സജിത് കെ. കൊടക്കാട്ട്, ഫാറൂഖ്
സച്ചിദാനന്ദനോളം വരുമോ ഉപ്പിലിട്ടത്? വയലാർ ചീത്തക്കവിയാണെന്ന് സച്ചിദാനന്ദൻ പറഞ്ഞിട്ടില്ല. വയലാർ നല്ല കവിയാണെന്ന് അഭിപ്രായം പറയാത്തതുകൊണ്ട് അദ്ദേഹത്തിന്റെ പേരിലുളള അവാർഡ് സച്ചിദാനന്ദൻ വാങ്ങരുതെന്ന് പറയുന്നത് അസൂയാലുക്കളും കൂപമണ്ഡൂകബുദ്ധിജീവികളുമാണ്. കേരളത്തിൽ സീനിയറായിട്ടുളള എത്ര കവികളുണ്ട് തങ്ങളുടെ തൊട്ടുതാഴെയുളള തലമുറയിലെ കവികളെ ശ്രദ്ധയോടെ വായിക്കുന്നത്? കേരളത്തിലെന്നല്ല ഇന്ത്യയിൽ തന്നെ ഇങ്ങനെ ചെയ്യുന്ന ഒരേയൊരു കവി സച്ചിദാനന്ദനാണ്.
ആന്റണി മുനിയറ, ഇടുക്കി
ഉൺമയുടെ വളർച്ചയ്‌ക്കുപിന്നിലെ തളർച്ചയില്ലാത്ത പടയോട്ടം എനിക്കെന്നും ആവേശം പകരുന്നു.
വീണ സി.എം., പേരാമ്പ്ര, കോഴിക്കോട്
കനിവുവറ്റുന്നൊരീക്കാലത്ത്
ഹൃദയം നനയ്‌ക്കുമൊരു
സ്‌നേഹക്കടലായൊഴുകട്ടെ
ഉൺമതൻ വാക്കുകൾ
എം.ടി. ബേബി, ചെന്നൈ
1957-ൽ കമ്മ്യൂണിസ്‌റ്റ് മന്ത്രിസഭ അധികാരത്തിൽ വരാൻ തോപ്പിൽ ഭാസിയും, ‘നിങ്ങളെന്നെ കമ്യൂണിസ്‌റ്റാക്കി’ നാടകവും വഹിച്ച പങ്ക് ലോകചരിത്രമാണ്.
രവീന്ദ്രൻ മംഗലശ്ശേരി, മഞ്ചേരി
ഈ ഭൂമിയിൽ ജീവിച്ചു കൊതിതീരാത്ത മനുഷ്യജന്മങ്ങളെ സഹജർതന്നെ കൊന്നൊടുക്കുന്നത് നിഷ്‌ഠൂരവും നികൃഷ്‌ടവുമാണ്.
എം.ഹരിശങ്കർ കർത്ത, പത്തിയൂർ
ആകാശവാണിയിൽ അവസരമൊരുക്കിത്തന്നതിന് നന്ദി.
കെ.ടി. മോഹനൻ, ഇടുക്കി കോളനി
എന്നെപ്പോലെ പുതിയവരുടെ സ്വകാര്യ അഹങ്കാരം കൂടിയാണ് ഉൺമ. അവനവനിസത്തിന്റെ ഈ പ്രണയകാലത്ത് നന്മയുടെ ഈ കുഞ്ഞിലയെ ആരാണ് കൈവിടുക?
പി.കെ.ഗോപി, കോഴിക്കോട്
കമലാസുരയ്യയുടെ ‘പരലോകമാർഗ്ഗം’ ഏതൊരു മനസ്സിന്റെയും ജീവിതത്തിന്റെയും വാനപ്രസ്ഥ ഭാവനയാണ്. ഇവിടേക്കുളള ദൂരമളന്ന് വിവേകത്തോടെയും അല്ലാതെയും നാം യാത്ര ചെയ്യുന്നു. രോഗം, വേദന ഇവയെല്ലാം ഭാവനാശാലികൾക്കു കവിതതന്നെയാണ്. ഉയിർത്തെഴുന്നേല്‌പ് സാധ്യമാകുന്നതങ്ങനെയാണ്. സുകുമാറിന്റെ ‘അദ്ധ്യാപഹയൻ’ പോലൊരു പിടയ്‌ക്കുന്ന പരിഹാസകഥ വായിച്ചിട്ട് എത്രയോ കാലമായി!
രാജേന്ദ്രൻ വയല, പത്തനംതിട്ട
നൂറനാട്ടെ മരങ്ങൾ മുറിച്ചുമാറ്റുന്നതിനെതിരെ ജനകീയ പ്രതിരോധമുണ്ടാകണം.
വിനോദ് ഇളകൊളളൂർ, പത്തനംതിട്ട
ജീവൻ ടിവിയിൽ കുര്യൻ പതിക്കാട്ടിലുമായി പത്രാധിപർ ‘മസിലുകാട്ടാതെ’ നടത്തിയ അഭിമുഖം നന്നായി.
രമേശ് അടുവാശ്ശേരി, ഡൽഹി
ഒ.വി.വിജയനെ വിചാരണ ചെയ്യുന്നവരിൽ പലരും പഴങ്കഥയിലെ ആനയെക്കണ്ട അന്ധന്മാരെപ്പോലെയാണെന്ന് പലപ്പോഴും തോന്നാറുണ്ട്.
ബി. വത്സൻ മംഗലം, അഞ്ചുമൂർത്തി
മാധവിക്കുട്ടിയുടെ ‘ഞായറാഴ്‌ച’ എന്ന കഥ, ഈ ലോകത്തു കാണുന്ന മുഖങ്ങളെല്ലാം സത്യങ്ങളല്ലെന്നു മനസ്സിലാക്കിത്തരുന്നു.
സിബിസ് തേവളളി
എസ്.ആർ.ലാലിന്റെ ‘കപടസ്‌നേഹിത’ എന്ന കഥ കഥയല്ല; വർത്തമാനകാലചരിതം!
അടുതല ജയപ്രകാശ്, കാരംകോട്
ആയകാലത്ത് ദേഹവും, അവസാനകാലത്ത് ആത്മകഥയും നമ്മൾതന്നെ വായിക്കണം. എല്ലാ നളിനിമാരും ആത്മകഥകളെഴുതട്ടെ. ഭോഗലാലസതയുടെ ഉണ്ണിയച്ചിചരിതവും ഉണ്ണിയാടിചരിതവും കെട്ടിയാടാം മേദിനീ വെണ്ണിലാവുമാർ മന്ദഹസിക്കട്ടെ.
സുനിൽ തില്ലേരി, കൊല്ലം
കമലാസുറയ്യയുടെ കവിത ചില നോവുകളുടെ ഉപ്പുതടാകത്തിൽ സ്‌നാനം നടത്താൻ പ്രേരിപ്പിക്കുന്നു.
Generated from archived content: letters1_jan13_06.html