ബാക്കിപത്രം

ജീവിതത്തിന്റെ കണക്കുബുക്കിന്നലെ

ജിജ്ഞാസയോടെ ഞാൻ നോക്കിയപ്പോൾ,

അർത്ഥമെന്തോ ചുണ്ടിൽ പുഞ്ചിരിയൂറി, യെ-

ന്നുളളിൽ നേർത്തുളെളാരു തേങ്ങൽകേട്ടു!

ലാഭവും നഷ്‌ടവും കൂട്ടിക്കുറച്ചുഞ്ഞാൻ

മിച്ചമതെത്രയുണ്ടെന്നു നോക്കി

മിച്ചമായെൻ ബാക്കിപത്രത്തിലുണ്ടേറെ

നഷ്‌ടങ്ങളെന്നു മനസ്സിലാക്കി!

ഒന്നോർത്തുനോക്കിയാ,ലൊറ്റജന്മംകൊണ്ടു

നാമെന്തുനേടുമീ ജീവിതത്തിൽ?

രണ്ടാമതൊന്നിനായ്‌ സജ്ജമാകാനുളള-

തൊന്നത്രെയാദ്യം ലഭിച്ചജന്മം!

ആദ്യത്തെ ജന്മത്തിൽ കാട്ടുന്നതൊക്കെയും

ശുദ്ധമണ്ടത്തരങ്ങളായിരിക്കാം!

ആരെന്നുമേതെന്നുമെന്തെന്നുമൊക്കെ നാം

നന്നായറിഞ്ഞിടാൻ വൈകിയേക്കാം!

പറ്റിയപാളിച്ച മെല്ലെത്തിരുത്തുവാൻ

നോക്കുമ്പോൾ പ്രായം കടന്നിരിക്കാം!

കണ്ടതെല്ലാം സ്വപ്‌നമാണെന്നറിയവെ

നേരം പുലർന്നു കഴിഞ്ഞിരിക്കാം!

ഒന്നോർത്തുനോക്കി ഞാ,നിത്രകാലംകൊണ്ടു

ഞാനെന്തുനേടിയിജ്ജീവിതത്തിൽ?

ആശിപ്പൂ, രണ്ടാമതൊന്നുകൂടായത്‌

പൂർവ്വപാഠത്താൽ സഫലമാക്കാൻ!

Generated from archived content: poem1_july.html Author: kozhisseri_ravindranath

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here