കുതിരപ്പുറത്ത്‌ വന്ന മണവാളൻ

“വരൻ തന്റെ കൂട്ടുകാരും മൂന്ന്‌ കുതിരകളും കൂടെയാണ്‌ കല്യാണത്തിന്‌ എത്തിയത്‌. പഞ്ചാബികളെപ്പോലെ ഒരു കൂട്ടം ജനങ്ങളോടൊപ്പം. ‘ബറാത്ത്‌’ എന്നാണ്‌ അവർ വരന്റെ കൂട്ടവരവിനെ പറയുക. ഞാൻ ഡെൽഹിയിൽ വെച്ച്‌ കണ്ടിട്ടുണ്ട്‌.” ശശിധരൻനായർ വിളിച്ചു പറഞ്ഞു.

നാഗസ്വരം ആരംഭിച്ചു. രാജലക്ഷ്‌മി ഭക്ഷണമുറിയുടെ ജനാലയിലൂടെ താഴേക്ക്‌ നോക്കി.

കുതിരകൾ കുളമ്പുകൾ അക്ഷമയോടെ ചലിപ്പിച്ചു. കുതിരക്കാർ ദേഷ്യം പ്രകടിപ്പിച്ചു.

“രാജീ, ഒളിച്ച്‌ പാക്കണ്ട.”

അമ്മ വിളിച്ചു പറഞ്ഞു.

തങ്കനിറം. ഇയാളോ എന്റെ വരൻ!

“നീ റൊമ്പം ഭാഗ്യവതി.”

സ്‌നേഹിതകൾ പിറുപിറുത്തു.

പുരോഗമനവാദിയാണെന്ന്‌ കൂട്ടുകാർ തെളിയിച്ചു. തീയ്യരും നസ്രാണികളും മുസൽമാന്മാരും നായന്മാരും എല്ലാവരും വരന്റെ കൂടെ. ഒന്നോ രണ്ടോ തവണ രാമുവയ്യർ പെണ്ണിന്റെ തന്തയോടു ചോദിച്ചുഃ “ഊരും പേരും ഗോത്രവും എന്തെന്ന്‌ ചോദിച്ചുവോ?”

രാമുഅയ്യർ അസൂയക്കാരനെന്ന്‌ പാട്ടി സ്വരം താഴ്‌ത്തിപറഞ്ഞു.

ഏതോ ഒരു ഭയങ്കര തെറ്റിദ്ധാരണ കാരണം മണവാളൻ രണ്ടാഴ്‌ചക്കാലം ജയിലിൽ മുഖം മറന്നു കിടന്നു.

കാഴ്‌ചയിൽ തീരെ നിഷ്‌കളങ്കൻ. ഗോത്രം ചോദിക്കാമായിരുന്നു.

Generated from archived content: story1_july11_08.html Author: madhavikutti

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here