അവരുടെ ആദ്യരാത്രിയിലെ പ്രധാനചർച്ച നഗരത്തിരക്കിനെപ്പറ്റിയായിരുന്നു. ഗ്രാമനിശ്ശബ്ദതയിൽനിന്നാണ് ഹേമയെ അവൻ കണ്ടെത്തിയത്. ഭഗവതിക്കാവും നെൽപ്പാടങ്ങളും അതിരിട്ട നാട്ടിൻപുറത്തുനിന്നും ഹേമയെ പറിച്ചെടുക്കുമ്പോൾ, ഇടയ്ക്കൊക്കെ ഗ്രാമശാന്തതയിലേക്ക് ഒഴുകിച്ചേരുന്ന അരുവിയുടെ ആരവവുംകേട്ട് നന്ത്യാർവട്ടവും തെച്ചിയും വിടർന്നുനില്ക്കുന്ന ഇടവഴിയിലൂടെ ഒന്നുമോർക്കാതെ അലഞ്ഞുനടക്കാമല്ലോ എന്ന് സേതു ഒരുപക്ഷെ ഓർത്തിരിക്കാം.
‘ഈ തിരക്കിലെങ്ങനെ നിങ്ങൾക്കെല്ലാം ഉറങ്ങാൻ കഴിയുന്നു?’
ചെവിയോരത്തുകൂടി ഭീകരമായ ശബ്ദത്തോടുകൂടി ഒരു ലോറി പോകുന്ന ശബ്ദത്തിനുശേഷം ഹേമ ചോദിച്ചു.
എന്തെങ്കിലും പറയാൻ ആരംഭിക്കുമ്പോഴേക്കും ഏതെങ്കിലും ഒരു വാഹനത്തിന്റെ ഇരമ്പൽ അതുവിഴുങ്ങിയിട്ടുണ്ടാവും. കാത്തിരിപ്പിനൊടുവിൽ എത്തിപ്പെട്ടത് ഈ ശബ്ദനൈരന്തര്യത്തിലേക്കാണല്ലോ എന്ന് അവൾ ഒരുവേള വ്യസനിച്ചു.
“ഞാനിവിടെ താമസംതുടങ്ങിയ കാലത്ത് ഇതൊന്നുമായിരുന്നില്ല ശബ്ദം…”
സേതു ഒരു ന്യായീകരണമെന്നമട്ടിൽ പറഞ്ഞു.
ഒടുവിൽ, നഗരശബ്ദത്തെക്കാൾ ഉച്ചസ്ഥായിയിലുളള കൂർക്കംവലിയുടെ അകമ്പടിയോടെ സേതു ഉറക്കത്തിലായപ്പോൾ ഹേമ ശബ്ദസാഗരത്തിന്റെ ചുഴിയിലേക്ക് കണ്ണുംപൂട്ടി താഴ്ന്നുപോകുകയായിരുന്നു.
Generated from archived content: story_seelam.html Author: m_krishnadas