കത്തുകൾ

ബിജു മമ്മല, തമ്മാനിമറ്റം, എറണാകുളം

ദാഹജലം ഇല്ലാത്ത ഞങ്ങളുടെ നാടിനേക്കാൾ എത്രയോ ഭേദമാണ്‌ ഉൺമയുടെ ഗ്രാമം. ഉളളവെളളം കൊക്കക്കോളയും മറ്റും ഭൂമിതുരന്ന്‌ കൈപ്പറ്റുകയാണ്‌. മറുവശത്ത്‌ ദിനംപ്രതിയെന്നോണം നിറം മാറിക്കൊണ്ടിരിക്കുന്ന പെരിയാറും. വരുകാലങ്ങളിൽ ജീവവായുവും വിദേശകുത്തകകൾക്ക്‌ തീറെഴുതി വില്‌ക്കുമോ?

ഹനീഷ്‌ലാൽ, കൂട്ടാർ, ഇടുക്കി

വാനിലയും ആംവേയും ആർ.എം.വിയും ജ്വരംപോലെ ഹൈറേഞ്ചിൽ പടർന്നുപിടിക്കുകയാണ്‌. ഇത്‌ മോഹവിലയും ലക്ഷങ്ങളുടെ ചെക്കുകളുമായി ഓരോരുത്തരുടെയും മനസ്സിലേക്ക്‌ തീപ്പൊരിയായി പടരുന്നു. തമിഴ്‌നാട്‌ അതിർത്തിയോട്‌ ചേർന്നുകിടക്കുന്ന ഞങ്ങളുടെ പ്രദേശം വരണ്ടുണങ്ങിയിട്ട്‌ മാസങ്ങളായി. ഒരിറ്റുവെളളത്തിന്‌ കിലോമീറ്ററുകളോളം ദൂരം താണ്ടണം. ഇതിനൊന്നും പരിഹാരം കണ്ടെത്താത്ത ജനപ്രതിനിധികൾ ഇവയ്‌ക്ക്‌ ആളെ കൂട്ടാൻ ഓടിനടക്കുകയാണ്‌. ആയിരങ്ങൾ മുടക്കി വാനിലവളളികൾ നട്ട കർഷകരുടെ കൃഷിയിടങ്ങൾ വിണ്ടുകീറുകയാണ്‌. കുടിച്ചിട്ടുവേണ്ടേ നനയ്‌ക്കാൻ. ഗവൺമെന്റ്‌ കുഴിച്ചുകൂട്ടിയിരിക്കുന്ന കുഴൽകിണറുകൾ നോക്കുകുത്തികളായി അവശേഷിക്കുമ്പോൾ ഏലത്തോട്ടം മുതലാളിമാർ ആയിരത്തിൽകൂടുതൽ അടി താഴ്‌ത്തുവാൻ ശേഷിയുളള എൻജിൻ വരുത്തി ഉളള ഭൂഗർഭജലം കൂടി ഊറ്റുന്നു. കൂടാതെ ചെറിയ തോടുകളിൽവരെ തടയണകെട്ടി സ്വകാര്യവ്യക്തികൾ ജലം ചൂഷണം ചെയ്യുന്നു. പഞ്ചായത്തുകളിൽ നല്‌കുന്ന പരാതികൾ നോട്ടുകെട്ടുകളുടെ അടിയിൽ ഞെരിഞ്ഞുപോകുകയാണ്‌.

വി.കെ.നാരായണൻ, പേരൂർക്കട

ഉൺമ കിട്ടുമ്പോൾ കുളിർമ. ഉളളിലൂടെ ചരിച്ചപ്പോൾ തൊട്ടറിവായതോ ഉൾച്ചൂട്‌. അതിന്റെ മാപിനിയിലെ അങ്കനം ഉയരുമ്പോഴും ഹൃദ്യത. ഇതാണ്‌ പത്രത്തിന്റെ മാനവികധർമ്മം. ഇതിന്റെ അനുഷ്‌ഠാനത്തിൽ ദിഗംബരമായാലും ഉൺമ ഉൺമതന്നെ. സംവേദനത്തിന്റെ കണ്ണി മുറിയരുത്‌.

ചേപ്പാട്‌ സോമനാഥൻ, മുംബൈ

ഉൺമയുടെ മുഖക്കുറിപ്പുകൾ ചെറിയ ചെറിയ വലിയ ഭൂകമ്പങ്ങളാണ്‌.

ശങ്കരൻ കോറോം, കണ്ണൂർ

പറയാൻ ഭയന്ന ഒരുകാര്യം ഉൺമ തന്റേടത്തോടെ പറഞ്ഞിരിക്കുന്നു; മമ്മൂട്ടിയുടെ മകളുടെ വിവാഹധൂർത്ത്‌. സാധാരണക്കാരനെ കൊഞ്ഞനംകുത്തുന്ന ഇവരൊക്കെത്തന്നെയാണ്‌ നമ്മുടെ മാതൃകാബിംബങ്ങളും!

എം.കെ.മാധവൻനായർ, കോട്ടയം

പുസ്‌തകപ്രസിദ്ധീകരണരംഗത്ത്‌ ഉൺമ കൂടുതൽ ശക്തിപ്രാപിച്ചുവരുന്നതിൽ സന്തോഷം. ഉൺമ മാസികയ്‌ക്ക്‌ രൂപഭാവങ്ങളിൽ മുന്നേറ്റമുണ്ട്‌.

എസ്‌.സലിംകുമാർ, ബാംഗ്ലൂർ

ഇവിടെ ഒരുപാട്‌ മലയാളി സംഘടനകളുണ്ട്‌, വൈറ്റ്‌കോളർ സംഘടനകൾ. ഭൂരിപക്ഷം വരുന്ന സാധാരണ മലയാളിയെ ഒരുത്തർക്കും വേണ്ട. സ്വന്തം കാര്യം നോക്കി മാനമായി ജീവിക്കുന്നവർ, കഷ്‌ടപ്പെടുന്നവർ, കഷ്‌ടപ്പെടാത്തവർ. ഇവയിലെല്ലാം ഒഴുകിനടക്കുന്നു മലയാളിത്തം.

ദിനേശ്‌ നടുവല്ലൂർ, ഡൽഹി

ഉൺമയുടെ പിന്നിലെ ഊർജ്ജസ്രോതസ്സിന്‌ അഭിമാനിക്കാം. സമാന്തര പ്രസിദ്ധീകരണരംഗത്തെ ‘കുളളൻ’ എന്നും നിലനില്‌ക്കട്ടെ.

ബാലകൃഷ്‌ണൻ ഒളവട്ടൂർ

പ്രശസ്‌തരോട്‌ കാണിക്കുന്ന പരിചയം അവർ ആരാധനയായി കണക്കാക്കും. അവരിൽനിന്ന്‌ തിരിച്ചിങ്ങോട്ട്‌ അവഗണന മാത്രമായിരിക്കും ലഭിക്കുക എന്ന സത്യം നാം തിരിച്ചറിയണം.

എഴുമറ്റൂർ രാജരാജവർമ്മ, വഴുതക്കാട്‌

ജനഹൃദയങ്ങളിൽ ക്രൂരമായ നിസ്സഹായത വളരുന്നകാലം. പ്രകൃതിവിരുദ്ധം പാരമ്യത്തിൽ. ‘മകൻ’ മക്കളായി വളർന്നുപടരുന്നു. ചാക്രികമല്ലോ ജീവിതം. ഭാവത്തിൽ പരകോടിയിൽ അഭാവം. ഒരു തിരിച്ചടി ഉണ്ടാകാതെ വയ്യ. കാലം കണ്ണിലെണ്ണയൊഴിച്ചിരിക്കുന്നു.

(മാർച്ച്‌ ലക്കം ഉൺമയുടെ കവർപേജിൽ ചേർത്ത ‘മകൻ’ എന്ന കുഞ്ഞുകഥ പത്രാധിപരുടെ രചനയാണ്‌.)

മനോജ്‌കുമാർ പഴശ്ശി, മട്ടന്നൂർ

മാസികാപ്രസിദ്ധീകരണം, പ്രദർശനങ്ങൾ, പുസ്‌തക പ്രസാധനം, സംവാദങ്ങൾ-ഉൺമ ശരിക്കുമൊരു സാംസ്‌കാരിക പ്രസ്ഥാനംതന്നെ.

Generated from archived content: letters_may.html

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English