ഓഫീസ് മുറിയിൽ കടന്ന് വാതിൽ അടയ്‌ക്കുന്ന മനുഷ്യൻ തന്റെ യജമാനത്തിയെ പ്രലോഭിപ്പിച്ച് വശീകരിക്കുമെന്ന് പാചകക്കാരി വിശ്വസിച്ചു. കണക്കുകൾ നോക്കുവാനും തിട്ടപ്പെടുത്തുവാനുമെന്ന വ്യാജന്യായീകരണത്തിൽ താൻ സംതൃപ്‌തയാവുമെന്ന് അയാൾ തെറ്റിദ്ധരിച്ചുവോ? തനിക്ക് വിദ്യാഭ്യാസമില്ലായിരിക്കാം. പക്ഷെ അപാരമായ ലോകപരിചയമുണ്ടല്ലോ. പതിനഞ്ചാംവയസ്സ് മുതൽ പലരുടെയും വീട്ടുജോലികൾ ചെയ്‌ത് അദ്ധ്വാനിച്ച് കഴിഞ്ഞവളാണ് താൻ. ഏത് പ്രമാണിയുടെയും രഹസ്യങ്ങൾ മനസ്സിലാക്കിയവൾ. ഒരു പുരുഷനും ഒരു സ്‌ത്രീയും മുറിക്കകത്ത് കയറി വാതിലടച്ചാൽ കണക്കുപുസ്‌തകങ്ങൾ പരിശോധിക്കുവാൻ അവർ മിനക്കെടുമോ? അവർക്ക് മറ്റെന്തൊക്കെ ചെയ്‌തു തീർക്കണം? താനും പുരുഷന്റെ കാമാസക്തികൾക്ക് ഇരയായിട്ടുണ്ട്. അതുകൊണ്ട് തന്നെ കബളിപ്പിക്കാമെന്ന് ആരും വ്യാമോഹിക്കേണ്ടതില്ല.
“ഇങ്ങള് എന്തൂട്ടാ ആലോചിയ്‌ക്കണ് ദാക്ഷായണ്യമേ…” അടിച്ചുതളിക്കാരി ചോദിച്ചു.
“ആലോചിക്കാൻ ഇമ്മിണി കാര്യങ്ങള്‌ണ്ട്. ഇന്റെ വീട്ടിലെ പെൺകുട്ട്യോളെ കല്യാണം കഴിച്ച് കൊട്‌ക്കണം. അച്ഛൻല്യാത്ത കുട്ട്യോളാ. ഞാൻ ഉണ്ടാക്ക്യേ പൈസ മാത്രേണ്ടാവൂ അവറ്റടെ കല്യാണം നടത്താൻ.” പാചകക്കാരി പറഞ്ഞു.
“ഇങ്ങക്കാണെങ്കീ ആരൂല്യ. കല്യാണൊം കഴിഞ്ഞില്യ. വയസ്സ് അറ്‌പത് കഴിഞ്ഞു” അടിച്ചുതളിക്കാരി വക്രിച്ച പുഞ്ചിരിയോടെ പറഞ്ഞു.
“ആർക്കാ അറ്‌പത്? ഇനിയ്‌ക്ക് നാല്‌പത്തേഴാ വയസ്സ്. ചിങ്ങത്തിലെ അശ്വതിയാ ഇന്റെ പെറന്നാള്. ഇന്നെ കണ്ടാ അറ്‌പത് തോന്ന്വോ? ഞാൻ ഇന്റെ മുടീല് കറപ്പ്‌ചായം തേയ്‌ക്കില്യ. അതോണ്ടാ വയസ്സ് അറ്‌പതാന്ന് പറേണത്. ഇന്റെ നര ഓമന നരയാ. ഇന്നാള് വാച്ച്‌മേൻ പറഞ്ഞില്യേ ദാക്ഷായണ്യേമടെ മൊഖം കുട്ട്യോളടെ മൊഖം പോലെയാന്നാ. ഇന്റെ കവിള് എപ്പഴും ചോന്നിട്ടാ. രക്തപ്രസാദണ്ട്.”
“അത് തക്കാളി സാപ്പിട്ടതോണ്ടാ.”
അടിച്ചുതളിക്കാരി പറഞ്ഞു.
“ഇങ്ങള് എത്ര തക്കാളിയാ മുറിച്ച് സാപ്പിടണ്. അമ്മ കാണാണ്ടെയാ ഇങ്ങടെ തീറ്റേം കുടീം.”
“കുടിയോ? ഞാൻ പട്ട കുടിക്ക്വോ? ചാരായം കുടിക്ക്വോ? ദാഹം തോന്നുമ്പൊ ലേശം സമ്പാരം കുടിക്കും. അല്ലെങ്കി കാച്ചിയ പാല്. പാല്? പശൂന്റെ പാലാ ഇനിക്ക് ഇഷ്‌ടം. മിൽമാ പാലിന്റെ ചായ ഇനിക്ക് അശേഷം പിടിയ്‌ക്കില്ല.”
“പശൂന്റെ പാല് വേണംച്ചാ ഇങ്ങള് ഇബടെ താമസിക്കണ്ട. ഇങ്ങട് ഇരിഞ്ഞാലക്കൊടേത്തന്നെ താമസിച്ചോളിൻ.”
പാചകക്കാരി നടുങ്ങി. തന്നെ ഈ അടിച്ചുതളിക്കാരി ഇത്രകണ്ട് വെറുക്കുന്നു എന്ന് ഒരു നിമിഷത്തിനുളളിൽ അവൾ മനസ്സിലാക്കി.
“ഞാമ്പോയാ ആരാ അമ്മയ്‌ക്ക് ചോറും പലാരോം ഉണ്ടാക്കിക്കൊട്‌ക്കാ? നീയ്യാ? നീയ്യൊരരയത്തിയല്ലേ? അരയത്ത്യോള് ഉണ്ടാക്ക്യേ ചോറും കൂട്ടാനും ഇബ്‌ടത്തെ അമ്മ കഴിയ്‌ക്ക്വേ? ഒരിക്കലൂല്യ. വാക്കി എന്ത് കന്നത്തരം ചീതാലും അമ്മ അരയത്തിടെ ചോറും കൂട്ടാനും കഴിക്കില്യ.” പാചകക്കാരി തന്റെ വിയർക്കുന്ന മുഖം തോർത്തുകൊണ്ട് തുടച്ചു.
“എന്തു കന്നത്തരാ ഇങ്ങള് പറഞ്ഞോണ്ട് വരണത്?”
അരയത്തി ചോദിച്ചു.
“ഇബടത്തെ അമ്മ നൊമ്മടെ ദെയ്‌വാണ്. അമ്മേപ്പറ്റി ഇങ്ങള് നൊണപറഞ്ഞ് പരത്തണ്ട. ഇല്യാത്ത കാര്യങ്ങള് പറേണ്ട. കണ്ണോണ്ട് കണ്ടതേ പറയാൻ പാടുളളൂ. കാണാത്തത് പറഞ്ഞാ ദെയ്‌വം തന്നെ ഇങ്ങനെ ശിക്ഷിക്കും…”
“ഇന്റെ കൈല് തെളിവ്‌ണ്ട്. കാണാത്തത് ഞാമ്പറയില്യ.”
“എന്നാ ഇങ്ങള് മനോരമേപ്പോയി പറഞ്ഞ് കൊട്‌ത്തോളിൻ ദാക്ഷായണ്യേമേ. ഇല്ലെങ്കി മാതൃഭൂമീല് പോയി പറഞ്ഞോളിൻ. ചെലപ്പോ കാശ് കിട്ടും. ഒരു പവന്റെ മോതിരം വാങ്ങിക്കോളിൻ. ഇല്യെങ്കി കസവ് നേര്യത് വാങ്ങാം. പരദൂഷണംന്ന് പറേണത് കേട്ടിട്ടില്യേ? നല്ല കച്ചോടാ പരദൂഷണം. കാശും കിട്ടും സാരീം കിട്ടും. ഇങ്ങക്ക് സുഖാവും…
—-
Generated from archived content: aug_story2.html Author: madhavikutti