കല്യാണവിരുന്ന്‌

ഞായറാഴ്‌ച താൻ മൂന്ന്‌ വിവാഹസല്‌ക്കാരങ്ങളിൽ പങ്കെടുക്കുമെന്ന്‌ അയാൾ അവളെ അറിയിച്ചുഃ

“അതുകൊണ്ട്‌ വരാൻ പോവുന്ന ഞായറാഴ്‌ച മാത്രമേ നിന്നെ കാണുവാൻ ഞാൻ വരികയുളളൂ.”

താൻ സ്‌നേഹത്തിനുവേണ്ടി വെമ്പൽ കൂട്ടുന്നതുപോലാണ്‌ അയാൾ സദ്യയുണ്ണുവാൻ ഒരുങ്ങുന്നത്‌ എന്ന്‌ ആ നിമിഷത്തിൽ അവൾക്ക്‌ തോന്നിപ്പോയി. പ്രേമത്തിന്‌ പകരം നെയ്‌ച്ചോറും പറാത്തയും കോഴിപൊരിച്ചതും!

ഈയിടെയായി പണം സമ്പാദിച്ചുകൂട്ടുവാൻ അധാർമ്മികമായ ഒരു മാർഗ്ഗവും അയാൾ കണ്ടെത്തിക്കഴിഞ്ഞിരുന്നു. ആ മാർഗ്ഗത്തിന്റെ അനന്തസാദ്ധ്യതകളെപ്പറ്റി ഒരിക്കൽ അവൾക്ക്‌ വിവരിച്ചുകൊടുക്കുകയും ചെയ്‌തു. അയാളുടെ മുഖം ചുംബിക്കുവാൻ അവൾ മുതിർന്നില്ല. തന്റെ കളിപ്പാവയായിരുന്ന ഈ പുരുഷനിൽ മറ്റെല്ലാ ആസക്തികളും കെട്ടടങ്ങിയതായി അവൾ ഊഹിച്ചു. ധനത്തിനുളള ആസക്തി കണ്ണുകളെ പൂർവ്വാധികം വികസിപ്പിച്ചു. ചുണ്ടുകൾ വക്രിച്ചുവോ? മുഖം കോടിപ്പോയോ? അയാളുടെ ആകർഷണീയമായ നിഷ്‌കളങ്കഭാവം എവിടെപ്പോയൊളിച്ചു? ആ പുഞ്ചിരി എങ്ങനെ മരവിച്ചു? ഞാൻ ഈ മനുഷ്യനെയാണോ ഇത്രകാലം ആരാധിച്ചത്‌? ഈ സുഭഗവിഗ്രഹം എന്റെ കരവലയത്തിൽ ഇനി ഒതുങ്ങുമോ? ക്ലാവ്‌ പിടിച്ച ചെമ്പിന്റെ മണം വിയർപ്പിൽ ഉയർത്തുന്ന ഈ അപരിചിതനാണോ തന്റെ നിധിയായിരുന്ന ഓമന?

“ഞാൻ ധനികനാണ്‌. നിന്നെക്കൂടാതെ തന്നെ എനിക്ക്‌ വിദേശരാജ്യങ്ങൾ സന്ദർശിക്കാം.”

അയാൾ പൊട്ടിച്ചിരിച്ചുകൊണ്ട്‌ പറഞ്ഞു. അവൾ സംസാരിച്ചതേയില്ല. ‘ധനശേഷി ലൈംഗികാസക്തിയെ ക്ഷയിപ്പിക്കുമോ?’ അവൾ തന്നത്താൻ ചോദിച്ചു. പണം എല്ലാത്തിനും പറ്റിയ ഒരു ബദലാണോ?

“എന്താ ഇങ്ങനെ എന്നെ തുറിച്ചുനോക്കുന്നത്‌?”

അയാൾ ചോദിച്ചു. തന്റെ കണ്ണുകൾ നിറയുന്നുവെന്ന്‌ അവൾ മനസ്സിലാക്കി.

“മതം മതി, ദൈവം വേണ്ട എന്ന്‌ നിനക്ക്‌ തോന്നിത്തുടങ്ങുമോ?”

അവൾ ചോദിച്ചു. സൗഹൃദത്തിന്റെയും സമന്വയത്തിന്റെയും ചേഷ്‌ടയായ ചിരിയോടെ പെട്ടെന്ന്‌ അയാൾ അവളെ സമീപിച്ചു. തന്റെ ബലിഷ്‌ഠകരങ്ങളാൽ അവളെ വാരിയെടുത്ത്‌ തന്റെ മടിയിൽ ഇരുത്തി. ആ ചുവന്ന കണ്ണുകളിൽ നിഴലിച്ച കുറ്റബോധം കാണാതിരിക്കുവാൻ അവൾ ധൃതിയിൽ മുഖം തിരിച്ചു.

“മതം വേണ്ട എന്നു ഞാൻ പറയില്ല.” അയാൾ പറഞ്ഞു. “ഇസ്ലാം മതവിശ്വാസിയായ എനിക്ക്‌ മതം വേണ്ട എന്ന്‌ ഒരിക്കലും പറയുവാൻ വയ്യ.”

Generated from archived content: sept_story2a.html Author: madhavikutti

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here