ഇന്ത്യ- ഇതാ ഇവിടെവരെ

വളരെക്കാലം മുമ്പാണ്‌; രണ്ടു ചരിത്രപുരുഷൻമാർ കണ്ടുമുട്ടുന്നു. എച്ച്‌.ജി. വെൽസും ജോസഫ്‌ സ്‌റ്റാലിനും. ചരിത്രവിഖ്യാതമായ കൂടിക്കാഴ്‌ച. അന്ന്‌ സംഭാഷണത്തിനിടയിൽ വെൽസ്‌ ഒരു കാര്യം ഊന്നിപ്പറയുകയുണ്ടായി അത്‌ ഇവിടെ ഉദ്ധരിക്കാംഃ “ഒരു പദ്ധതി ഇല്ലാതെ നമുക്കൊരു വിപ്ലവം വരുത്തുക സാദ്ധ്യമല്ല. ആ പദ്ധതിയാവട്ടെ ഒരാദർശപ്രചാരണത്തിന്റെ പ്രകടിത രൂപമായിരിക്കണം.” ഇന്ത്യയുടെ വർത്തമാനകാല സാഹചര്യത്തിന്റെ ഭയാനകമായ അവസ്ഥയെക്കുറിച്ചു ചിന്തിക്കുമ്പോഴെല്ലാം വെൽസിന്റെ ഈ വാക്കുകൾ ഓർത്തുപോകുന്നു, വെറുതെ.

ഒരാദർശപ്രചാരണത്തിന്റെ പ്രകടിതരൂപം ധരിക്കുന്ന ഒരു പദ്ധതിയോ? അതിലൂടെ വിപ്ലവം വരുത്താമെന്നോ? എന്തൊരസംബന്ധം. ജനങ്ങളുടെ മുമ്പിൽ കപടനാടകം കളിക്കുന്ന ഭരണകൂടത്തിന്റെ ഡയലോഗുകൾ കേട്ട്‌ കാലം നടുങ്ങിനിൽക്കുന്നു. ബർണാഡ്‌ഷാ ഒരിക്കൽ പറയുകയുണ്ടായി; ഏതൊരു ഭരണകൂടവും ജനങ്ങൾക്കെതിരെയുളള ഒരു ഗൂഢാലോചനയാണ്‌.

യുഗങ്ങളുടെ സാംസ്‌കാരിക പൈതൃകം സമ്പാദിച്ച ഒരു രാഷ്‌ട്രത്തെ ഒരുതുണ്ടുഭൂമിയായി മാത്രം കാണുന്ന വീക്ഷണവൈകല്യമാണ്‌ ആധുനികഭാരതത്തിന്റെ മുഴുവൻ ദുരന്തത്തിനും കാരണം. ഇടിമുഴക്കം സൃഷ്‌ടിക്കുന്ന വാക്കുകളാൽ ഇന്ത്യയുടെ ആത്മാവിനെ പ്രകമ്പനം കൊളളിച്ച ഒരു മഹായോഗി ഇവിടെ ജീവിച്ചിരുന്നു. മഹർഷി അരവിന്ദൻ. രാഷ്‌ട്രത്തെ അദ്ദേഹം നിർവ്വചിച്ചതിങ്ങനെയാണ്‌. “എന്താണു രാഷ്‌ട്രം? മാതൃഭൂമി എന്നാലെന്ത്‌? അത്‌ ഒരു തുണ്ടുഭൂമിയല്ല. ഒരു രൂപകാലങ്കാരമല്ല അത്‌. ഒരു കെട്ടുകഥയുമല്ല. അതൊരു അജയ്യശക്തിയാണ്‌.” കൊളോണിയൽ പാരമ്പര്യത്തിന്റെ കൊടിയുമേന്തി ആഗോളവത്‌കരണത്തിന്റെ വാണിഭത്തെരുവു തേടുന്ന നവഭാരത മാനവനാവശ്യം ഋഷികവി അരവിന്ദനെയല്ലല്ലോ.

ഈയിടെ കാണാൻ കഴിഞ്ഞ ചില ഉത്തരേന്ത്യൻ സ്‌കെച്ചുകളിലൂടെ കണ്ണോടിച്ചപ്പോൾ ഞാൻ മനസ്സിലാക്കിയ പുതിയ ഇന്ത്യയുടെ ചിത്രം ഇതാണ്‌. ആണും പെണ്ണും കെട്ടതാകാൻവേണ്ടി ഹിജഡകളുടെ ക്യാമ്പുതേടി പോകുന്ന നാണംകെട്ടവരുടെ ഇന്ത്യ. മുറിച്ചെടുത്ത ലിംഗവുമായി തുളളിയുറയുന്ന ‘ഗുരുവര്യന്മാ’രുടെ ഇന്ത്യ. ‘ഗുരു’വിനുചുറ്റും വാദ്യമേളങ്ങളുമായി ആടിത്തിമിർക്കുന്ന നപുംസകങ്ങളുടെ ഇന്ത്യ. ആൺവേശ്യകളുടെ ഇന്ത്യ. ഇന്ത്യ-ഇതാ ഇവിടെ വരെ.

നൂറ്റിയിരുപത്തിയഞ്ചുവർഷം ജീവിച്ചിരിക്കണമെന്ന്‌ ആഗ്രഹിച്ചിരുന്ന മഹാത്മജിയുടെ ചില വാക്കുകൾ എഴുതി ഈ കുറിപ്പ്‌ അവസാനിപ്പിക്കാം. അവസാനനാളുകളിലെ പ്രാർത്ഥനായോഗങ്ങളിലൊന്നിലാണ്‌ അദ്ദേഹമിങ്ങനെ പറഞ്ഞത്‌. “എനിക്കു ജീവിക്കുവാൻ ഒട്ടും ആഗ്രഹമില്ല. ചുറ്റും കാപട്യം മാത്രമേ കാണുന്നുളളൂ. ആരും എനിക്കു ചെവിതരുന്നില്ല. ശൂന്യതയിലിരുന്നു കരയുകയാണു ഞാൻ. ഭ്രാന്തും അർത്ഥശൂന്യമായ പാശ്ചാത്യാനുകരണവും മാത്രമാണെങ്ങും.”

Generated from archived content: essay1_june20_08.html Author: kidangara_sreevalsam

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here