ഹിരണ്മയേന പാത്രേണ!

ആഫ്രിക്കൻ രാജ്യമായ എത്യോപ്യയിലെ അർബാമിഞ്ചിൽ വെച്ചാണ്‌ ‘ഉൺമ’യുടെ 204-​‍ാം ലക്കം വായിച്ചത്‌. ‘മതനിഷ്‌ഠയുടെ മണ്ണിൽ തീവ്രവാദ വിഷസസ്യം’ എന്ന ശീർഷകത്തിൽ കുരീപ്പുഴ ശ്രീകുമാർ എഴുതിയ കുറിപ്പ്‌ ഉളളിൽ തട്ടി.

ലേഖനത്തിൽനിന്ന്‌ ഒരുഭാഗം ഇങ്ങനെഃ ‘ലോകത്തെ ഏതു മതതീവ്രവാദിയും മതനിഷ്‌ഠകളിൽ ശ്രദ്ധാലുവാണ്‌. നിസ്‌കരിക്കുക, ബലിയിടുക, മുട്ടുകുത്തുക തുടങ്ങിയ എല്ലാ കർമ്മങ്ങളും അവർ കൃത്യമായി അനുഷ്‌ഠിക്കും. കൃത്യമായി വേദപുസ്‌തകങ്ങൾ വായിക്കും. മതത്തിന്റെ യൂണിഫോമിട്ടു നടക്കും. ആക്ഷൻ സമയത്തു മാത്രമേ ഇവർ യൂണിഫോം മാറ്റാറുളളൂ. കൊലപാതകവും ബലാൽസംഗവുമാണ്‌ ഇവരുടെ പ്രധാന ആക്ഷൻ. ഇത്‌ ഇവർ ചെയ്യുന്നത്‌ വ്യക്തിപരമായ തൃപ്‌തിക്കുവേണ്ടിയല്ല; മതനിഷ്‌ഠകളുണ്ടാക്കുന്ന ’വിശുദ്ധജീവിത‘ത്തിന്റെ തൃപ്‌തിക്കുവേണ്ടിയാണ്‌. കൃത്യതയുളള മതനിഷ്‌ഠ അന്ധവിശ്വാസങ്ങളുടെ ആവർത്തനം മാത്രമല്ല, സഹജീവികൾക്ക്‌ ആപത്തുമാണ്‌…’

ആട്ടിൻതോലിട്ട ചെന്നായ്‌ക്കളാണ്‌ മതതീവ്രവാദികളായ പുരോഹിതന്മാരെന്നും ഇവർ മതത്തിന്റെ മണ്ണിലെ വിഷസസ്യങ്ങളാണെന്നും മുഖംമൂടിയില്ലാത്തവരെല്ലാം സമ്മതിക്കും. മദംപൊട്ടി നില്‌ക്കുന്ന ഈ മതതീവ്രവാദികളുടെ അണുയിട വിട്ടുവീഴ്‌ചയില്ലാത്ത നിഷ്‌ഠകൾ കാണുമ്പോൾ, ഇവർ ജനിച്ചത്‌ മതത്തിനുവേണ്ടി മാത്രമാണോ എന്നു തോന്നിപ്പോകുന്നു. ജീവിതത്തെ പവിത്രീകരിക്കാൻ ഗുണപരമായ യാതൊന്നും ഇവർ മതത്തിൽനിന്ന്‌ ആർജ്ജിക്കുന്നില്ല. മതങ്ങളും, ആചാരങ്ങളും, ആരാധനാലയങ്ങളുമെല്ലാം ജീവിതത്തിനുവേണ്ടിയാണെന്നും ജീവിതം ഇവയ്‌ക്കൊന്നിനും വേണ്ടിയല്ലെന്നും ഇക്കൂട്ടർ എന്തേ മനസ്സിലാക്കുന്നില്ല? മാർഗ്ഗം ലക്ഷ്യമായി തെറ്റിദ്ധരിക്കപ്പെട്ട ഇവരുടെ ദൈവഭക്തി ചര്യകൾ കൊണ്ടവസാനിക്കുന്നു. മതനിഷ്‌ഠകളിലൂടെ വളരുന്ന രോഗത്തിന്‌ പരിഹാരമായി പൗരാണിക ഭാരതം നിർദ്ദേശിച്ചതും കുരീപ്പുഴ ചൂണ്ടിക്കാട്ടിയതുമായ ചാർവാകദർശനം കാണുവാൻ, ഇവരുടെ അകക്കണ്ണിനെ ബാധിച്ചിരിക്കുന്ന ആന്ധ്യം എന്നാണ്‌ മാറിക്കിട്ടുക?

ലോകം ധന്യമാകുന്നത്‌ മനുഷ്യസാന്നിദ്ധ്യം കൊണ്ടാണ്‌. മനുഷ്യസാന്നിദ്ധ്യമില്ലായിരുന്നുവെങ്കിൽ ഈ പ്രപഞ്ചത്തിൽ ഈശ്വരനുപോലും പ്രസക്തിയുണ്ടാകുമായിരുന്നില്ലല്ലോ. യഥാർത്ഥ ഈശ്വരസ്‌നേഹി മനുഷ്യസ്‌നേഹിയായിരിക്കണം. മതവിശ്വാസിയായിരിക്കുമ്പോൾ തന്നെ മതാതീതമായ മനുഷ്യത്വത്തെ ആദരിക്കാൻ കഴിയാതെ പോകുന്നത്‌ കർക്കശമായ മതനിഷ്‌ഠകൾ മൂലമാണ്‌. അതിനാൽ, വ്യതിരിക്തമായതെന്തും ഈശ്വരവിരുദ്ധവും അവയുടെ ധ്വംസനം സൽക്കർമ്മവുമാകുന്നു. ഈ ‘സൽക്കർമ്മ’ങ്ങൾ ഇടതടവില്ലാതെ അനുഷ്‌ഠിച്ച്‌ കഠിനമനസ്‌കരായിമാറി, ഈശ്വരന്റെ പേരിൽ ചെറുത്താന്മാരായ വർഗ്ഗത്തോട്‌ പുച്ഛമോ, സഹതാപമോ എന്താണ്‌ തോന്നുന്നത്‌?

ആരാണിവർ? നിരക്ഷരകുക്ഷികളോ, നിത്യാന്നത്തിന്‌ കൂലിപ്പണി ചെയ്യുന്നവരോ അല്ല. സാക്ഷരരും സമ്പന്നരും വേദശാസ്‌ത്രപാരംഗതരുമാണ്‌ മതതീവ്രവാദത്തിന്റെ വിഷവിത്തുകൾ ഈ മണ്ണിൽ വിതയ്‌ക്കുന്നത്‌. മതരാഷ്‌ട്രീയ സംഘർഷങ്ങളിൽ അനാഥമാകുന്ന കുടുംബങ്ങളോ, സമ്പന്നന്റെയും മതപണ്ഡിതന്റേതുമല്ല, സാധാരണക്കാരന്റേതാണ്‌. കാഷായ വസ്‌ത്രവും കുരിശുമാലയും നിസ്‌കാരത്തഴമ്പും മതാനുഷ്‌ഠാനങ്ങളും സത്യത്തെ മറച്ചുകൊണ്ടിരിക്കുന്ന മാന്ത്രികതയുളള മുഖാവരണങ്ങളാണ്‌. ‘ഹിരണ്മയേന പാത്രേണ സത്യസ്യാപിഹിതം മുഖം’ (ഈശാവാസ്യം) എന്ന്‌ ഉപനിഷത്തിൽ തന്നെ പറഞ്ഞിട്ടുണ്ടല്ലോ.

Generated from archived content: essay6_june.html Author: kozhisseri_ravindranath

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English