ജ്ഞാനിതന്നെയാണ് ഗുരു-ഇരുട്ടിനെ മറയ്‌ക്കുന്ന സൂര്യൻ. അതിനെ ‘ഗുരുസാഗര’മെന്ന് നമ്മുടെ ഒരു വലിയ എഴുത്തുകാരൻ വിശേഷിപ്പിച്ചു. ഗുരു എന്നത് ഒരു ആഴക്കടലാണ്. ആഴക്കടലിൽ തിരകളൊന്നുമില്ല. തീരത്തുമാത്രമെ തിരകളുളളു. തിരകളാണ് സത്യമെന്നു തോന്നുന്നുവെങ്കിൽ നമുക്കുതെറ്റി. തീരത്തുനിന്നും ബഹുദൂരത്തായി നിലക്കൊളളുന്ന ആഴക്കടലിനെ അറിയാത്തവരാണ് തിരകളുടെ മായികലോകത്തെ ആരാധിക്കുന്നത്.
‘സംസാരസാഗരം’ എന്നത് കേവലം ഒരു കല്‌പനമാത്രമല്ലെന്നു വരുന്നത് ഗുരുവിനെ വീക്ഷിക്കുമ്പോഴാണ്. ഈ സംസാരസാഗരം ധീരമായി നീന്തിക്കടന്നവനാണ് ഗുരു. ചിരിയും കരച്ചിലും ക്രോധവുമെല്ലാം സംസാരസാഗരത്തിന്റെ ഭാഗങ്ങളാണ്. ഗുരുവിന്റെ ക്രോധത്തിനും ചിരിക്കും മറ്റും അത്തരമൊരു അർത്ഥമാണുളളത്. അതിന്റെ അടിസ്ഥാനത്തിൽമാത്രം ഗുരുവിനെ അളക്കുന്നത് യുക്തമല്ല. കാരണം, ക്രോധവും ചിരിയുമൊക്കെ ബാഹ്യപ്രകടനങ്ങളാണ്, തിരമാലകളാണ്. തിരക്കൈകൾ ആഞ്ഞടിക്കുമ്പോഴും അകമേ പ്രശാന്തമായിരിക്കുന്ന കടലിന്റെ മനസ്സുപോലെയാണ് ഗുരു-ശാന്തസമുദ്രം!
Generated from archived content: essay1_may18.html Author: kp_ramesh