കവിക്ക് മറ്റാരെക്കാളും ഉത്തരവാദിത്തമുണ്ടെന്നാണ് സമൂഹത്തിന്റെ ധാരണ. ഋഷിയല്ലാത്തവൻ കവിയല്ല എന്ന ചൊല്ല് ഉദാഹരണം. ചൈനയിലും റഷ്യയിലും മറ്റും സാംസ്കാരിക കലാപങ്ങളുണ്ടായപ്പോൾ മാവോയും ല്യൂഷനും മാർക്സും അവർക്ക് പിന്തുണ പ്രഖ്യാപിച്ചിരുന്നു. ഇവരിൽ കവിതയും രാഷ്ട്രീയവും ഒരുപോലെ അന്തർലീനമാണ്. കുറച്ചുകൂടി വ്യക്തമായിപ്പറഞ്ഞാൽ, കവിതയെ പരിപോഷിപ്പിക്കുന്നതിനുവേണ്ടിയാണ് അവരുടെ രാഷ്ട്രീയബദ്ധത ശ്രമിച്ചത്. ചെക്കസ്ലോവാക്യയിൽ വാറ്റ്സ്ലാഫ് ഹാവെലും, പോളണ്ടിൽ വലേസയും സാഹിത്യരംഗത്തുണ്ടാക്കിയ ഭൂചലനങ്ങൾ അവരുടെ രാഷ്ട്രീയാന്മുഖ്യത്തെക്കാൾ ശ്രദ്ധേയമാണ്. നൈജീരിയയിലെ ഗബ്രിയേൽ ഒകാരയിലും, ഗ്രീസിലെ യാനീസ് റീറ്റ്സോസിലും, അർജന്റീനയിലെ ചെഗുവേരയിലും, വിയറ്റ്നാമിലെ ഹോചിമിനിലുമൊക്കെ കവിതയും വിപ്ലവും സമന്വയിച്ചിരുന്നു.
കവിത പിറക്കുന്നത് എന്തിനോടോ ഉളള പ്രതികരണമെന്ന നില്ക്കാണ്. എഴുത്ത് ഒരു രാഷ്ട്രീയപ്രവർത്തനമാണെന്ന് വാൾട്ടർ ബെൻയമിൻ പറഞ്ഞതിന്റെ സാരം ഇതാണ്. അതിനാൽ, കവിത ഒരു സാംസ്കാരിക പ്രവർത്തനമാകുന്നു. പക്ഷേ, ഇന്ത്യയിലെ ജനങ്ങൾ ആരെയോ പേടിച്ചിട്ടെന്നപോലെയാണ് സാംസ്കാരികം എന്ന വാക്ക് ഉച്ചരിക്കുന്നത്! സംസ്കാരം എന്നുവച്ചാൽ, ഒരു പ്രത്യേകതരത്തിൽ പാകപ്പെടുത്തിയെടുക്കുക എന്നർത്ഥം. അങ്ങനെയാവുമ്പോൾ, സംസ്കരിച്ചെടുക്കപ്പെട്ട ഒരവസ്ഥയെയാണ് ‘കവിത’ എന്നു വിളിക്കേണ്ടത്. നമ്മിൽ പരിവർത്തനമുണ്ടാക്കുന്നതിനെ സംസ്കാരമെന്നും വിളിക്കാം. അപ്പോൾ, ഒരു സിംഫണിയിലെ രണ്ടു ധാരകൾപോലെ സംസ്കാരവും കവിതയും സമന്വയിക്കുകയാണ് ചെയ്യുന്നത്.
Generated from archived content: essay4_sep.html Author: kp_ramesh