കാലം ഓടിപ്പോകുന്നുവല്ലോ…

ഉണ്മയുടെ ഈ വർഷത്തെ ഓണപ്പതിപ്പിന്റെ ചോരപുരണ്ട മുഖത്ത്‌ തെളിഞ്ഞുകണ്ട ഈ വാക്യം, കടന്നുപോയ ഒരായിരം ദുഃഖസാന്ദ്രമായ സന്ധ്യകളുടെ ഓർമ്മ ഉണർത്തുന്നു. സന്ധ്യകൾ കാലത്തിന്റെ കവാടങ്ങളെന്നു പറഞ്ഞതാരാണ്‌? ഖലീൽ ജിബ്രാനോ, ജിദ്ദു കൃഷ്ണമൂർത്തിയോ, ബഷീറോ…? ഓർമ്മയില്ല. എല്ലാം കവർന്നെടുത്തു കടന്നുപോകുന്ന ഓടിപ്പോകുന്ന കാലത്തിന്‌ ഒരു മനുഷ്യന്റെ ഓർമ്മകൾ എത്ര നിസ്സാരം! കാലത്തെ അളക്കാനും അറിയാനുമുള്ള ഒരു കാലമാപിനി ഏതു ശാസ്ര്തത്തിന്റെ കൈവശമുണ്ട്‌? ലോകാരംഭം മുതൽ ഇന്നലെവരെയുള്ള അനന്തദീർഘവും അനാദിയുമായ കാലത്തിന്റെ പ്രയാണേതിഹാസം സ്ഥാപിക്കാൻ മറ്റൊരു കൃഷ്ണദ്വൈപായനൻ അവതരിച്ചേക്കാം. അതുവരെ കാലമെന്ന ദുരൂഹമായ ഉണ്മയുടെ മുമ്പിൽ ഭയസംഭ്രമങ്ങളോടെ…

‘കാലം ഓടിപ്പോകുന്നുവല്ലോ…’ മുഖവാക്യം പിന്നെയും മനസിന്റെ താളിൽ തെളിയുന്നു. കാലത്തിന്‌ ഓടാതെ വയ്യ. അതത്രേ കാലത്തിന്റെ നിയോഗം. കാലത്തിന്റെ ഓരോ കർമ്മവും സർവ്വസംഹാരാത്മകം. ‘കാലാഹിനാപരിഗ്രസ്തമാം ലോകം…“ എന്ന്‌ എഴുത്തച്ഛൻ. ഞാൻ നടക്കുകയാണ്‌, കാലമെന്ന പ്രവാഹിനിയുടെ തീരത്തിലൂടെ. ഇടയ്‌ക്കെപ്പോഴെങ്കിലും എനിക്ക്‌ മടങ്ങേണ്ടതുണ്ട്‌. എന്റെ കാൽച്ചുവട്ടിലെ മുക്കുറ്റിപ്പൂവിന്റെ കുഞ്ഞുദളങ്ങളിലേക്ക്‌… ഒന്നു കണ്ണുപൂട്ടാൻ…

Generated from archived content: eassy1_dec11_07.html Author: kidangara_sreevalsam

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here