പ്രമുഖ കവിയും മറുനാടൻ മലയാളിയുമായ ഉണ്ണികൃഷ്‌ണൻ പുറമേരി ഇക്കഴിഞ്ഞ ജൂലൈ 22 ന് 70-ാം വയസ്സിൽ മദ്രാസിൽ അന്തരിച്ചു. ഉൺമയുടെ അടുത്ത ബന്ധു. പുറമേരിയുടെ സ്വന്തം കവിതകളും പരിഭാഷാ കവിതകളും ചേർത്ത് ഉൺമ പബ്ലിക്കേഷൻസ് പ്രസിദ്ധീകരിക്കുന്ന ഗ്രന്ഥത്തിന്റെ പ്രകാശനം 2005 ജനുവരിയിൽ മദ്രാസിൽ നടക്കും. ആ കൃതിയുടെ അവതാരികയിൽ നിന്ന്-
വിരിയുന്ന ചിരി, അതാണ് ഉണ്ണികൃഷ്‌ണൻ പുറമേരിയുടെ മുഖമുദ്ര. അക്ഷരാർത്ഥത്തിലും അനുഭവമേഖലയിലും നർമ്മമാണതിന്റെ നിറം; സൗഹൃദമാണതിന്റെ സൗരഭം.
ഉണ്ണികൃഷ്‌ണൻ ജന്മനാ ഒരു കുടുംബസ്ഥനായിരുന്നു. ഒരു സ്ഥിരം കുടുംബനാഥന്റെ മട്ടും മാതിരിയുമായിരുന്നു അദ്ദേഹത്തിന്. ആ കുടുംബസങ്കല്പത്തിന്റെ വ്യാപ്‌തി അപരിമിതമായിരുന്നു. സകല ചരാചരങ്ങൾക്കും അതിൽ സ്ഥാനമുണ്ട്. ‘വസുധൈവ കുടുംബകം’ എന്നു പ്രമാണം. ആ കുടുംബനാഥന്റെ സൗന്ദര്യദർശനോന്മുഖമായ ഹൃദയം ചുറ്റുമുളള സാധാരണതകളോട് ഇടപഴകിയപ്പോൾ ഉളവായ പുളകാങ്കുരങ്ങളാണ് അദ്ദേഹത്തിന്റെ കവിതകൾ. അത്തരത്തിലൊരു നോട്ടത്തിൽ കവിതകൾ തോന്നുമ്പോൾ മാത്രം കുറിച്ചിടുന്ന കുടുംബനാൾവഴിക്കുറിപ്പുകളാണെന്നും പറയാവുന്നതാണ്.
കോളേജ് വിദ്യാർത്ഥിയായിരിക്കുന്ന കാലം തൊട്ട് ഉണ്ണികൃഷ്‌ണൻ പുറമേരി അപ്പോഴപ്പോഴായി എഴുതിയ ഇരുപത്തിയൊമ്പത് കവിതകളാണ് ഈ സമാഹാരത്തിലെ പ്രധാനഭാഗം. ‘സോവിയറ്റ് നാട്’ എന്ന പ്രസിദ്ധീകരണത്തിനുവേണ്ടി 1980 മുതൽ 1990 വരെയുളള കാലത്ത് പരിഭാഷപ്പെടുത്തിയ മറുഭാഷാ കവിതകളാണ് മറ്റൊരു ഭാഗം. കൂടാതെ ഉണ്ണികൃഷ്‌ണഫലിതത്തിന് ഉത്തമോദാഹരണമായ ഒരു നർമ്മോക്തിമാലയും.
ചെറുപ്പക്കാർക്കിടയിൽ ചങ്ങമ്പുഴ ഒരു ലഹരിയായിരുന്ന കാലത്താണ് ഉണ്ണികൃഷ്‌ണൻ പുറമേരി കവിതയെഴുതാൻ തുടങ്ങിയത്. പദങ്ങളുടെ ശബ്‌ദഭംഗിയും പദാവലികളുടെ കാതിനിമ്പമേകാനുളള കഴിവും അദ്ദേഹത്തെ ആദ്യംമുതലേ ആകർഷിച്ചിട്ടുളളതായി കാണാം. വൃത്തങ്ങളും ഇതിവൃത്തങ്ങളും തെരഞ്ഞെടുക്കുന്ന കാര്യത്തിലും ഈ ആഭിമുഖ്യം ആദ്യന്തം സ്വാധീനം ചെലുത്തിയതായി കാണാം. കുറച്ച് ദൃഢത ആവശ്യപ്പെടുന്ന കവിതകളിൽ രചനാരീതിയ്‌ക്ക് ഉചിതമായ മാറ്റം വരുത്തിയിട്ടുളളതും ശ്രദ്ധിക്കേണ്ടതാണ്.
ആളെപ്പോലെതന്നെയാണ് അദ്ദേഹത്തിന്റെ കവിതയും-തെല്ല്‌ല്ലും പ്രകടനപരമല്ല. അടിമുടി പ്രസാദാത്മകം. ഒട്ടും ഏറ്റമില്ലതാനും. അത് വായനക്കാരന്റെ സ്വകാര്യതയോട് സല്ലപിക്കുന്നു. സദസ്സിനോട് പ്രസംഗിക്കുന്നുമില്ല. ‘ശൈലിയാണ് മനുഷ്യൻ’ എന്നൊരു ചൊല്ലുണ്ടല്ലോ. അത് മറിച്ചുചൊല്ലി മനുഷ്യൻ തന്നെയാണ് ശൈലി എന്ന് നമുക്ക് പറയാം. അന്തിച്ചോപ്പിലെ ആദിപ്പിറകൾ പോലെയാണീ കവിതകൾ. കാണുന്നവർക്ക് കൺകുളിരേകുന്നു.
ജീവിതം ഒരു ഫലിതപ്രവാഹമായിക്കണ്ട കവിയുടെ രചനകളുടെ ആത്മാവുതന്നെ നർമ്മമാകുന്നത് സ്വാഭാവികം. അതാവട്ടെ അത്യന്തം സുതാര്യവും. ഫലമോ, ദ്രാക്ഷാപാകം എന്നു പറയാറില്ലെ, അതുതന്നെ. വാക്കുകളുടെ ശബ്‌ദസാദൃശ്യങ്ങൾ ഉപയോഗപ്പെടുത്തിയുളള പ്രയോഗങ്ങൾ അദ്ദേഹത്തിന് ഒരു വിനോദമാണ്. അതിന്റെ ഭംഗിയുടെ മാതൃക ഈ സമാഹാരത്തിലെ നർമ്മലേഖനത്തിൽ കാണാം. അദ്ദേഹത്തിന്റെ രസികൻ പ്രയോഗങ്ങളുടെ ചെറിയ അംശം മാത്രമേ ഇതിൽ സമാഹരിച്ചിട്ടുളളൂ എന്നതാണ് ഖേദം.
ഉണ്ണികൃഷ്‌ണന് വയ്യാത്തതായി ഒന്നേ ഉണ്ടായിരുന്നുളളു-വയ്യ എന്നു പറയാൻ വയ്യ. ആ ദൗർബ്ബല്യത്തിന്റെ സൽഫലങ്ങളാണ് ഈ സമാഹാരത്തിലെ പരിഭാഷകൾ. ഉണ്ണികൃഷ്‌ണൻ എന്ന ആളെ പരിചയപ്പെട്ടാൽ അദ്ദേഹത്തിന്റെ സുഹൃത്തുക്കളായ ഒട്ടേറെപ്പേരെ നമുക്ക് പരിചയമായിവരും. കവിതയുടെ കാര്യത്തിലും അദ്ദേഹം ആ ധർമ്മം പുലർത്തിയിരിക്കുന്നു. നാം പരിചയപ്പെടാൻ ഇടയില്ലാത്ത എത്ര വിദേശകവികളെയാണ് അദ്ദേഹത്തിന്റെ പരിഭാഷാ പരിശ്രമങ്ങളിലൂടെ നാം വായിച്ചറിയുന്നത്!
മരണാനന്തര പ്രസിദ്ധീകരണമായി പുറത്തിറങ്ങുന്ന ഈ സമാഹാരം ഒരു ജീവിതത്തിന്റെ രേഖാചിത്രമാണ്. കവിയുടെ കുടുംബാംഗങ്ങൾ അദ്ദേഹത്തിന്റെ ഓർമ്മയ്‌ക്ക് സമർപ്പിക്കുന്ന സ്‌നേഹാദരാഞ്ഞ്‌ജലിയാണ്. സ്‌മര്യപുരുഷന്റെ ആത്മഛായാപടങ്ങളുടെ ഒരു തുടർക്കണി. ആ നിലയ്‌ക്ക് ഇതിന്റെ ഉളളടക്കത്തിന്റെ കാവ്യമൂല്യനിർണ്ണയം അനാവശ്യമാണ്. സമാനഹൃദയർക്ക് ഇടയ്‌ക്കിടയ്‌ക്കെടുത്ത് മറിച്ചുനോക്കാനും ഓർക്കാനും വേണ്ടി സൂക്ഷിച്ചുവയ്‌ക്കാനുളള ഒരു ചിത്രശേഖരോപഹാരമാണിത്.
Generated from archived content: essay1_dec.html Author: madhavan_ayyappeth