രോഗിണി ചോദിച്ചു.

’ഉറക്കഗുളിക കഴിക്കാതെയും മരണം വന്നെത്തും.‘ അയാൾ പറഞ്ഞു.

’അതെങ്ങനെ?‘

’സമയം വരുമ്പോ മരണം വന്നെത്തും.‘ അയാളുടെ വലിയ കൈകൾ രക്തസമ്മർദ്ദത്തിന്റെ അളവ്‌ കണ്ടുപിടിക്കുന്നതിൽ വ്യാപൃതമായിരുന്നു. ആ കൈകളിൽ കിടന്ന്‌ മരിക്കുന്നത്‌ ആശ്വാസകരമായ ഒരനുഭവമാവുമെന്ന്‌ രോഗിണി ഒരു നിമിഷത്തിൽ ചിന്തിച്ചുപോയി.

’ഡോക്‌ടറുടെ കുടുംബാംഗങ്ങൾ ഭാഗ്യമുളളവരാണ്‌.‘ ആ സ്‌ത്രീ പറഞ്ഞു. ’ഡോക്‌ടറുടെ സാമീപ്യം അവർക്ക്‌ കിട്ടുന്നുവല്ലോ.‘ വീണ്ടും ആകർഷകമായ ആ ചിരി.

’എന്റെ സാമീപ്യം എന്റെ കുടുംബത്തിന്‌ പ്രിയങ്കരമാണെന്ന്‌ തോന്നുന്നില്ല. ഞാൻ ഒരു സാധാരണക്കാരൻ. രസികത്തരം പറയാനും വശമില്ല.‘

പിന്നീട്‌ അപ്രതീക്ഷിതമായി ആ രോഗിണി നിദ്രയിൽ മരിച്ചപ്പോൾ ഡോക്‌ടർക്ക്‌ സഹിക്കാനാവാത്ത നഷ്‌ടബോധം അനുഭവപ്പെട്ടു. അന്ന്‌ പതിവിലും നേരത്തെ വീട്ടിലേക്കു മടങ്ങി. വരാന്തയിൽ ഒരു ചാരുകസാലയിൽ അയാൾ മലർന്നുകിടന്നു. കുളിക്കാൻകൂടി മിനക്കെടാതെ തട്ടും നോക്കിയുളള ഒരേ കിടപ്പ്‌.

’എന്തുപറ്റീ നിങ്ങൾക്ക്‌? രോഗികളാരെങ്കിലും മരിച്ചോ?‘ അവൾ ചോദിച്ചു. അയാളുത്തരം പറഞ്ഞില്ല.

അവളോടു തോന്നിയ അവജ്ഞയും നീരസവും മറച്ചുവയ്‌ക്കാനാവാം അയാൾ തന്റെ മുഖം കൈകളിൽ മറച്ചുവച്ചു.

Generated from archived content: story2_june.html Author: madhavikutti

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here