പേരക്കുട്ടികളുടെ ശബ്‌ദകോലാഹലം നിറഞ്ഞ ഗൃഹാന്തരീക്ഷത്തിലും അയാൾ പെരിന്തൽമണ്ണയിലോ ഇരിങ്ങാലക്കുടയിലോ താൻ സ്ഥാപിക്കുവാൻ ആഗ്രഹിക്കുന്ന ചിന്നവീടിനെപ്പറ്റി ഓർത്തു. ഇരുപത്തഞ്ച് വയസ്സ് പ്രായമുളള ഒരു ഗ്രാമീണയുവതി തന്റെ സന്ദർശനത്തിനായി ആ പൂമുഖത്ത് കാത്തിരിക്കുന്നതും അയാൾ മനസ്സിൽ കണ്ടു. ചുരുണ്ട മുടിയും തുടുത്ത കപോലങ്ങളും സുന്ദരിയാക്കുന്ന തന്റെ സ്വന്തം വെപ്പാട്ടി. തനിക്ക് ഒരച്ഛനാവാനുളള കഴിവില്ലെന്ന് അവളെ അറിയിക്കേണ്ടതില്ല. വീട്ടുചിലവിനുളള പണം എല്ലാ മാസവും ഏല്‌പിക്കാം. കൂടെ പരിചാരകയായി കാഴ്‌ചമങ്ങിയ ഒരു വൃദ്ധയേയും ആ വീട്ടിൽ താമസിപ്പിക്കാം. തന്റെ ജീവിതത്തിന്റെ സമ്മർദ്ദങ്ങളിൽ നിന്ന് സ്വതന്ത്രനായി മാസത്തിൽ രണ്ടുരാത്രികൾ അവിടെ ചിലവിടാം. പ്രേമത്തിന്റെ ഒരു കണികപോലുമില്ലാതെ കാമത്തോടെ ആ യുവശരീരത്തെ വീണ്ടും വീണ്ടും കീഴടക്കാം. തന്റെ വാടുന്ന യുവത്വത്തെ വീണ്ടും ഉയിർത്തെഴുന്നേല്‌പിക്കാം. “മുത്തച്ഛൻ എന്താ ആലോചിയ്‌ക്കണ്?” അയാളുടെ മടിയിലേക്ക് കയറിക്കൊണ്ട് നാലുവയസ്സുകാരിയായ പേരക്കുട്ടി ചോദിച്ചു. “ഏ, ആലോചിക്കുകയോ? ഞാൻ നിന്നെപ്പറ്റിമാത്രം ആലോചിക്കും. പോരെ?” അയാൾ പൊട്ടിച്ചിരിച്ചുകൊണ്ട് കുട്ടിയെ ആശ്ലേഷിച്ചു. ഉടുപ്പിൽവീണ പാലിന്റെ ദുർഗന്ധം അയാളെ അലോസരപ്പെടുത്തി. “ഇവളെ നാറുന്നു. ഇവരെയൊക്കെ ഒന്ന് കുളിപ്പിച്ചുകൂടേ?”
അയാൾ ഭാര്യയോട് ചോദിച്ചു.
“ഞാൻ നിങ്ങളുടെ ഷർട്ട് ഇസ്‌തിരിടുന്നത് കാണാനില്ലേ?”
ഭാര്യ നീരസത്തോടെ ഉറക്കെ ചോദിച്ചു. തന്റെ പെൺമക്കൾ ഉദ്യോഗസ്ഥകളായതുകൊണ്ട് പേരക്കുട്ടികളുടെ ഭാരം സഹിക്കുന്നത് ഭാര്യയാണ് എന്ന് അയാൾ ഓർത്തു. അവൾക്കാണെങ്കിൽ തന്റെ പ്രായം. സന്ധിവേദനയും കിതപ്പും വയറ്റിൽ അമിതവായുവും മറ്റുമായി സദാ പരാതിപ്പെടുന്നവൾ. തന്റെ പതിവ്രതയായ പത്‌തി. രതിമൂർഛ ഒരിക്കലെങ്കിലും അനുഭവിക്കാത്തവൾ. സമൂഹത്തിന്റെ തൂണുകളിൽ ഒന്ന്….
അയാൾക്ക് തല മറച്ചുവെച്ച് കരയുവാൻ തോന്നി. തന്റെ ശരീരം കാംക്ഷിക്കുന്ന വസ്‌തു എന്താണെന്ന് അവൾ ഊഹിക്കുകയില്ല. ശരീരത്തിന്റെ ഭാഷ അവൾക്ക് അജ്ഞാതം….
പെരിന്തൽമണ്ണയിൽ തന്നെകാത്ത് പൂമുഖത്ത് കാൽനീട്ടിയിരിക്കുന്ന പെൺകിടാവിനെപ്പറ്റി തനിക്ക് ആരോടും പറയുവാൻ വയ്യ. തന്റെ സ്വപ്‌നം ആരോടും പങ്കിടുവാൻ വയ്യ. താൻ വിടനാണെന്ന് നാട്ടുകാർ പറഞ്ഞാൽ തന്റെ മക്കൾക്കും അവരുടെ ഭർത്താക്കന്മാർക്കും ആ സംസാരം അപമാനം വരുത്തിവയ്‌ക്കും. എല്ലാവരും ഉന്നതകുലജാതർ.
പലപ്പോഴും നഗ്നനായി കിടപ്പറയിൽനിന്ന് കുളിമുറിയിലേക്ക് നടക്കുമ്പോൾ ഭാര്യ അയാളെ ശകാരിക്കാറുണ്ട്.
“കുട്ടികൾ കണ്ടാൽ എന്തുവിചാരിക്കും? വേലക്കാരി കണ്ടാൽ ഞെട്ടില്ലേ?”
ഭാര്യയുടെ നിരന്തര ശാസന!
തന്റെ ആരോഗ്യദൃഢഗാത്രം കണ്ട് വേലക്കാരി ഞെട്ടുന്നതും തനിക്ക് സുഖംതരും. തന്റെ ലാവണ്യം ഈ വലിയവീട്ടിൽ കാറ്റിൽ അലിയുന്ന കർപ്പൂരംപോലെ അലിഞ്ഞുതീരുന്നു. ഈ ശരീരത്തെ ലാളിക്കുവാൻ ആർക്കും വിരലുകളില്ലേ?
“കുട്ടികൾക്ക് വല്ല കഥയും പറഞ്ഞുകൊടുത്തുകൂടെ?” ഭാര്യ പിറുപിറുത്തു.
രണ്ടു പേരക്കുട്ടികൾക്കിടയിൽ മലർന്നു കിടന്ന് അയാൾ കണ്ണുതുടച്ചു.
മുത്തച്ഛൻ പ്രാർത്ഥിയ്‌ക്ക്യാണോ. ഒരു കുട്ടി ചോദിച്ചു. ചുരുണ്ട മുടിയും തുടുത്ത കവിളുകളുമുളള ഒരു ഗ്രാമീണ യുവതി അടച്ച കണ്ണിൽ താമരപോലെ വിടർന്നുനില്‌ക്കുന്നു.
“അതെ, മുത്തച്ഛൻ പ്രാർത്ഥിക്കട്ടെ.”
ഭാര്യ പേരക്കുട്ടികളോട് വിളിച്ചുപറഞ്ഞു.
——-
Generated from archived content: jan_story3.html Author: madhavikutti
Click this button or press Ctrl+G to toggle between Malayalam and English