പാടത്ത് വിളവെടുപ്പ് നടക്കുകയാണ്. കറ്റപിടിക്കാൻ ചെല്ലേണ്ടിയിരുന്ന ചെറുമകൻ സാഹിത്യ അക്കാദമിയുടെ ചെറുകഥാ ശില്‌പശാലയിൽ പങ്കെടുക്കാൻ തലേന്നുതന്നെ സ്ഥലംവിട്ടിരിക്കുകയാണ്. അതുകൊണ്ട് സുഖമില്ലാതിരുന്നിട്ടും കാരണവർതന്നെ ആ ദൗത്യം ഏറ്റെടുക്കുകയായിരുന്നു.
മൂന്നുദിവസത്തെ ശില്‌പശാല കഴിഞ്ഞ് ചെറുമകൻ തിരിച്ചെത്തുമ്പോൾ മുറ്റത്ത് മെതിച്ചുകൂട്ടിയ നെല്ല് കാറ്റത്തിടുന്ന തിരക്കിലായിരുന്നു എല്ലാവരും. എത്ര കാറ്റത്തിട്ടിട്ടും പൂർണ്ണമായും പതിരു വേർപെടുന്നില്ലല്ലോ എന്ന് കാരണവർ പരിതപിക്കുന്നതു കേട്ടുകൊണ്ടാണ് പയ്യൻ പടികടന്നുവന്നത്.
“പച്ചയ്‌ക്കു പച്ച എത്രതന്നെ കാറ്റത്തിട്ടാലും പതിരു വിട്ടുപോകില്ല. മൂന്നാലുദിവസം വെയിലത്തിട്ട് നന്നായിട്ടൊന്നുണക്കിയശേഷം ഒന്നുകൂടി കാറ്റത്തിടണം. എന്നിട്ടുമതി പത്തായത്തിലേക്ക്.”
കാരണവർ എല്ലാവരോടുമായി അഭിപ്രായപ്പെട്ടു.
ഇതുതന്നെയല്ലേ മൂന്നുദിവസത്തെ ശില്‌പശാലയിലും മുഴങ്ങിക്കേട്ടതെന്നോർത്ത് പയ്യൻ വിസ്‌മയിച്ചുനില്‌ക്കെ കാരണവർ മറ്റൊരു നിർദ്ദേശം കൂടി പണിക്കാർക്കുനൽകി.
“പതിരെല്ലാം വാരിക്കൂട്ടി പാടത്തുകൊണ്ടിട്ടു കത്തിക്കണം. അടുത്ത വിളവിനത് ഗുണം ചെയ്യും.”
Generated from archived content: story11_sep2.html Author: kk_pallassana