ഫെബ്രുവരി 19 ജോഗിയുടെ രക്തസാക്ഷിദിനമായിരുന്നു. സ്വതന്ത്രകേരളത്തിൽ ആദിവാസികളുടെ സമരഭൂമിയിൽ വെടിയേറ്റുമരിച്ച ആദ്യത്തെ ആദിവാസി!
സി.കെ.ജാനുവിന്റെ നേതൃത്വത്തിൽ 2001-ൽ നടന്ന ആദിവാസി സമരത്തിന്റെ സംഭാവനയാണ് ഇ.കെ.ആന്റണി മന്ത്രിസഭയുമായി ഉണ്ടാക്കിയ കരാർ. ഭൂമിയില്ലാത്ത ആദിവാസികുടുംബങ്ങൾക്ക് കൃഷിചെയ്യാൻ ഭൂമി കൊടുക്കണമെന്നും അവർക്ക് ആ ഭൂമിയിൽനിന്ന് ആദായം ലഭിക്കുംവരെ സാമ്പത്തികസഹായവും മറ്റും നല്‌കുമെന്നും ഉടമ്പടിയുണ്ടായി. സമരം പിൻവലിച്ചു. സമരപ്പന്തലിലേക്ക് അര ഡസൻ മന്ത്രിമാർ എത്തി. അവർ ആദിവാസികളോടൊപ്പം നൃത്തം ചെയ്‌തു. പിന്നെ 2002 ജനുവരി 1ന് ചന്ദനസുഗന്ധം കാറ്റിലൊഴുകുുന്ന മറയൂരിൽ ഭൂവിതരണ മഹാമഹം നടന്നു. അവിടെയും മുഖ്യമന്ത്രിയടക്കം നാലുമന്ത്രിമാരെത്തി. മുതുവാന്മാർ അണിയിച്ച തലപ്പാവണിഞ്ഞ്, തപ്പുകൊട്ടി അവർ ആടിപ്പാടി… നാമാശ്വസിച്ചു- ആവൂ! ആദിവാസി പ്രശ്‌നം പരിഹരിക്കപ്പെടുകയാണല്ലോ. പിന്നെ നാമറിഞ്ഞു-ഈ വാഗ്‌ദാനവും ജലരേഖയായിയെന്ന്. പരാതിപ്പെട്ട് ജാനുവും സംഘവും മുത്തങ്ങയിലെ വനഭൂമി കൈയേറി- അവർ സ്വയംഭരണം പ്രഖ്യാപിച്ചു. പിന്നെ ആ പോരാട്ടത്തിന്റെ പരിസമാപ്‌തിയിൽ നൂറുകണക്കിന് ആദിവാസികൾ അടിയേറ്റ് പിടഞ്ഞുവീണു. ജോഗി പോലീസിന്റെ വെടിയേറ്റു മരിച്ചു. ഇന്നും നൂറിലേറെ ആദിവാസികൾ കേസിൽ പ്രതികളാണ്. അരവയർ നിറയ്‌ക്കാനാവാത്ത ആ പാവങ്ങൾക്ക് കോടതിവരാന്തയിൽ നിന്നിറങ്ങാനാവുന്നില്ല. ‘ആതംഗവാദി’യെന്ന് മുദ്രകുത്തി പാവം ജോഗിയുടെ കുടുംബത്തിന് നൽകേണ്ടുന്ന സഹായവും നിഷേധിച്ചിരിക്കുന്നു. നെല്ലിയാമ്പതിയിലും ചെറ്റച്ചലും നടക്കുന്ന സമരം തുടരുന്നു. പക്ഷെ വയനാട്ടിലെ ആദിവാസികൾക്ക് ഇനിയും ഭൂമി കിട്ടിയിട്ടില്ല. തളർന്നുപോയ ഒരു സമരത്തിന്റെ ഓർമ്മകളുമായി അവർ കാത്തിരിക്കുകയാണ്.
ഇതുവരെ ആദിവാസികൾക്ക് നൽകിയത് അയ്യായിരത്തി ഒരുനൂറ് ഏക്കർ. അത് 3200 കുടുംബങ്ങൾക്ക്. ഈ നൽകിയതിൽ രണ്ടായിരത്തിൽപരം ഏക്കർ ഭൂമി ആദിവാസികളുടേതുതന്നെ. അടിമത്തത്തിൽനിന്ന് വിമോചിപ്പിക്കപ്പെട്ട ആദിവാസികളെ കുടിയിരുത്തിയ സുഗന്ധഗിരിപോലെ. (ആകെ 22000 കുടുംബങ്ങൾക്ക് ഭൂമി നൽകണം. അതിന് ഭൂമിയെവിടെ?) സുഗന്ധഗിരിയും മറ്റും നമ്മൾ-‘മുഖ്യധാര’ക്കാർ-കൈകാര്യം ചെയ്‌ത് സർവ്വനാശം വരുത്തിയതാണ്-സംശയമില്ല. പക്ഷേ അവ ആദിവാസികളുടെ കൂട്ടായ ഉടമസ്ഥതയിൽ നിലനിർത്തേണ്ടതായിരുന്നു. അവയെ “വെട്ടുക, മുറിക്കുക, പങ്കുവയ്‌ക്കുക”-(ഒ.എൻ.വിയോട് കടപ്പാട്) എന്ന മുദ്രാവാക്യമുയർത്തിയത് മറ്റാർക്കാണെങ്കിലും ആദിവാസിക്ക് ഗുണം ചെയ്യാനായിരുന്നില്ല. ഖജാനയ്‌ക്ക് ചെലവുണ്ടാവുന്ന സ്ഥാപനങ്ങളും അവയ്‌ക്കുളള സഹായങ്ങളും കൈയൊഴിയുകയെന്ന ആഗോളവത്‌കരണതന്ത്രം എത്ര വിദഗ്‌ദ്ധമായാണ് ഭരണകൂടം നടപ്പാക്കിയത്!
പലയിടത്തും ഭൂമി നല്‌കിയവരുടെ കഥ അതിലും കഷ്‌ടം. ഭൂമി ലഭിച്ച പലരും അത് ഉപേക്ഷിച്ചുപോയി. ചിലർ അത് ‘വന്നവാസികൾക്ക്’ പാട്ടത്തിന് കൊടുക്കുന്നു-ഈ ഭൂമിയിൽ ആദിവാസിചൂഷകരുടെ കഴുകൻകണ്ണുകൾ നോട്ടമിട്ടിരിക്കുകയാണ്. അല്ലെങ്കിൽതന്നെ ആനച്ചാലുകളും പാറമടകളും മറ്റും പതിവായിക്കിട്ടിയവർക്ക് ആഹാരവും വീടും സംരക്ഷവുമില്ലെങ്കിൽ പറിച്ചുനടപ്പെട്ട മണ്ണിൽ നിന്ന് മടങ്ങാതെ കഴിയുമോ? ആദിവാസി പുനരധിവാസം ഒരു ദൗത്യമായി കണക്കാക്കി ചടുലമായി പ്രവർത്തിക്കാൻ രൂപം നൽകപ്പെട്ട ‘പുനരധിവാസമിഷൻ’ -ഔദ്യോഗികയാസ്‌തിതകതയുമായി ഒരു വെളളാനപോലെ… ഒരു ശാപംപോലെ…
ചോരയും നീരും നൽകി വയനാട്ടിലെ അടിയനും, കാട്ടുനായ്‌ക്കനും, പണിയനും ഉണ്ടാക്കിയ ഉടമ്പടി കണ്ണീരല്ലാതെ എന്താണവർക്ക് നൽകിയത്?
നൂറ്റാണ്ടുകളായി നാം-‘മുഖ്യധാരക്കാർ’-നടത്തിയ ചതി ഒരിക്കൽകൂടി ആവർത്തിച്ചതിന്റെ ആഹ്ലാദമായിരുന്നുവോ തലപ്പാവണിഞ്ഞ് നൃത്തംചെയ്‌തവരുടെ മനസ്സിൽ?
ജോഗിയുടെ ബലിനാളിൽ ആരുമിതൊന്നും പറഞ്ഞില്ല. അത് സംഘടിപ്പിച്ചവർപോലും.
അവരും വഴിമാറി സഞ്ചരിക്കുകയാണ്.
Generated from archived content: essay1_may16.html Author: knk_nambuthiri